സ്വപ്നത്തിന്‍റെ ഒടുക്കം

Tuesday, November 24, 2015 14 comments

സ്വപ്നത്തിന്‍റെ ഒടുക്കം,
കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ
വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം..
മരവിച്ച  കൈയ്യില്‍ ചുരുട്ടിപ്പിടിച്ച
രണ്ടുവരി കവിത, കടല്‍പ്പാടങ്ങളില്‍
അലയുന്ന ആല്‍ബട്രോസുകളെക്കുറിച്ചാവണം..
കിടന്നകിടപ്പില്‍  ഇരുട്ടിനോട്‌ കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..
കൂട്ടുവെട്ടി മുന്‍പേ പറന്ന ഹൃദയത്തോട്,
കട്ടെടുത്ത് കൊതിച്ചുതീര്‍ത്ത സ്വപ്നത്തിന്‍റെ ഒടുക്കം
ഒന്നും പറയാതെ പോകണം..
 _______________________________________( പ്രിയദര്‍ശിനി പ്രിയ )

ഊയലാട്ടം

Thursday, November 12, 2015 10 comments


നടപ്പാതയ്ക്കിരുവശവും പൂത്തുനില്‍ക്കുന്ന
കല്യാണിപ്പൂക്കളോടും വെറുപ്പാണെനിക്ക്,
കണ്ടുമടുത്ത കാഴ്ചകളില്‍ കണ്ണീര്‍ പടര്‍ത്തി
കൂര്‍ത്ത നിഴലാട്ടങ്ങള്‍ കുറിച്ച്..
കാലം അപൂര്‍ണ്ണമാക്കിയ കാല്‍വിരല്‍ ചിത്രങ്ങളില്‍
നിയതപൂര്‍ണ്ണിമയുടെ പുതുമകള്‍ തേടി..

മൌനം ചിറകൊടിഞ്ഞ പറവയായി,
കൂരിരുള്‍ ഞെരുക്കങ്ങളില്‍ നോവ്‌ കനത്തു..
നീറിയെരിഞ്ഞ കനവുകള്‍ ബാക്കിവെച്ച്
പറന്നുയരാന്‍ കൊതിച്ചൊരു പ്രാണന്‍,
ഉയിരിന്‍റെ നനവൊട്ടും മായ്ക്കാതെ
നീട്ടി നിലവിളിച്ച് തീവിരലുകളില്‍ അഭയംതേടി..

അരിയ വള്ളിപ്പടര്‍പ്പില്‍ കലമ്പുന്ന കോമരക്കൂട്ടങ്ങള്‍,
വിശ്രമം തേടിയലഞ്ഞ മിഴിക്കോണില്‍ പൂവിട്ട
പൊയ്മുഖങ്ങള്‍, ചോരവാര്‍ന്ന ചിരിക്കോണുകള്‍..
നീ കൈവിട്ടുപോയ എന്‍റെ പ്രാണന്‍,
പൊഴിഞ്ഞൊഴിഞ്ഞ ചില്ലകള്‍ക്കും കാറ്റുവീണ
മണല്‍പ്പരപ്പിനുമിടയില്‍ പതിയെ ഊയലാടി..

_________________________________________( പ്രിയദര്‍ശിനി പ്രിയ)

നിശബ്ദത

Sunday, March 1, 2015 10 comments


ഞാന്‍ നിശബ്ദയാവാന്‍ കൊതിക്കുന്ന പറവയാണ്..!!
ചില്ലകളില്‍ ഇലകള്‍ ഉരയുമ്പോഴും
ഭീതിദമായ മടുപ്പിനെ ചിറകാഴങ്ങളില്‍ ഒളിപ്പിച്ച്
ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു...
കാനനത്തിന്‍റെ വന്യകാഴ്ചകളെ നീര്‍പ്പാടകള്‍ക്കുള്ളില്‍
ഞെരിച്ച് സ്വയമേ ഗുഹാന്ധതയില്‍ അലയുന്നു...

ഇന്നലേയും ഇന്നും ഈ കനല്‍പ്പാളികള്‍
തട്ടി നോവുന്ന ചിറകടികളിലും
ഞാന്‍ പിന്നേയും കൊതിക്കുന്നു..,
മഞ്ഞിലലിയുന്ന ഉടലായ് എന്നന്നേക്കുമായ്
ഈ കാറ്റിനൊപ്പം നിശബ്ദയാവാന്‍.........

