അന്ധത

Sunday, May 29, 2011 58 comments



                                            
                       
                      കണ്ണുകള്‍ തുറന്നുപിടിച്ച്
      നിശബ്ദതാഴ്വരയിലേക്കുനോക്കിയപ്പോള്‍ 
                                 ഞാന്‍ കണ്ടത് 
                    ഇടതിങ്ങിയ മഴക്കാടുകളല്ല  
                                 മഞ്ഞുമൂടിയ 
                       ആല്‍പ്സ്‌ നിരകളാണ്..
         നെറ്റിചുളിച്ച് ചക്രവാളസീമയിലേക്കു 
                കണ്ണോടിച്ചപ്പോള്‍  തിളങ്ങിയത്
                           സായാഹ്നസൂര്യനല്ല
                       വസന്തപഞ്ചമിരാവിലെ  
                       വെണ്‍തിങ്കള്‍ക്കലയാണ്..
              കോണ്‍കേവും കോണ്‍വെക്സും 
                                     നിരത്തി 
                           കവിടിപ്പലകയില്‍
                 ഡോക്ടര്‍ ഗണിച്ചു ഗുണിച്ചും 
       പറഞ്ഞത് എന്‍റെ കാഴ്ചയെക്കുറിച്ചല്ല
                                 ഷൂസെയുടെ
           "വെളുത്ത അന്ധതയെ"ക്കുറിച്ചാണ്....
_________________________________________________

വിവാഹം - മോചനം

Monday, May 23, 2011 50 comments



                         ഒളിഞ്ഞും തെളിഞ്ഞുമുള്ള
                                       കാഴ്ചകള്‍,
                          നോക്കുമ്പോള്‍ വക്രിച്ചും
                                     പാടനീറ്റിയും...
                         നടക്കുന്തോറും വിണ്ടുകീറി
                                       തേയുന്നവ.....
                       ചിലയ്ക്കുന്നതും ചിതറുന്നതും
                                        വാക്കുകള്‍,

                               നേര്‍ത്ത  തേങ്ങലുകള്‍....
                  പൊട്ടിച്ചിരികളില്‍ ,വളപ്പൊട്ടുകളില്‍
                                മുഷിഞ്ഞ  മാറാപ്പില്‍,
                     നിഴലുകള്‍ പൊഴിച്ച കോലങ്ങള്‍...
                                  നീളുന്ന കാലടികള്‍,
                               അമരുന്ന കുരുന്നുകള്‍,
                          നിലയ്ക്കുന്ന കിലുക്കങ്ങള്‍,
                               അമര്‍ത്തുന്ന വിഷാദം....
                      മുഖം ചേര്‍ത്തപ്പോള്‍ നിനക്കും 
                             അവള്‍ക്കും ഒരേ  മുഖം.....
______________________________________________________

യമുനാതീരേ

Wednesday, May 18, 2011 54 comments


                        "  യമുനാതീരേ ശാന്തം
                        ഒഴുകും മധുരസപുണ്യം
                         വീണാവേണീ യമുനേ....
                      കണ്ണന്‍റെ കാമിനി യമുനേ....."


സുന്ദരം !!  അങ്ങുദൂരെ ഒരു കറുത്ത പൊട്ട്....
അകലം കുറയുംതോറും നീലം ചാലിച്ച് നീണ്ടുനീണ്ട്...
സുവര്‍ണ്ണനാളങ്ങള്‍ സന്ധ്യാവന്ദനം തീര്‍ത്തു...
സ്വര്‍ലോകഅപ്സരസ്സുകള്‍ പ്രഭാപൂരിതരായ്‌
പഞ്ചാരമണലിലും മലര്‍ക്കളം തീര്‍ത്തു....
ഓളപരപ്പില്‍ മുഖം നോക്കി എന്‍റെ കണ്ണന്‍...

" ഞാന്‍ എവിടെയൊക്കെ തിരഞ്ഞൂന്ന്‍ അറിയുമോ...?
അങ്ങുദൂരെ മധുരയില്‍ ,ഹസ്തിനപുരിയില്‍
അമ്പാടിയില്‍, വൃന്ദാവനത്തില്‍ പിന്നെ ദാ ! ഇവിടെ ഈ യമുനാതീരേ......"

