" പഴങ്കഥ പാടുന്ന പറവകള്‍ "

Sunday, December 12, 2010 37 comments
പാടാം  ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ ,
പൂമരം പോലൊരു പെണ്ണിന്റെ കഥ  പിന്നെ
പാണന്‍മാര്‍  പാടാത്ത പാട്ടിന്റെ കഥ .......

ആവണിനാട്ടില്‍  ചെറുപാലാഴിയാറിന്റെ തീരത്ത്
ചിങ്ങനമെന്നൊരു ഊരുണ്ട്
ചേണാര്‍ന്ന  മലയുണ്ട്  ചെഞ്ചോലയുണ്ട്
ചെറു മീനുകള്‍ ചരിക്കും പൊയ്കയുമുണ്ട്......
ചേതോഹരമീ ഭൂമിയില്‍ 
ചാരുതയുള്ളൊരു പെണ്ണാളുമുണ്ട്..........
ചിത്രപതംഗത്തിന്‍  ചിറകേറി ചോമന്റെ 
ചിന്തില്‍ തുടികൊട്ടി ചാരുസ്മിതം തൂകി 
ചാരവേ ചിത്രാംഗന നീയണയുമ്പോള്‍ 
ചേണുറ്റ പൂക്കളും നാണിച്ചുപോവും...
ചോതി നാളില്‍ നല്ല ചൊവ്വുള്ള 
ചൈത്രനിലാവില്‍ ചന്ദനനിറവും 
ചന്ദ്രകിന്‍ അഴകുമായ് ചെറുമന്റെ 
കുടിയില്‍ പൂത്ത ചേലൊത്ത ചിരുതേയി .....


ചാലയില്‍ ചന്തം തികഞ്ഞോരീ  പെണ്ണിനെ
ചിങ്കാരിക്കാന്‍  ചങ്ങാതിമാരേറെയുണ്ട്
ചിത്രകന്‍ ചൂതാടി ചെട്ടിയാര്‍ ചേകോന്‍  
പിന്നെ ചേലൊത്തൊരു  തമ്പ്രാനുമുണ്ട്  
ചേരിയില്‍ ചേരായ്മയില്ല 
ചേതോഗതമെല്ലാം ഒന്നുതന്നെ....
ചൊടിയുള്ളി ചെക്കെന്റെ  സ്വന്തമീ 
ചിരുതയെന്നു ചിത്തത്തിലോതി  
ചാലയിലെ  ചൊങ്കന്മാര്‍.....
                                                                                                                                                                                                                            

മത്സരിച്ചവര്‍  പരസ്പരം  പെണ്ണിനേകി
പ്രണയത്തിന്‍  മോഹപ്രതീകങ്ങള്‍.........
ചിത്രപടം നല്‍കി ചിത്രകന്‍ പെണ്ണിന് 
ചമയകൂട്ടേകി  ചെട്ടിയാരും.......
വിട്ടുകൊടുത്തില്ല ചേകോനപ്പോള്‍ 
ചന്ദ്രാനനക്കേകി ചഞ്ചുരന്‍ തന്നുടെ
ചന്ദ്രലോഹത്തില്‍ തീര്‍ത്ത കാല്‍ചിലമ്പുകള്‍...
ചൂതാടിയോ ചിന്താധീനനായ് പിന്നെ 
ചിപ്പി പെറുക്കി മുത്തെടുത്തു 
ചെമ്മേ കൊരുത്തു നല്‍കി...
ചെമ്മക്കാരന്റെ കണ്ണുവെട്ടിച്ചമ്പ്രാനും   
നല്ല ചപ്രമഞ്ചമൊരുക്കി നല്‍കി...
ചിറ്റാണ്മയുള്ളൊരു  നാട്ടില്‍ ചകിതരായ്
ചെറുമനും ചെങ്കതിര്‍ പോലൊരു പെണ്ണും...