_________________________________(പ്രിയദര്‍ശിനി പ്രിയ) 

അറ്റമില്ലാതെ...

Wednesday, May 14, 2014 9 comments
കാഴ്ച ;
    അവസാനിക്കാതെ സുദീര്‍ഘമായൊരു യാത്രയിലാണ്..
    നിറംമങ്ങുന്ന ഓര്‍മ്മകളില്‍ തുടങ്ങി
    കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ക്കപ്പുറം
    കുഴല്‍ക്കിണറിന്‍റെ കറുത്തപൊട്ടിലൂടെ.....

ഭാര്യ ;
    എന്‍റെ സാധ്യതകളെ കണ്ടെത്തിത്തുടങ്ങിയത്
    നിന്‍റെ നിശബ്ദതയിലായിരുന്നു..;
    ഓരോ വേഴ്ചയും എനിക്ക് നിന്നോടുള്ള കുമ്പസാരമായിരുന്നു..!

വെളുപ്പ്‌;
    പാതിരിയുടെ ശുഭ്രവസ്ത്രത്തിനുള്ളില്‍
    അശാന്തിയുടെ കടല്‍ അലയൊടുങ്ങുന്നില്ല..
    അവ കീറിയെറിയുന്നതോടെ
    അറ്റം നിര്‍ണ്ണയിക്കാനാകാത്ത
    ഒരു മരുഭൂമി രൂപപ്പെടുകയായി..

പ്രണയം ;
    എന്‍റെ പ്രണയം മഞ്ഞിലൊളിച്ചിരിക്കുകയാണ്..
    വിറങ്ങലിച്ച് അതെന്നെത്തന്നെ തേടുകയാണ്...

____________________________________________(പ്രിയദര്‍ശിനി പ്രിയ)

ഒടുവിലായ്....

Sunday, December 29, 2013 9 comments




ഒടുവിലായ് ഞാനെന്‍റെ പ്രാണന്‍ പറിച്ചങ്ങു ദൂരെക്കെറിഞ്ഞു സ്വയം വിലപിച്ചിടും...

നഷ്ടത്തിന്നാഴങ്ങളില്‍ നിന്‍ഉള്‍ക്കരുത്താം മുഖചിത്രത്തെ പിന്നെയും ഓര്‍ത്തെടുത്തെന്‍റെ ഓര്‍മ്മകളെ മെല്ലെ കരയിച്ചിടും..

മറക്കില്ലെന്നാലും മരിച്ചിട്ടില്ലെന്നോര്‍മ്മിപ്പിച്ചിതാ എന്‍റെ തോണിയും പയ്യെ കരയ്ക്കടുപ്പിക്കുന്നു....

മറക്കില്ലെന്നാലും മരിച്ചിട്ടില്ലെന്നോര്‍മ്മിപ്പിച്ചിതാ എന്‍റെ തോണിയും പയ്യെ കരയ്ക്കടുപ്പിക്കുന്നു....


ഇനിയൊരു പ്രഭാതമുണ്ടെങ്കിലോ ഞാനിതിന്‍ ഒടുവിലായ് കുറിച്ചിടും എന്‍റെ സ്നേഹമെത്രമേല്‍ നിര്‍മ്മലമെന്ന്‍....

ഇനിയൊരു പ്രഭാതമുണ്ടെങ്കിലോ ഞാനിതിന്‍ ഒടുവിലായ് കുറിച്ചിടും എന്‍റെ സ്നേഹമെത്രമേല്‍ നിര്‍മ്മലമെന്ന്‍....
_______________________________________ (പ്രിയദര്‍ശിനി പ്രിയ)

ചില നോട്ടങ്ങള്‍

Friday, December 27, 2013 12 comments


ആദ്യത്തെ ട്രെയിന്‍ക്കാഴ്ചയില്‍...
ചില നോട്ടങ്ങള്‍..,
തുറന്നുവെച്ച ബജ്ജിയിലും
വാടനാറുന്ന ഉത്തരേന്ത്യന്‍ പുതപ്പിലും..

പിന്നെ ഗോതമ്പുനാട്ടുകാരിയുടെ
ചുവന്നമൂക്കുത്തിയിലും വെളുത്തകാല്‍വണ്ണകളിലും..