ചെഞ്ചുണ്ടില്‍ വിടര്‍ന്ന മന്ദഹാസത്തോടെ കണ്ണന്‍ അരയില്‍ തിരുകിയ ഓടക്കുഴലില്‍ പതിയെ തലോടി.......

" എന്തിനാ ചിരിയ്ക്കണത്....? ഞാന്‍ തമാശ പറഞ്ഞുവോ...?"
 

" അതെ ! ദേഹിയെ തേടുന്ന ദേഹമായോ നീ...?"

                         "  ഓടക്കുഴല്‍ പൊഴിക്കും
                           ഗാനാലാപനം കണക്കെ
                       കര്‍ണ്ണാമൃതം ചൊരിഞ്ഞെന്‍
                            ഹൃത്തിലേക്കൊഴുകി
                                നവ്യതീര്‍ത്ഥമായ്
                     മനോരഞ്ജിതമാം വചസ്സുകള്‍‌.."


"ക്ഷമിക്കൂ...!! ഞാനത് ഓര്‍ത്തില്ല കരുണാനിധേ...."
"നോക്കൂ ! ഈ മണല്‍ത്തരികള്‍ക്ക് അങ്ങയുടെ സുഗന്ധം....,
 ഇവിടെ വീശുന്ന കാറ്റിന് അങ്ങയുടെ നിശ്വാസത്തിന്റെ ചൂട്‌..,
ഈ പുല്‍ത്തകിടിയില്‍ മായാതെ കിടക്കുന്നത് അങ്ങയുടെ കാലടികളല്ലേ...?"
"അതെ !!..........എല്ലാം എന്നിലൂടെ കാണുമ്പോള്‍ കാഴ്ചകള്‍ക്ക് സുഗന്ധവും, ചൂടും, പതിഞ്ഞ മുദ്രകളുമുണ്ടാവും..... നിന്നില്‍ ഉള്ളതെന്തോ അതു നിര്‍ഗ്ഗമം പ്രവഹിക്കുന്നു..."
"അതുപോട്ടെ എന്തിനാണ് നീയെന്നെ കാണാന്‍ ആഗ്രഹിച്ചത്‌...?"
"അത്...ഞാന്‍ ഒരുപാട് വിഷമത്തിലാണ്.....ഞാനത് പറയണോ കണ്ണാ...?
അങ്ങേക്ക് അറിയില്ലേ...?"
" അറിയാം!! അതില്‍ എന്തിരിക്കുന്നു...? വിഷമങ്ങള്‍ ഇല്ലാത്ത ഒരാളെ നീയെനിക്ക് കാണിച്ചുതരുമോ...? "
" എനിക്ക് മനസ്സിലായി കണ്ണാ...എങ്കിലും എനിക്കിത് താങ്ങാന്‍ കഴിയാത്തതെന്താണ്...? "
" നീ വെറുമൊരു ദേഹമായതുകൊണ്ട്,നീയിപ്പോഴും കെട്ടുപാടുകള്‍ക്കുള്ളിലാണ്..ഈ മായപ്രപഞ്ചത്തിന്‍റെ
സന്തതിയായി വാഴുന്ന കാലത്തോളം നിനക്കതില്‍ നിന്നും മോചനമില്ല......"
"അപ്പോള്‍ എന്‍റെ വിഷമങ്ങള്‍ ദേഹവിയോഗം വരെ തുടരുമോ...? ഞാനൊരുതെറ്റും ചെയ്യാറില്ലല്ലോ കണ്ണാ...."

                   " സവിധം നിന്നു ചിരിയുതിര്‍ത്തു
                      ചിലമ്പൊലിയുതിരും പോലെ
                           കനകമണികള്‍ കിലുങ്ങി
                    ചെറുപവിഴമാല്യമൊന്നുലഞ്ഞു
                        ഒഴുകി മഴനീര്‍കണങ്ങളായ്
                        ദിക്കുതേടി സ്വരവീചികള്‍.."