ചിങ്ങന നാട്ടിലെ പെണ്ണുങ്ങള്‍ മോഹിക്കും 
ചിത്രശിലയുടലഴകും ചന്ദ്രകാന്തിയും 
ഒത്തു ചേര്‍ന്നൊരു ചേലെഴും തമ്പ്രാനെ
ചക്രപാതയ്ക്ക് തീണ്ടാപാടകലെ  നിന്നും
ചിത്തത്തിലാരാധിച്ചു  ചിരുതേയി  പെണ്ണ്
ചിന്താകുലയവള്‍  തന്നുടെ  നിസ്സീമപ്രണയത്തെ
ചെറുചിമിഴിലൊളിപ്പിച്ചു വരുമയെ 
നിനച്ചു ഹൃത്തിനെ ചുടുകട്ടയാക്കി  വേവില്‍ 
എരിയിച്ചു  ദിനരാത്രങ്ങള്‍.........
ഓരോരോ ദിനങ്ങളും യുഗങ്ങളായ്‌ 
അവളുടെ രാവുകളോ ചക്രവാകങ്ങളായ് ......
ചെറുമ പെണ്ണിന്‍റെ ചിത്തരംഗം 
അറിവില്ലാത്തൊരു  തമ്പ്രാനോ  
വശ്യമെന്നോണം ചപ്രമഞ്ചമൊരുക്കി  നല്‍കി....
കാലത്തിന്‍ നിയതിയെന്നോണം ചിങ്ങനതോപ്പില്‍ 
ഏകരായ് കണ്ടവര്‍ പ്രണയവല്ലികളില്‍ 
കുരുങ്ങി നിശ്ചലം നിന്നു പോയി....
നിമീലിത നേത്രങ്ങളില്‍ പൂമഴ പെയ്യവേ 
ഉടലുകളില്‍ ഒട്ടിയ കാലത്തിന്‍ കല്മഷങ്ങള്‍
ഉരുകിയൊലിച്ചു  നയനസലിലമായ്..


നീരണ കെട്ടി നിര്‍ത്തിയ പെണ്‍കാമനകള്‍ 
പ്രണയ പ്രവാഹത്തില്‍ പൊട്ടിയൊലിക്കവെ
ചട്ടങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു
ചിറ്റായ്മയുള്ളോരാ  ദേഹങ്ങള്‍.....
ഓരോരോ രുധിരകണത്തിനും 
ജന്മസാഫല്യമേകി അമൃതായ് ഒഴുകി 
പ്രണയം സിരകളില്‍ .......  
ഇരുനദികളായ്  ഒന്നായ്  ഒഴുകിയവര്‍ 
അന്ത്യം അനന്തസാഗരമാണെന്നറിഞ്ഞും.....
ചെത്തുകുടമേന്തി തോപ്പിലെത്തിയ 
ചേകോനപ്പോള്‍ അക്കാഴ്ച കണ്ടു 
നടുങ്ങിത്തരിച്ചു നിന്നു.......
രണ്ടല്ല ഉടലുകള്‍ ഒന്നായ് രമിക്കുന്നത് വല്ലികളോ..
വിഭ്രമത്താല്‍  ഇവ്വിധം ചിന്തിച്ചു വശം കെട്ടു...
സ്മരണകളെ  നിഷ്പ്രഭമാക്കി കളകൂജനം 
പൊഴിച്ച  കുയില്‍ പുതിയ  മരുപ്പച്ചകള്‍
തേടി പറന്നു പോയി.......

കനലെരിഞ്ഞു കണ്ണുകളില്‍ ചിത്തത്തില്‍ 
മോഹഭംഗത്തിന്‍  പ്രതികാരാഗ്നിയാളിപ്പടരവെ....
തീണ്ടാരി പെണ്ണിനെ തീണ്ടിയ തമ്പ്രാനെ  
വെറുതെ വിടുക വയ്യ..നാടാകെ 
പാടി നടന്നു അവിശുദ്ധബന്ധത്തിന്‍ കേളികൊട്ടുകള്‍..
പടര്‍ന്നു കാട്ടുതീയായ് കഥകള്‍.....  
കനലായ് എരിഞ്ഞു ഇണകുരുവികള്‍‍........
ചേലൊത്ത തമ്പ്രാന്‍റെ  ഉടയോനോ ചിങ്ങനനാടിന്‍റെ
വാഴുന്നോര്‍  ചെവിയിലെത്തി വിശേഷങ്ങളെല്ലാം..
കോപത്താല്‍ അന്ധനായ്‌, അപമാനത്താല്‍ 
ശിരസ്സ്‌ കുനിച്ചു.. ‌ ശേഷക്കാരന്റെ
ഭാവിയോര്‍ത്തു ചിന്താത്മനായ്.......
ഉപദേഷ്ടാക്കളോട് ഒത്തുചേര്‍ന്നു തീര്‍പ്പുകള്‍ തേടി
ചെറുമിപെണ്ണിനെ വാള്‍ തലയ്ക്കിരയാക്കി 
ആറ്റിലെറിയാന്‍  കല്‍പ്പിച്ചു  വാഴുന്നോര്‍ .. 