തൊട്ടുനിന്ന അന്ധന്‍റെ കൈകളിലെ കാരുണ്യാടിക്കറ്റിലും
തോള്‍സഞ്ചിക്കാരന്‍റെ തടിച്ചപോക്കറ്റിലും..

മുമ്പിലെ കറുത്തപ്പെണ്ണിന്‍റെ ചുവന്നസിന്ദൂരത്തിലും 
കണ്ണടക്കാരന്‍റെ കനത്തപുസ്തകക്കെട്ടിലെ
ആല്‍ക്കെമിയുടെ രസതന്ത്രത്തിലും....


ഒടുവിലായ് നാടോടിപ്പെണ്ണിന്‍റെ
മാറിലും മടിത്തട്ടിലും തൊട്ട് എന്നിലേയ്ക്ക്..

രണ്ടടിയകലത്തില്‍ വാതില്‍പ്പടിയോരത്തെ
കണ്ണാടിയില്‍ മുടികോതിയൊതുക്കി പ്ലാറ്റ്ഫോം

വിട്ടിറങ്ങുമ്പോള്‍ പുറംതിരിഞ്ഞൊരു 
പുഞ്ചിരിയില്‍ത്തീരുന്ന മഞ്ഞച്ചനോട്ടങ്ങള്‍....!!
 

____________________________(പ്രിയദര്‍ശിനി പ്രിയ)

ഒരേട്‌

Tuesday, October 22, 2013 16 comments


കരിനീലം പടര്‍ന്ന ശൂന്യവിഹായസ്സ്..
കീഴെ തണുത്തുറഞ്ഞ പൂവില്‍
തെളിനീര്‍ വറ്റിയ മിഴികള്‍....
നിഗൂഢമായ് പുഞ്ചിരിച്ച് നിത്യനിദ്രയിലും
അധരകാവ്യം രചിച്ച കാല്‍പനികത..
എന്‍റെ നെയ്തെടുത്ത ഓര്‍മ്മയില്‍,
നിന്‍റെ  മൌനപ്രയാണത്തില്‍
ഞാന്‍ കയ്യൊപ്പ് ചാര്‍ത്താതെപോയ
നൊമ്പരത്തിന്‍റെ  ഒരേട്‌.....

പാകമാവാത്ത പ്രണയവും
പുത്തനരിയിലെ  കല്ലും
ഊണിന് യോഗ്യമല്ലെന്നുപറഞ്ഞവള്‍
കണ്ണിറുക്കിച്ചിരിച്ചു..
എന്‍റെ വിയര്‍പ്പുമണികള്‍ പൊടിഞ്ഞ
നാസികതുമ്പിന് അന്നൊരു
പൊയ്ക്കാല്‍ക്കുതിരയുടെ ശൌര്യമായിരുന്നു...
മുഷിഞ്ഞകോളര്‍ വലിച്ചിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
ഓര്‍മ്മയില്‍ മറഞ്ഞത് അവളുടെ മാറില്‍
എന്‍റെ കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

ദാമ്പത്യത്തില്‍ പങ്കാളിയുടെ പണത്തിന്
മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്നുപറയുമ്പോള്‍
അവള്‍ ഓര്‍ത്തിരിക്കില്ല രതിയ്ക്ക്
ചീഞ്ഞനോട്ടിന്‍റെ വിനിമയസാധ്യതയാണെന്ന്...
മച്ചിയെന്ന വിളിപ്പേര്‍ കേട്ടിട്ടും
മാന്യതയാല്‍ നീ  മറച്ചുപിടിച്ചൊരുവാക്ക്...
ആരും അറിയാതെപോയ,

നാമൊരുമിച്ചു കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

എല്ലാറ്റിനുമപ്പുറം എത്ര ശ്രമിച്ചിട്ടും
എഴുതിച്ചേര്‍ക്കാനാവാതെപോയത്‌..
നമുക്കിടയിലെ പ്രണയത്തിനും 

മരണത്തിനുമിടയ്ക്കുള്ള  ശൂന്യവേള..
ഗൂഢമായ ഒരാനന്ദമായി ഞാനാസ്വദിച്ച
എന്‍റെ ജീവിതമെന്ന ഒരേട്‌....
_______________________________________

എഴുതപ്പെട്ട ചില മനോചിത്രങ്ങള്‍......

