സ്വപ്നത്തിന്‍റെ ഒടുക്കം

Tuesday, November 24, 2015 14 comments

സ്വപ്നത്തിന്‍റെ ഒടുക്കം,
കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ
വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം..
മരവിച്ച  കൈയ്യില്‍ ചുരുട്ടിപ്പിടിച്ച
രണ്ടുവരി കവിത, കടല്‍പ്പാടങ്ങളില്‍
അലയുന്ന ആല്‍ബട്രോസുകളെക്കുറിച്ചാവണം..
കിടന്നകിടപ്പില്‍  ഇരുട്ടിനോട്‌ കടപ്പെട്ട്
തിരിച്ചറിയപ്പെടാതെപോയ
കറുത്ത ആത്മാവായി സ്വയം പരിമിതപ്പെടണം..
കൂട്ടുവെട്ടി മുന്‍പേ പറന്ന ഹൃദയത്തോട്,
കട്ടെടുത്ത് കൊതിച്ചുതീര്‍ത്ത സ്വപ്നത്തിന്‍റെ ഒടുക്കം
ഒന്നും പറയാതെ പോകണം..
 _______________________________________( പ്രിയദര്‍ശിനി പ്രിയ )

ഊയലാട്ടം

Thursday, November 12, 2015 10 comments


നടപ്പാതയ്ക്കിരുവശവും പൂത്തുനില്‍ക്കുന്ന
കല്യാണിപ്പൂക്കളോടും വെറുപ്പാണെനിക്ക്,
കണ്ടുമടുത്ത കാഴ്ചകളില്‍ കണ്ണീര്‍ പടര്‍ത്തി
കൂര്‍ത്ത നിഴലാട്ടങ്ങള്‍ കുറിച്ച്..
കാലം അപൂര്‍ണ്ണമാക്കിയ കാല്‍വിരല്‍ ചിത്രങ്ങളില്‍
നിയതപൂര്‍ണ്ണിമയുടെ പുതുമകള്‍ തേടി..

മൌനം ചിറകൊടിഞ്ഞ പറവയായി,
കൂരിരുള്‍ ഞെരുക്കങ്ങളില്‍ നോവ്‌ കനത്തു..
നീറിയെരിഞ്ഞ കനവുകള്‍ ബാക്കിവെച്ച്
പറന്നുയരാന്‍ കൊതിച്ചൊരു പ്രാണന്‍,
ഉയിരിന്‍റെ നനവൊട്ടും മായ്ക്കാതെ
നീട്ടി നിലവിളിച്ച് തീവിരലുകളില്‍ അഭയംതേടി..

അരിയ വള്ളിപ്പടര്‍പ്പില്‍ കലമ്പുന്ന കോമരക്കൂട്ടങ്ങള്‍,
വിശ്രമം തേടിയലഞ്ഞ മിഴിക്കോണില്‍ പൂവിട്ട
പൊയ്മുഖങ്ങള്‍, ചോരവാര്‍ന്ന ചിരിക്കോണുകള്‍..
നീ കൈവിട്ടുപോയ എന്‍റെ പ്രാണന്‍,
പൊഴിഞ്ഞൊഴിഞ്ഞ ചില്ലകള്‍ക്കും കാറ്റുവീണ
മണല്‍പ്പരപ്പിനുമിടയില്‍ പതിയെ ഊയലാടി..

_________________________________________( പ്രിയദര്‍ശിനി പ്രിയ)

നിശബ്ദത

Sunday, March 1, 2015 10 comments


ഞാന്‍ നിശബ്ദയാവാന്‍ കൊതിക്കുന്ന പറവയാണ്..!!
ചില്ലകളില്‍ ഇലകള്‍ ഉരയുമ്പോഴും
ഭീതിദമായ മടുപ്പിനെ ചിറകാഴങ്ങളില്‍ ഒളിപ്പിച്ച്
ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു...
കാനനത്തിന്‍റെ വന്യകാഴ്ചകളെ നീര്‍പ്പാടകള്‍ക്കുള്ളില്‍
ഞെരിച്ച് സ്വയമേ ഗുഹാന്ധതയില്‍ അലയുന്നു...

ഇന്നലേയും ഇന്നും ഈ കനല്‍പ്പാളികള്‍
തട്ടി നോവുന്ന ചിറകടികളിലും
ഞാന്‍ പിന്നേയും കൊതിക്കുന്നു..,
മഞ്ഞിലലിയുന്ന ഉടലായ് എന്നന്നേക്കുമായ്
ഈ കാറ്റിനൊപ്പം നിശബ്ദയാവാന്‍.........

_________________________________(പ്രിയദര്‍ശിനി പ്രിയ) 

Search This Blog