ചെറ്റകുടിലില്‍ കഞ്ഞിക്കലം  ചുവന്നു 
കണ്ഠമറ്റു  വീണു സുന്ദരപുഷ്പം
ഓടിയണഞ്ഞൊരാ  ചേലൊത്ത തമ്പ്രാന്‍
വാരിയെടുത്തു  ഇളം പൂവിന്നുടല്‍
ആടിയുലഞ്ഞു മെല്ലെ നടന്നകന്നു....
പാലാഴിയാറിന്റെ തീരത്ത് ഇളം കാറ്റില്‍
നെടുവീര്‍പ്പുകളില്ലാതെ വ്യാകുലകളില്ലാതെ
അരയില്‍ തിരുകിയ ഖഡ്ഗമെടുത്തു
കുത്തിയിറക്കി  കണ്ഠത്തിലാഴത്തില്‍
ചെറുമിപെണ്ണിന്‍റെ   ചെന്നിണമതില്‍
തമ്പ്രാന്‍റെ  ചുടുചോര കലര്‍ന്നപ്പോള്‍
പാലാഴിയാറും  ചുവന്നു പോയ്...
കാണായ പൂക്കളെല്ലാം കൂമ്പി കറുത്തുപോയ്..
പാറിപറക്കും പറവകളെല്ലാം ചിറകറ്റു വീണു
ചോരയ്ക്കുണ്ടോ ചേരായ്മ....... 
ഒന്നായ് ലയിച്ചു ഒഴുകിയകലുന്നു ‌പാലാഴിയാറും.........




പാടാം ഞാനൊരു  പഴങ്കഥ.....
ചെമന്നൊഴുകുന്ന  പാലാഴിയാറിന്റെ കഥ.......









******************************************************
********************************************


 [  thanks to other blogs for giving me some pictures used in the post........ ഉള്ളത് കൊണ്ട് ഓണം പോലെ..]
                   

" നിഴല്‍...."

Thursday, December 9, 2010 14 comments


എന്നെ ഞാനായ്‌ കാണുന്നത് നിന്നിലൂടെ...
         എന്നിലൂടെ എനിക്കു ചുറ്റും നടന്നു നീ...
പിരിയാതെ പിരിഞ്ഞു ആത്മാവിലൊന്നായ്...
        വിടരുമ്പോള്‍ കൊഴിഞ്ഞും കൊഴിയുമ്പോള്‍
വിടര്‍ന്നും,ദോഷങ്ങള്‍  ഭയന്നും കണ്ടിട്ടും
        കാണാതെയും,വെളുപ്പില്‍ അകന്നും 
കറുപ്പില്‍  ലയിച്ചും,വിരഹം വിതുമ്പിയും 
         പ്രണയം തുളുമ്പിയും,ഓര്‍മ്മകള്‍ എരിച്ചും,
പരിലാളനകള്‍ കൊതിച്ചും,അകലാതെ 
         അകലുന്നു നമ്മളില്‍ അകലം കുറിച്ച്‌ 
തീരങ്ങളില്‍,ഒന്നായ് ഉറങ്ങുന്നു ഒരുമയില്‍..
         നീയെന്‍റെ പാതിയാണെങ്കിലും 
എന്നില്‍  നിന്നും  വേര്‍പ്പെട്ട് !!
         എന്‍റെ ഭാഷ വാചാലവും നിന്‍റെ വാക്കു
കള്‍ മൌനവും ചേര്‍ത്ത് വെക്കുന്നതോ,
         എന്‍റെ  കാലടികളിലും തൂലിക തുമ്പിലും  
തൊട്ടും അകന്നും ഇനിയെത്രകാലം...?
          ഞാന്‍ നിന്നില്‍ പ്രതിധ്വനിക്കുമ്പോള്‍  
വിമര്‍ശനങ്ങള്‍ വിസ്മരിച്ച് ഏറ്റുപാടുന്നതെന്തിന്.?
          നീയെന്‍റെ നിഴലോ സത്തയോ..? 
നിഴലെന്നു വിളിക്കാം...
          സത്തയെന്ന ആത്മാംശത്തിലൊളിപ്പിച്ച
എന്‍റെ ജീവന്‍റെ  ജീവിക്കുന്ന പ്രതിബിംബം
          "നിഴല്‍..." എന്‍റെ സ്വന്തം !!


******************************************
******************************************

" വിശപ്പ്‌......"

Saturday, December 4, 2010 10 comments
                   
അറിയുമോ നിങ്ങള്‍ക്കീ പതിതയെ !