Tuesday, September 10, 2013 16 comments



അനിയന്ത്രിതമായ ചില വേലിയേറ്റങ്ങള്‍ ഹൃദയത്തെ മാത്രമല്ല ശരീരത്തെയും ഭരിക്കുന്നു.... കടന്നുകയറ്റത്തില്‍ കുറയാത്തതെന്തും സ്വീകരിക്കാം... തീവ്രമായ ഇഷ്ടങ്ങളെ അംഗീകരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വിജയമാണ്... ലോകം മുഴുവന്‍ എതിരുനിന്നാലും യുക്തിസഹമായ ന്യായീകരണങ്ങള്‍ നിരത്താതെതന്നെ  മുന്നോട്ടുപോവാം... കഠിനമായ അനുഭവപാതകളും യഥാര്‍ത്ഥപ്രണയത്തിന്‍റെ പരിശുദ്ധിയും വഴിനയിക്കും... ഒരിക്കലെങ്കിലും കനല്‍വഴിയില്‍ പതറിയാല്‍  പാദങ്ങള്‍ ഇടറിയാല്‍ നഷ്ടങ്ങള്‍ എനിക്കുനീയും  നിനക്ക് ഞാനുമെന്നപോലെ... അയഥാര്‍ത്ഥമായ ചുറ്റുപാടുകളെ നിരാകരിച്ചുകൊണ്ട്‌ വിശ്വാസ്യതയുടെ തെളിമയില്‍ പടുത്തുയര്‍ത്തുന്ന സൗധങ്ങള്‍ക്ക് പൈതൃകവും സംസ്കൃതിയും അവകാശപ്പെടാന്‍ കഴിയും... ആഗ്രയിലെ താജ്മഹല്‍ പോലെ ശുഭ്രവസ്ത്രമണിഞ്ഞ പെണ്‍കൊടിയായി കാലം നമ്മെ എക്കാലവും വരവേല്‍ക്കും.....
 

ചില കാഴ്ചപ്പാടുകള്‍ അങ്ങിനെയൊക്കെയാണ്.....
നഷ്ടപ്പെടുമെന്ന തോന്നല്‍ ഉടലെടുക്കുമ്പോള്‍ തുടങ്ങും അതു നിലനിര്‍ത്താനുള്ള പരക്കംപാച്ചില്‍... ഇവിടെ സ്വയം ചുരുങ്ങിച്ചെറുതാവുകയല്ല പകരം സ്നേഹത്തിനുമുന്‍പില്‍ വലുപ്പചെറുപ്പങ്ങള്‍ ഇല്ലാതാവുകയാണ്....
 

ചിലപ്പോഴെങ്കിലും ഞാനെന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു... എന്‍റെ സ്നേഹം എന്‍റെ പ്രണയം എന്‍റെ വേദന എന്‍റെ നഷ്ടങ്ങള്‍  അങ്ങിനെയങ്ങിനെ... നിന്നെയിത് ഒരിക്കലെങ്കിലും അലോസരപ്പെടുത്തിയിരിക്കാം അല്ലെങ്കില്‍ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ടാവാം...... എന്നിട്ടും എല്ലാം ക്ഷമയോടെ ഉള്‍ക്കൊള്ളുന്ന നിന്‍റെ മനസ്സ്; ഇന്നിപ്പോള്‍ എന്തിലും വലുതായി ഞാനതിനെ സ്നേഹിക്കുന്നു... !!
 

നിന്നെക്കുറിച്ച് ; എന്നെന്നും ഓര്‍മ്മപ്പെടുത്തുന്ന അവര്‍ണ്ണനീയമുഹൂര്‍ത്തങ്ങള്‍... ഞാനെന്ന പെണ്ണിനെ നേര്‍കണ്ണാടിയില്‍ ജീവസ്സോടെ വരച്ചുചേര്‍ത്ത വൈഭവം... എന്നിലെ സ്ത്രൈണതയെ തിരിച്ചറിയാതെ പോവുന്നിടത്ത് ഒരുപക്ഷെ നഷ്ടപ്പെട്ടേയ്ക്കാവുന്ന വ്യക്തിപ്രഭാവം തിരിച്ചറിഞ്ഞ് തികച്ചും സാധാരണവും എന്നാല്‍ അവിസ്മരണീയവുമായി ഒരു മാജിക്കല്‍ ടച്ച്‌ നടത്തിയ നിന്‍റെ സര്‍ഗ്ഗപരത...!! നാട്യങ്ങളും നാടകീയതയും ഉപേക്ഷിച്ച് പരസ്യമായൊരു കൂടിച്ചേരലില്‍ തകര്‍ത്തെറിയപ്പെട്ട പുരാതനസൈദ്ധാന്തികഅടിത്തറകള്‍.... ബോധവും ആചാരങ്ങളും കെട്ടുപിണയാതെ എന്നെ ഞാനായി നോക്കികാണാന്‍ പഠിപ്പിച്ച ഗുരുതുല്യന്‍..........
 