" എന്തിനാ പൊട്ടിച്ചിരിയ്ക്കണത്....? ഞാന്‍ അസത്യം പറഞ്ഞില്ലല്ലോ..."
" അപ്രിയസത്യങ്ങള്‍ പറയരുതെന്ന് നിനക്കറിയില്ലേ...? "
" അറിയാം ! പക്ഷെ ഇതെന്നെ മാത്രം ബാധിക്കുന്നതല്ലല്ലോ....."
" അതെ..പക്ഷെ സ്വയരക്ഷ അവരവരുടെ മാത്രം കടമയാണ്...."
" അങ്ങെന്താണ് പറയുന്നത് അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് തെറ്റാണെന്നോ...? "
" മുന്നറിയിപ്പാണോ നീ നല്‍കിയത് മുഖമൂടികള്‍ ചീന്തിയെറിയപ്പെട്ടില്ലേ..."
" അത് നല്ല കാര്യമല്ലേ...? "
" ശരി !!......എന്നിട്ടു നീ എന്തുനേടി അതുപറയൂ......"
" ഒന്നുമില്ല..ഒന്നും...കുറ്റപ്പെടുത്തലുകള്‍...അവഗണന....അത് നേട്ടമല്ലല്ലോ....അല്ലെ...? "
" നിന്‍റെ വിഷമങ്ങള്‍ക്ക് കാരണം നീതന്നെയാണ്.....എഴുത്തിലും
പൊള്ളയായ പ്രശംസകളിലും മുങ്ങി നീ നിന്നെയും നിന്നിലെ എന്നെയും മറന്നു.....
പ്രശംസകള്‍ക്കു മുകളില്‍ ഒരു പൊങ്ങുതടിയെപ്പോലെ ഒഴുകി നടന്നു.....
കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ സ്വയം വിഡ്ഢിയുടെ വേഷം എടുത്തണിഞ്ഞു......"
 

                              " കേള്‍ക്കൂ സഖീ..!!
                       മാലോകരെല്ലാം പലവിധം
               കേട്ടപാതിയില്‍ ചേര്‍ത്തുതന്‍പാതി
                പിന്നെപ്പറഞ്ഞുനടന്നു പാരിലാകെ,
                സത്യമെന്നുണ്ടോ ധര്‍മ്മമെന്നുണ്ടോ
             ദൃഷ്ടികോണുകള്‍ ദോഷൈകദൃക്കുകള്‍
           അന്യന്‍റെ നിണമതിനു വീഞ്ഞിന്‍റെ സ്വാദ്‌
       സ്നേഹമോ കയ്ക്കും കാഞ്ഞിരക്കുരുവായ്‌
                     കാലമിതു കലിയാണ് കളകള്‍
                           മുളച്ചിടാതെ നോക്കണം
           ഉരിയാടരുതേ അപ്രിയസത്യങ്ങളൊന്നും
                        കാക്കണം നിന്നെ മാത്രമേ
             നോക്കണം അന്യന്‍റെ ചിത്തത്തിലേക്ക്
               ഓര്‍ക്കണം പൊയ്‌മുഖകണ്ണാടികള്‍."

                  " സുഖമെന്നാല്‍  തന്റേതെന്നു 

                       നിനച്ചു  ചില  ശുംഭന്മാര്‍,
    താനെന്നൊന്നുണ്ടെന്നുറപ്പിച്ചു പറയാനാകുമോ?
   കാലമൊന്നുരുളുമ്പോള്‍ ആര്‍ത്തലച്ചു നിലതെറ്റി
          വീണുപിടയ്ക്കുന്ന നേരത്തും തീര്‍പ്പോടെ
               പറയാനാകുമോ നീയെന്ന നാമം...?

       ഹാസം പരിഹാസമായ്‌ വഴിമാറി ഒഴുകി
      ഇന്നിന്‍റെ അധരങ്ങള്‍ വക്രിച്ചു വികൃതമായ്‌
      ഒന്നുനിനച്ചു മറ്റൊന്നിനോടു ചേരുന്നു പയ്യെ

കാര്യസാധ്യത്തിനനന്തരം എറിയുന്നേതു കുപ്പയിലും
            മായാകാഴ്ചകള്‍ക്കപ്പുറം മറയ്ക്കാത്ത
              ഒന്നുണ്ടെപ്പോഴും സത്യപ്രകാശത്തിന്‍
                തീഷ്ണപ്രഭയില്‍ എരിഞ്ഞുവീഴുമീ
                       ദുഷ്ടകീടങ്ങളെപ്പോഴുമേ..."