മുഷിഞ്ഞ വസ്ത്രത്തിലൊളിപ്പിച്ച 
മാംസത്തെ വിറ്റു വിശപ്പകറ്റുന്നവള്‍, 

വിയര്‍പ്പുതുള്ളികളാല്‍ സ്നാനം 
ചെയ്ത് തിരയുടെ താളത്തെ 
സിരകളില്‍ വഹിച്ചവള്‍, 

ചുവന്നു വീഴുന്ന തേന്‍ത്തുള്ളികള്‍ 
തുടച്ച് ആഴിയുടെ ആഴങ്ങളിലേക്ക് 
നീന്തുന്നവള്‍..

പിഞ്ഞിയ തുന്നല്‍ വിട്ട 
വസ്ത്രങ്ങള്‍ക്കുള്ളില്‍,
മാഞ്ഞുപോകുന്ന ദേഹങ്ങളില്‍, 
എന്‍റെ നഗ്നതയില്‍ ഞാന്‍ കണ്ടത് 
കൊടിയ വിശപ്പു മാത്രം..

തെരുവില്‍ വിശന്നു കരയുന്ന 
കുഞ്ഞുണ്ടെനിക്ക് , അലയണം 
തെരുവിലെ ചവറുകളില്‍, 
മാലിന്യങ്ങളില്‍, 
എച്ചില്‍ കൂമ്പാരങ്ങളില്‍... 

ഘ്രാണശക്തി ചോരാതെ വീണ്ടും 
അലയണം പുകതുപ്പുന്ന 
വണ്ടികള്‍ക്കിടയില്‍,
ശബ്ദമുഖരിത സായാഹ്നങ്ങളില്‍,
വിയര്‍പ്പിന്‍റെ മദ്യത്തിന്റെ യാമങ്ങളില്‍..

കുചരന്റെ പാദങ്ങള്‍ നക്കിത്തുടക്കണം,
 എറിഞ്ഞുതരുന്ന നാറിയ നോട്ടുകളില്‍ 
ഞാന്‍ കണ്ടത് എന്‍റെ ഓമനയുടെ 
വാകീറുന്ന വിശപ്പ്‌...

തെരുവിലേക്ക് തുറന്ന മിഴികളില്‍ 
കാണുന്നതെല്ലാം
വിശപ്പിന്‍റെ കാണാകാഴ്ചകള്‍......

നിശയുടെ നീചയാമങ്ങളില്‍ 
ശുഷ്ക്കിച്ച ദേഹത്തില്‍ പരതുന്ന 
വിരലുകള്‍ വിശപ്പടങ്ങാതെയെന്റെ 
കുഞ്ഞുപുതപ്പിനെ ലക്‌ഷ്യം വെക്കവേ 
ആ ഇരുട്ടിലും ഞാന്‍ കണ്ടു
 മാറാലക്കെട്ടിനുള്ളിലെ വിശപ്പിന്‍റെ
ചിലന്തിക്കണ്ണുകള്‍...

തലച്ചുമടുകളില്‍ മൃതശരീരങ്ങള്‍,
നഗ്നമാക്കപ്പെട്ട  കുഞ്ഞുടലുകള്‍,
വെട്ടിലുകള്‍ മൂളിപ്പായും ശിരസ്സില്‍ 
ചിലന്തികള്‍ വലയം പ്രാപിക്കവേ 
വീണ്ടും വീണ്ടും കണ്ടു 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

അച്ഛനാരെന്നറിയാന്‍ വയ്യെന്നാലും 
എന്റുണ്ണിയെ 
അലയാന്‍ വിടില്ലെന്നുറച്ചു...

കര്‍ണ്ണപടങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന
 ദീനരോധനങ്ങളില്‍ വീണ്ടും 
നഗ്നമാക്കപ്പെട്ട കുഞ്ഞുടലുകള്‍...

പിന്നേയുമെന്റെ 
വിസ്മൃതികളിലെപ്പൊഴോ 
നീണ്ട കൈകള്‍ ചെറുകണ്ഠത്തി
ലമരുമ്പോള്‍ തൊണ്ടക്കുഴിയില്‍
 കുരുങ്ങിയെരിഞ്ഞു 
പ്രാണന്‍റെ വേദനയുടെ വിശപ്പ്‌..

എവിടെയും വിശപ്പ്‌ ! എങ്ങും വിശപ്പ്‌ !..
വിശപ്പ് !‌...വിശപ്പ് !‌ മാത്രം ...

തിളച്ചു പൊങ്ങുന്ന മിഴികളാല്‍ 
വിശപ്പറിയാതെയീ പതിത തേങ്ങുന്നു...


**********************************************************
**********************************************************

" അമ്മ മനസ്സ് ........"