വാക്കുകള്‍ക്ക് മൂര്‍ച്ചകൂട്ടുമ്പോഴും സ്വപ്‌നങ്ങള്‍ വ്രണപ്പെടാതെ നോക്കണം... നിന്നെയൊരിക്കല്‍ നഷ്ടപ്പെട്ടാല്‍പോലും അതിന്‍റെ ആഴം അറിയിക്കാതെ പ്രതീക്ഷകളുടെ ചപ്പിലകളും ചില്ലകളും നിരത്തിവെച്ച് സ്വയമൊരു വാരിക്കുഴി തീര്‍ക്കണം... മുന്‍കരുതലുകള്‍ അപ്രസക്തമെങ്കിലും അനിവാര്യമായ ദുരന്തത്തെ നേരിടാന്‍ അത് പര്യാപ്തമാണ്.... ഭയപ്പെടുത്തുന്ന നിഴലുകള്‍ക്കുമുന്‍പില്‍ നിസ്സഹായയായ കുട്ടിയെപ്പോലെ സ്വയം വിലപിക്കാനാവുന്നില്ല....
 

പ്രണയം ; നിര്‍വചനങ്ങള്‍ക്കതീതം...
ലാളിത്യത്തിന്‍റെ ഭാഷയില്‍ വശ്യതയും വ്യത്യസ്തതയും പുലര്‍ത്തുന്ന നവ്യാനുഭവം...
നിസ്സാരമെന്നു തോന്നിയാലും ജീവനോളം വിലപ്പെട്ടത്.... പുനര്‍ചിന്തനത്തിന് അവസരം നല്‍കാതെ കെട്ടിവരിയുന്ന ശാസ്ത്രസമസ്യ...!!
 

ഇതിവിടെ നിര്‍ത്താം എന്ന് മനസ്സ് പറയുന്നു... ഇത്തരം ഭ്രാന്തന്‍ചിന്തകളെ , ആകുലതകളെ താല്‍കാലികമായി മാറ്റിനിര്‍ത്തി മറ്റൊരിക്കല്‍ മൌനത്തിന്‍റെ ലിപിയില്‍ ഞാനൊരു കഥയെഴുതാം..... ആരെക്കുറിച്ചെന്ന് എന്നോട് ചോദിക്കരുത് അത് രഹസ്യമാണ്....!!
________________________________________________________________

തമോഗര്‍ത്തം

Wednesday, September 4, 2013 3 comments
ചിലസമയം 
അകംനിറഞ്ഞൊരു ശൂന്യത പുറത്തേയ്ക്കൊഴുകുന്നു.. 
ചുറ്റുപാടുകളെ നിഷ്പ്രഭമാക്കി 
അവ ഉടലില്‍ കൂടുക്കൂട്ടി 
പരസ്പരം പൊട്ടിച്ചിരിച്ചു... 
തളര്‍ത്തിയിട്ട ഞരമ്പുകളില്‍ 
കാഴ്ച്ചയും ശബ്ദവും 
ചിന്നിച്ചിതറി അലയൊടുങ്ങുന്നതും 
വിദൂരതയില്‍ കാക്കപൊന്നിന്‍റെ വെട്ടത്തില്‍ കിനാവുകാണുന്നതും 
ഒരിക്കലെന്നോ തിരിച്ചറിഞ്ഞു..
പിന്നീടേതോ ഉള്‍വലിഞ്ഞ 
തമോഗര്‍ത്തംകണക്കെ 
സ്വയം ചുരുങ്ങിച്ചെറുതായി.. 
ഒരു പൊട്ടും കടുകുമണിയും കടന്ന് 
ഒരു കണത്തോളം.... 
എങ്കിലും അകമേ ഒളിപ്പിച്ച പ്രകാശം 
അപ്പോഴും ശൂന്യതയിലെന്തോ പരതി... !!
________________________________________________________________

