സ്രഷ്ടാവ്

Tuesday, July 19, 2011 55 comments


ഡാവിഞ്ചിയുടെ വിരലുകള്‍ 
ജാലങ്ങള്‍  തീര്‍ത്തപ്പോള്‍ 
വീചികള്‍ മാറിനിന്നു...
മൌനം പറഞ്ഞത് 
ഗൂഡസ്മിതം ഏറ്റു,
ആത്മനോവില്‍ 
സ്രഷ്ടാവ് പിടഞ്ഞു..
നിര്‍ന്നിദ്ര രാവുകള്‍ ,
നിഴലുകള്‍ തുണയേകിയില്ല
ഉരുണ്ടുകൂടിയ 
വിയര്‍പ്പുമണികളില്‍
വിശ്വമാനവന്‍റെ 
വര്‍ണ്ണങ്ങള്‍ കുതിര്‍ന്നു..
വിലപിക്കാനും 
പുഞ്ചിരിക്കാനും കഴിയാതെ 
മോണോലിസ 
ഭിത്തികളില്‍ നിശ്ചലയായി.......
_____________________________________________________________________

വിടവ്

Sunday, July 10, 2011 20 comments
നീ പറയുന്ന വാക്കുകളില്‍ മറ്റാരോ ഉണ്ട്...
എനിക്കോ എന്‍റെ ബുദ്ധിയ്ക്കോ മനസ്സിലാകാത്തവിധം അതുമറഞ്ഞിരിക്കുന്നു....
ആദ്യം ഉയരങ്ങളില്‍നിന്നുയരങ്ങളിലേക്ക്..
പിന്നീട് കുത്തിയൊലിച്ച് നിന്‍റെ അഗാധതയിലേക്ക്...
വെറുമൊരു പൂവായ് മണ്ണില്‍നിന്നും മണ്ണിലേയ്ക്ക്...
മരിച്ചമണ്ണില്‍ ഇതളടര്‍ന്നുതളര്‍ന്നുവീഴുമ്പോഴും
അകമെങ്ങും നോവറിയാതെ പടര്‍ന്നൊരു മരവിപ്പ്....
ഇവിടെ  വിധിയ്ക്കൊപ്പം ചിരിച്ചതാരോ......
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍....!!

 
നിന്‍റെ  നോക്കിലും വാക്കിലും വെറുപ്പിന്‍റെ കനലുകള്‍..
എന്‍റെ അള്‍ത്താരയിലെങ്ങും നിന്‍റെയിരുള്‍നാളങ്ങള്‍...
ഹൃദയം നിന്നെക്കുഴിച്ചുമൂടിയ ശവപ്പറമ്പുകണക്കെ
പിന്നെയും പിന്നെയും വാടാത്തപ്രണയം കൊതിക്കുന്നു...
ആത്മാവിലെങ്ങും പ്രതിധ്വനിച്ചൊരു തുകല്‍താളം
ഇവിടെയെന്‍റെ മാറ്റൊലിയിലും ചെമ്പട്ടുചാര്‍ത്തിയതോ.....
നിനക്കൊപ്പം നീ മറച്ച  മറ്റൊരാള്‍.....!!

 
നിന്‍റെകാഴ്ചയില്‍ നിന്നെന്നെ അടര്‍ത്തിയെടുക്കാന്‍...
നിന്നില്‍നിറഞ്ഞ എന്‍റെ  മിഴികള്‍  മറയ്ക്കാന്‍..
ഇന്നുഞാനവചൂഴ്ന്നെടുത്തെറിയാം.....!
ഒരിക്കലെന്നെയോര്‍ത്ത് നിന്നിലൊരു പുനര്‍ജനിയൊഴുകിയാല്‍....
നിന്‍റെ വെള്ളാരകല്ലുകളില്‍ നീര്‍ച്ചോലകള്‍ വിതുമ്പിയാല്‍....
നിന്നിലേറെ  പിടയുന്നതും ഉരുകുന്നതും ഞാനറിയാത്ത,
നീ നിനക്കൊപ്പം മറച്ച മറ്റൊരാളായിരിക്കും....!!!.
_______________________________________


ഒതളങ്ങ

Monday, July 4, 2011 80 comments


ഒതളങ്ങ കണ്ടിട്ടുണ്ടോ..?
മുട്ടന്‍പഴം തൊട്ട് ടീച്ചര്‍ ആരാഞ്ഞപ്പോള്‍
ഉള്ളുവിയര്‍ത്തു..,
പഠനത്തിന്‍റെ സാഹസികതയെക്കുറിച്ചോര്‍ത്തപ്പോള്‍ മൌനിയായി...

അമ്മയുടെ ബോഡി ഇന്‍ക്വിസ്റ്റ് കഴിഞ്ഞു

കൊണ്ടുപോകുമ്പോള്‍
അമ്മിക്കല്ലില്‍ നിന്നും കണ്ടെടുത്ത ഒതളങ്ങാത്തൊലി നീട്ടി
പോലീസ് ഏമാന്‍ ചോദിച്ചു..,
ഇതെന്താടാ....?

പാറൂട്ടിയുടെ പുരയിലെ അന്തിയുറക്കം കഴിഞ്ഞു
ഷാപ്പിലേക്കു പോകുന്ന അച്ഛനെക്കുറിച്ചോര്‍ത്തപ്പോള്‍
തൊണ്ടവരണ്ടുണങ്ങി...,
ഞരങ്ങിമൂളി പുറത്തേയ്ക്കെടുത്ത വാക്കുകള്‍ക്ക്
നാലുവരിക്കവിതയുടെ ഇമ്പമുണ്ടായിരുന്നു....
" ഒ....ത....ള....ങ്ങ...."

____________________________________________________

Search This Blog