Thursday, December 2, 2010 1 comments
അറിഞ്ഞില്ലയോ  അറിവിന്‍റെ  ദീപമേ
അറിയാത്തൊരമ്മതന്‍   തേങ്ങല്‍

നനവാര്‍ന്ന കഞ്ചുകത്തിനും 
കട്ടയിരുട്ടിനും പറയുവാനേറെയുണ്ട്.........

ബാല്യസുഖജീവിതങ്ങള്‍ക്കപ്പുറം വിടര്‍ന്ന 
കൌമാരത്തില്‍  പുരുഷന്റെ  കൈപിടിച്ചവള്‍

മുന്നിലിടറുന്ന തളിര്‍ക്കുന്ന സുഖങ്ങളില്‍
സന്തത സഹചാരിയായ് സത്പത്നിയായ്

അമ്മയായ നിമിഷത്തില്‍ മാറില്‍ ചുരന്നു 
നിസ്വാര്‍ത്ഥ സ്നേഹത്തിന്‍ തേന്‍തുള്ളികള്‍

ഭര്‍തൃവിയോഗത്തില്‍  തളര്‍ന്നില്ലമ്മ
പോറ്റിവളര്‍ത്തി തന്‍മക്കളെ നോവറിയിക്കാതെ

കഞ്ഞിക്കലത്തിലെ  ശേഷിച്ച വറ്റുമേകി 
പച്ചവെള്ളത്തില്‍ വിശപ്പ്‌  മറന്നമ്മ

സ്നേഹപരിലാളനങ്ങളില്‍ മക്കള്‍ക്കേകി
നേരിന്‍റെ നന്മയുടെ ബാലപാഠങ്ങള്‍

കൊണ്ടും തള്ളിയും മക്കള്‍ വളര്‍ന്നു 

വിശാല ലോകത്തില്‍ സഖ്യം ചെയ്തും 
സാദം ചെയ്തും നിര്‍ലോഭം സഞ്ചരിച്ചു 

അമ്മയേകിയ പാഠങ്ങള്‍ക്കപ്പുറം 
ജനനിയുടെ വികൃത പ്രമാണങ്ങളില്‍
ആത്മാര്‍പ്പണം ചെയ്തു മക്കള്‍ 

അണുകുടുംബത്തില്‍ അധികപറ്റായ്  അമ്മ

വളര്‍ത്തുനായക്ക്  തുണയെന്നോണം  
അമ്മയെ നിയോഗിച്ചു  മക്കള്‍

പട്ടികൂട്ടിലെ ദുര്‍ഗന്ധത്തിലും അമ്മ തേടി 
പാല്‍ മണക്കുന്ന അധരങ്ങളും 
ചെറു കൊഞ്ചലുകളും അമ്മ വിളികളും....

അമ്മയെന്നു വിളിച്ചിട്ടേറെ നാളായ്  മക്കള്‍
തള്ളെയെന്നു വിളിച്ചു തളളാന്‍ എന്തെളുപ്പം

ദുര്‍ഗന്ധവും  വാര്‍ദ്ധക്യവും 
അറപ്പുളവാക്കിയ നിമിഷത്തിലെന്നോ 
പുല്‍പായക്കു മീതെ തൂക്കിയെറിഞ്ഞമ്മയേയും........

ഗര്‍ഭപാത്രത്തിന്‍ കടം തീര്‍ക്കാന്‍ മക്കളേകി 
ഭിക്ഷാപാത്രം വിറയാര്‍ന്ന കൈകളില്‍ 

കരുണയുടെ തരിവെട്ടമില്ലാത്ത മനസ്സുകളില്‍ 
അമ്മയെന്നും ഒഴിയാബാധയായ്....

തെരുവിലെങ്ങോ കേള്‍ക്കുന്ന തേങ്ങല്‍ 
അമ്മയുടെതാവാം...........

അഭയത്തിനായ് കേഴുന്ന കണ്ണുകളില്‍ 
ശാപത്തിന്‍റെ  നിഴലുകളില്ല..

അഗതിയാം അമ്മക്ക് അഭയമേകി 
കനിവിന്റെ സാന്ത്വനത്തിന്‍റെ  വേറിട്ട കണ്ണികള്‍

അവരും ഒരമ്മ പെറ്റമക്കളെന്നു  ഓര്‍ത്തുപോയ്....

നാലുചുവരിനും കട്ടയിരുട്ടിനും  മദ്ധ്യേ മൂകമായ് 
അമ്മ പ്രാര്‍ത്ഥിക്കുന്നു..........
ദൈവമേ!!.....എന്‍റെ  മക്കളെ  കാത്തോളണേ.........
.....................................................................................................
.....................................................................................................     

Search This Blog