അസ്തമയം

Tuesday, August 27, 2013 6 comments
പകര്‍ത്താന്‍ കാന്‍വാസുകളില്ലാതാവുമ്പോള്‍ നിറങ്ങളെന്തിന്..??
ഒരിക്കലും മാറ്റമില്ലാത്തതായി എന്തുണ്ട്..?
ഉത്തരങ്ങള്‍ പറയാതെ അറിയില്ല ;
ഞാനും എന്‍റെ ജീവിതവും മരണക്കിടക്കയില്‍ അത്യാസന്നനിലയിലാണ്...
പൂക്കള്‍ക്കുപകരം പ്രതീക്ഷിക്കുന്നത് ഡാര്‍ക്ക്‌ചോക്ലേറ്റുകളാണ്...!!
മധുരത്തില്‍ പൊതിഞ്ഞ കയ്പ്പ് ; സമരസപ്പെട്ടെന്‍റെ സ്വപ്നങ്ങളും ജീവിതവും..
വഴിക്കണ്ണുകളില്ലെങ്കില്‍ ഔപചാരികതയൊഴിവാക്കാം... ;
ഒരിറ്റുകണ്ണുനീര്‍പോലും പൊഴിയ്ക്കാതെ വിടപറയാം....!!


____________________________________________________

സ്വപ്നവസന്തം

Monday, July 1, 2013 57 comments













ഏറെ എഴുതിയില്ല ,
വെറുതെ കോറിയിട്ട വരകള്‍ക്കിടയിലും
നീ പൂരിപ്പിച്ചിരുന്നു.....

അക്ഷരങ്ങള്‍ക്കിടയില്‍ അക്ഷരങ്ങള്‍ തിരയുമ്പോള്‍
അലസമായ്‌ ചിതറിയ മഷിത്തുള്ളികള്‍ക്ക്
അഴലിന്‍റെ മണമുണ്ടായിരുന്നു.....

അടച്ചുപിടിച്ചിട്ടും മറഞ്ഞിരുന്നിട്ടും
എന്നിലേക്ക് തുറന്ന നിന്‍റെ കാഴ്ചയില്‍
എന്‍റെ കടംകഥയ്ക്കുള്ള ഉത്തരമുണ്ടായിരുന്നു...

ഏറെയോര്‍ത്തില്ല കണ്ണുകള്‍ ഇറുക്കെപ്പൂട്ടി,
ഒരിക്കല്‍  കാണാതെപോയതെല്ലാം

അങ്ങിനെത്തന്നെയിരിക്കട്ടെ.....
______________________________________________

എന്‍റെ പ്രിയപ്പെട്ടവന്.......!!

Sunday, June 9, 2013 13 comments



 

പ്രണയത്തിനുചിറകുമുളച്ചിരുന്നെങ്കില്‍
അവന്‍റെയടുത്തെത്താമായിരുന്നു......
 

അവന്‍റെയോരോ ശിഖരങ്ങളിലും
ചെമ്പനീര്‍നിറച്ചെന്‍റെയോര്‍മ്മകളെ
ഉണര്‍ത്താമായിരുന്നു.....
 

നിന്‍റെദലങ്ങളില്‍ വീണുടഞ്ഞൊരു
മഞ്ഞുതുള്ളിയായി എന്നുമാ
കനല്‍ച്ചെപ്പിലലിയാമായിരുന്നു....
 

മഞ്ഞുപുതപ്പുനീക്കി മേലങ്കിയഴിച്ച്
നിന്നെയെന്‍റെ ഹൃദയത്തോട്
ചേര്‍ത്തുനിര്‍ത്താമായിരുന്നു....
 

എന്‍റെ സ്വപ്നങ്ങള്‍ക്ക് രൂപവും
വേഗവുമുണ്ടായിരുന്നെങ്കില്‍
കാക്കത്തൊള്ളായിരം പ്രകാശവര്‍ഷങ്ങള്‍
കീഴടക്കി ഞാനെന്നേ നിന്‍റെയടുത്തെത്തിയേന്നെ....
__________________________________________


മഴപ്പാതി.....