     " ദേഹവിയോഗമെന്നാല്‍ ദേഹം വെടിയലല്ല

                നിന്‍ ദേഹിയെ അറിയുന്ന നാളില്‍
        തവ ജീവസത്തയെ ഗ്രഹിക്കാം സമ്പൂര്‍ണ്ണം
              ബ്രഹ്മജ്ഞാനം ആത്മമോക്ഷകവാടം
               പ്രാണവായുവില്‍ ഓങ്കാരതരംഗം
                    ഞാനെന്ന ഒന്നില്ലെന്നറിയുക
            താതാത്മ്യം പ്രാപിക്കയേതൊന്നിലും
            വെടിയരുതു പ്രവാചകവചനങ്ങളെ
                    ഊന്നുവടിയായ്‌ തുണയേകും 

                       കൊടുംകാനനപാതയില്‍ 
                     വെട്ടമകന്നനിശീഥിനിയില്‍
        ഏതൊരു കയ്പ്പും മധുവായ്‌ മധുരിക്കും
       ആത്മമോക്ഷമേ അന്തിമലക്ഷ്യമെന്നറിയുക
. "


" ശ്രീമത്ജഗത്‌സ്വരൂപാ...എനിക്കെല്ലാം മനസ്സിലായി..എന്‍റെ വിഷമങ്ങള്‍ മാറി...."
 

" ഞാനും ഈ യമുനയായ്‌ ശാന്തയായ്‌ ഒഴുകട്ടെ ....,
       ഞാനും ഈ യമുനയായ്‌ ശാന്തയായ്‌  ഒഴുകട്ടെ......"

______________________________________________

ഏകാന്തതയുടെ വിലാപകാവ്യം

Thursday, May 5, 2011 56 comments












കാതിലപ്പൂക്കള്‍ക്ക്
എന്‍റെ ഓപ്പോളോളം ചന്തം വരില്ല....
ആര്‍ദ്രനിലാവില്‍ നീരാടിയെത്തിയ ഓപ്പോള്‍ക്ക്
അന്ന് ഋതുമതിപുലരിയുടെ സുഗന്ധം...
വസന്തം വിരിയിച്ച താരുണ്യം
ഓപ്പോള്‍ക്ക് കാത്തുവെച്ചത് അഷ്ടമംഗല്യം..

പുടമുറിയ്ക്ക് ശേഷം പിരിയുന്നനേരം
വാവിട്ടുകരഞ്ഞെന്നെ മാറില്‍ച്ചേര്‍ത്തു
മൂര്‍ദ്ധാ
വില്‍ ചുംബിക്കുമ്പോള്‍ ഓപ്പോള്‍
തെളിച്ചതും നന്മയുടെ നിറദീപങ്ങള്‍...

കാലമേറെയായില്ല
കറുത്തുപെയ്തൊരു കര്‍ക്കിടകനാളില്‍
നിഷ്കളങ്കതയുടെ കരങ്ങളെച്ചേര്‍ത്ത്
ഇറങ്ങിയപടികള്‍ തിരിച്ചുകയറുമ്പോള്‍
ഓപ്പോളുടെ ചേലയ്ക്ക് ശാന്തിനിറം..

കരിവളകള്‍ കിലുങ്ങിയ കൈത്തണ്ടയില്‍
ചേറുപറ്റിച്ച വിധിയും നീലിച്ചവടുക്കളും..
തൂമ്പത്തുമ്പില്‍  ജീവിതം തേടിയത്
ഒന്നല്ല നാലുവയറുകള്‍.....
വിധിയും കാലവും ചൊരിഞ്ഞ കരുത്തില്‍
പെണ്ണിന്‍റെ അധ്വാനത്തില്‍ കരപറ്റിയ 
സന്താനങ്ങള്‍.....

ഓപ്പോള്‍ക്ക്  വൈകിവന്ന ഭാഗ്യം
സ്വന്തബന്ധങ്ങളുടെ  ആത്മഗതം...
ദേശംതേടിയകന്ന  പറവകള്‍ക്ക്
പുറകോട്ടുള്ളവഴികള്‍  അന്യം....
ഏകാന്തതയുടെ നാള്‍വഴികളില്‍ കൂട്ടായി
ലക്ഷ്മിക്കുട്ടിയെത്തുമ്പോള്‍ ഓപ്പോളുടെ
നിറഞ്ഞമിഴികളില്‍ തെളിഞ്ഞതും
ആശ്വാസത്തിന്‍റെ വേനല്‍തിരകള്‍..

തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമങ്ങളില്‍
മച്ചിലോടിയ കുഞ്ഞന്മാര്‍ ഓപ്പോളുടെ
തേങ്ങലില്‍ നിശബ്ദരായ്‌‌......

ഷഷ്ടിയുടെ നിറവില്‍ കൂടണഞ്ഞ 

മക്കള്‍ക്കിടയില്‍ തളംകെട്ടിയ മൌനം..
ദീര്‍ഘയാമത്തിന്‍റെ ഇടവേളകളിലെപ്പൊഴോ
മൂത്തമോന്‍ പറഞ്ഞു,
അമ്മയുടെ വിയര്‍പ്പിന് ചേറിന്‍റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്...

ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്‍കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്‍റെ  മൂല്യം..
ശാന്തിമന്ദിരത്തില്‍ ഉറപ്പിച്ച കട്ടിലില്‍
അമ്മയ്ക്ക് സുഭിക്ഷം ഇനിയൊന്നും അറിയേണ്ട
പാടത്തും പറമ്പിലും പണിയേണ്ട..,
ഓപ്പോള്‍ക്ക് മക്കളുടെവക പിറന്നാള്‍സമ്മാനം..

തിരിച്ചൊന്നും സ്വീകരിക്കാതെ ഓപ്പോള്‍
തെക്കോട്ടുനിവര്‍ന്നു  മയങ്ങുമ്പോള്‍
പുറത്തുവെട്ടിയിട്ട  മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്‍...,
അകത്തളത്തില്‍ അമ്മയുടെ പെട്ടകത്തിനു 

കാവലായ്‌ പെണ്‍മക്കള്‍..,
പതിവുതെറ്റിച്ചു ആലപ്പുരയില്‍ നിന്നും
നിര്‍ത്താതെ അമറുന്ന ലക്ഷ്മിക്കുട്ടി.....
എന്‍റെ  കാഴ്ചകളില്‍, 

ഓര്‍മ്മകളില്‍  ഓപ്പോള്‍ക്കിന്നും 
ലക്ഷ്മിക്കുട്ടിയുടെ  വിഹ്വലതയാണ്,
നിര്‍ത്താതെയുള്ള അവളുടെ വിലാപമാണ്....  
______________________________________________

പ്രണയം പലവിധം

Tuesday, May 3, 2011 31 comments
 ത്രികോണം


                                   നീയും  അവളും
                                      പച്ചിരുമ്പും 

                                        കാന്തവും                  
                                   ഒട്ടിച്ചേരുമ്പോള്‍
                               സ്വയം  മറക്കുന്നവ...
                                    ഞാനും  നീയും
                               കാന്തവും കാന്തവും
                              വികര്‍ഷിക്കുമ്പോഴും
                                   ആകര്‍ഷിക്കാന്‍
                                   കൊതിക്കുന്നവ...
                                  _________________

 


ഹൃദയം          
            

            തുറന്നപ്പോള്‍
   അടയ്ക്കാന്‍ പറഞ്ഞു
            അടച്ചപ്പോള്‍
    ആര്‍ക്കുവേണ്ടിയെന്ന്‍

തുറക്കാനും അടയ്ക്കാനും
          നിന്‍റെ കതകല്ല
         എന്‍റെ ഹൃദയം
           ______________



                                                                                                          വിഷുക്കണി


നീ കണി ചോദിച്ചപ്പോള്‍
     ആദ്യം നല്‍കിയത്
       ഞാനായിരുന്നു...
 നീ കൈമാറ്റിയപ്പോള്‍
       വീണുടഞ്ഞത്
      എന്‍റെ ഹൃദയം
    നീ ചിരിച്ചപ്പോള്‍
          മുറിഞ്ഞത്
        എന്‍റെ ശബ്ദം
പിന്നേയും വിഷു വന്നു
      നീട്ടാന്‍ നിനക്കും
   നല്‍കാന്‍ എനിക്കും 

കൈകളുണ്ടായിരുന്നില്ല..
    _________________


Search This Blog