ഒരേട്‌

Tuesday, October 22, 2013 16 comments


കരിനീലം പടര്‍ന്ന ശൂന്യവിഹായസ്സ്..
കീഴെ തണുത്തുറഞ്ഞ പൂവില്‍
തെളിനീര്‍ വറ്റിയ മിഴികള്‍....
നിഗൂഢമായ് പുഞ്ചിരിച്ച് നിത്യനിദ്രയിലും
അധരകാവ്യം രചിച്ച കാല്‍പനികത..
എന്‍റെ നെയ്തെടുത്ത ഓര്‍മ്മയില്‍,
നിന്‍റെ  മൌനപ്രയാണത്തില്‍
ഞാന്‍ കയ്യൊപ്പ് ചാര്‍ത്താതെപോയ
നൊമ്പരത്തിന്‍റെ  ഒരേട്‌.....

പാകമാവാത്ത പ്രണയവും
പുത്തനരിയിലെ  കല്ലും
ഊണിന് യോഗ്യമല്ലെന്നുപറഞ്ഞവള്‍
കണ്ണിറുക്കിച്ചിരിച്ചു..
എന്‍റെ വിയര്‍പ്പുമണികള്‍ പൊടിഞ്ഞ
നാസികതുമ്പിന് അന്നൊരു
പൊയ്ക്കാല്‍ക്കുതിരയുടെ ശൌര്യമായിരുന്നു...
മുഷിഞ്ഞകോളര്‍ വലിച്ചിട്ട് പടിക്കെട്ടുകളിറങ്ങുമ്പോള്‍
ഓര്‍മ്മയില്‍ മറഞ്ഞത് അവളുടെ മാറില്‍
എന്‍റെ കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

ദാമ്പത്യത്തില്‍ പങ്കാളിയുടെ പണത്തിന്
മറ്റെന്തിനെക്കാളും മൂല്യമുണ്ടെന്നുപറയുമ്പോള്‍
അവള്‍ ഓര്‍ത്തിരിക്കില്ല രതിയ്ക്ക്
ചീഞ്ഞനോട്ടിന്‍റെ വിനിമയസാധ്യതയാണെന്ന്...
മച്ചിയെന്ന വിളിപ്പേര്‍ കേട്ടിട്ടും
മാന്യതയാല്‍ നീ  മറച്ചുപിടിച്ചൊരുവാക്ക്...
ആരും അറിയാതെപോയ,

നാമൊരുമിച്ചു കയ്യൊപ്പുചാര്‍ത്തിയ ഒരേട്‌...

എല്ലാറ്റിനുമപ്പുറം എത്ര ശ്രമിച്ചിട്ടും
എഴുതിച്ചേര്‍ക്കാനാവാതെപോയത്‌..
നമുക്കിടയിലെ പ്രണയത്തിനും 

മരണത്തിനുമിടയ്ക്കുള്ള  ശൂന്യവേള..
ഗൂഢമായ ഒരാനന്ദമായി ഞാനാസ്വദിച്ച
എന്‍റെ ജീവിതമെന്ന ഒരേട്‌....
_______________________________________

Search This Blog