3 comments


                    

ആകാശച്ചെരുവിലൊരുകോണില്‍
ഭ്രാന്തിയാമൊരുപക്ഷിതന്‍ തേങ്ങല്‍
മഴനാമ്പുകളുണങ്ങിയ ചില്ലയില്‍
മറയാതെ പെയ്തൊരുനൊമ്പരം
തീച്ചിറകുകള്‍ തീര്‍ക്കാന്‍
മതിയാവില്ലിനി ജന്മം...
പലനാള്‍ പതിഞ്ഞുകരഞ്ഞിട്ടും
പലവുരുപെയ്തുതളര്‍ന്നിട്ടും
മൌനം നെയ്തൊരു കൂട്ടില്‍
പാവമതിന്‍ പാതിയുമാരോ
പകുത്തെടുത്തുപോയ്‌............!

പാവമതിന്‍ പാതിയുമാരോ
പകുത്തെടുത്തുപോയ്‌...........!!

*****************************




അതു നീ കരുതുന്ന ഞാനല്ല......!!

Tuesday, April 23, 2013 25 comments




നഷ്ടങ്ങളുണ്ടാവും...!!
എനിക്കുനീയും നിനക്കുഞാനുമെന്നപോലെ
നഷ്ടങ്ങള്‍ക്ക് മുകളില്‍ കയറിനിന്ന്‌
നേട്ടത്തിന്‍റെ ഉറി കയ്യെത്തിപ്പിടിക്കണം
നഷ്ടങ്ങള്‍ വലുതെങ്കില്‍ ഉറിയിറങ്ങി വരും
ഒരു കൈയകലത്തില്‍ ഒരു വിരല്‍പ്പാടകലെ
പിന്നെ വെറുതെയൊന്ന് തൊട്ടാല്‍ മതി..
എങ്കിലും നാമെന്തിനു വെറുതെ...,,
നാമറിയാതെ നഷ്ടപ്പെടുന്നു.....!!

ഉത്തരം താങ്ങാത്ത ചോദ്യങ്ങള്‍.. 

വീണുപോയ വിശദീകരണങ്ങള്‍.. 
എന്‍റെ പകച്ച കണ്ണുകള്‍ പിന്നെയും ബാക്കിയായി...!!
പ്രണയമുണ്ട്.. എന്നില്‍ കവിതയുണ്ട്..
കവിതയില്‍ കുറുകുന്ന വരികളില്‍
നോവിന്‍റെ നനവുണ്ട്... 

പിന്നെവിടെയോ ഞാനുമുണ്ട്...!!
എങ്കിലും അതു നീ കരുതുന്ന ഞാനല്ല....!!

_________________________________________

തിരയും താളവും ഗതിയും

Wednesday, April 17, 2013 20 comments

താളം

താളം പിഴയ്ക്കാതിരിക്കാന്‍
താങ്ങിയ കൈകളില്‍
വിലങ്ങുതീര്‍ത്തത്
കാലത്തിന്‍റെ
പിഴയ്ക്കാത്ത താളം..

തിരകള്‍

തിരകള്‍ക്കുതുള്ളാന്‍
ഇടമില്ലെന്ന്...
ഞാനെന്‍റെ മനസ്സ് നീട്ടിയപ്പോള്‍
നീ ചോദിച്ചത്
എന്‍റെ കണ്ണുകളായിരുന്നു..

ഗതി

പിന്നിക്കീറിയ ചെരുപ്പുകള്‍ക്ക് തുളയിടുമ്പോള്‍
ഒന്നും ഒന്നും രണ്ടെന്നുറക്കെ കേട്ടു....
ചുരുട്ടിയ കടലാസുകഷ്ണങ്ങള്‍
പോക്കറ്റിലേക്കിട്ടുതിരിയുമ്പോള്‍
അടുക്കളപ്പുറത്തു കലമ്പുന്ന ചട്ടികള്‍....
പാതവക്കിലെ കൂര്‍ത്തകല്ലിന്
അന്നത്ര മാര്‍ദവം ഉണ്ടായിരുന്നില്ല......
കത്തുന്ന കിരണങ്ങള്‍ക്കുകീഴെ......
എപ്പോഴോ ഞാനും നിഴലുമായ്‌
താദാത്മ്യം പ്രാപിച്ചിരുന്നു....
പിന്നെയെപ്പോഴോ ഗതികെട്ടവന്‍റെ ചിത്രം
ചരമകോളത്തില്‍ അജ്ഞാതമായി.....

 


Search This Blog