ഏകാന്തതയുടെ വിലാപകാവ്യം

Thursday, May 5, 2011
കാതിലപ്പൂക്കള്‍ക്ക്
എന്‍റെ ഓപ്പോളോളം ചന്തം വരില്ല....
ആര്‍ദ്രനിലാവില്‍ നീരാടിയെത്തിയ ഓപ്പോള്‍ക്ക്
അന്ന് ഋതുമതിപുലരിയുടെ സുഗന്ധം...
വസന്തം വിരിയിച്ച താരുണ്യം
ഓപ്പോള്‍ക്ക് കാത്തുവെച്ചത് അഷ്ടമംഗല്യം..

പുടമുറിയ്ക്ക് ശേഷം പിരിയുന്നനേരം
വാവിട്ടുകരഞ്ഞെന്നെ മാറില്‍ച്ചേര്‍ത്തു
മൂര്‍ദ്ധാ
വില്‍ ചുംബിക്കുമ്പോള്‍ ഓപ്പോള്‍
തെളിച്ചതും നന്മയുടെ നിറദീപങ്ങള്‍...

കാലമേറെയായില്ല
കറുത്തുപെയ്തൊരു കര്‍ക്കിടകനാളില്‍
നിഷ്കളങ്കതയുടെ കരങ്ങളെച്ചേര്‍ത്ത്
ഇറങ്ങിയപടികള്‍ തിരിച്ചുകയറുമ്പോള്‍
ഓപ്പോളുടെ ചേലയ്ക്ക് ശാന്തിനിറം..

കരിവളകള്‍ കിലുങ്ങിയ കൈത്തണ്ടയില്‍
ചേറുപറ്റിച്ച വിധിയും നീലിച്ചവടുക്കളും..
തൂമ്പത്തുമ്പില്‍  ജീവിതം തേടിയത്
ഒന്നല്ല നാലുവയറുകള്‍.....
വിധിയും കാലവും ചൊരിഞ്ഞ കരുത്തില്‍
പെണ്ണിന്‍റെ അധ്വാനത്തില്‍ കരപറ്റിയ 
സന്താനങ്ങള്‍.....

ഓപ്പോള്‍ക്ക്  വൈകിവന്ന ഭാഗ്യം
സ്വന്തബന്ധങ്ങളുടെ  ആത്മഗതം...
ദേശംതേടിയകന്ന  പറവകള്‍ക്ക്
പുറകോട്ടുള്ളവഴികള്‍  അന്യം....
ഏകാന്തതയുടെ നാള്‍വഴികളില്‍ കൂട്ടായി
ലക്ഷ്മിക്കുട്ടിയെത്തുമ്പോള്‍ ഓപ്പോളുടെ
നിറഞ്ഞമിഴികളില്‍ തെളിഞ്ഞതും
ആശ്വാസത്തിന്‍റെ വേനല്‍തിരകള്‍..

തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമങ്ങളില്‍
മച്ചിലോടിയ കുഞ്ഞന്മാര്‍ ഓപ്പോളുടെ
തേങ്ങലില്‍ നിശബ്ദരായ്‌‌......

ഷഷ്ടിയുടെ നിറവില്‍ കൂടണഞ്ഞ 

മക്കള്‍ക്കിടയില്‍ തളംകെട്ടിയ മൌനം..
ദീര്‍ഘയാമത്തിന്‍റെ ഇടവേളകളിലെപ്പൊഴോ
മൂത്തമോന്‍ പറഞ്ഞു,
അമ്മയുടെ വിയര്‍പ്പിന് ചേറിന്‍റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്...

ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്‍കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്‍റെ  മൂല്യം..
ശാന്തിമന്ദിരത്തില്‍ ഉറപ്പിച്ച കട്ടിലില്‍
അമ്മയ്ക്ക് സുഭിക്ഷം ഇനിയൊന്നും അറിയേണ്ട
പാടത്തും പറമ്പിലും പണിയേണ്ട..,
ഓപ്പോള്‍ക്ക് മക്കളുടെവക പിറന്നാള്‍സമ്മാനം..

തിരിച്ചൊന്നും സ്വീകരിക്കാതെ ഓപ്പോള്‍
തെക്കോട്ടുനിവര്‍ന്നു  മയങ്ങുമ്പോള്‍
പുറത്തുവെട്ടിയിട്ട  മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്‍...,
അകത്തളത്തില്‍ അമ്മയുടെ പെട്ടകത്തിനു 

കാവലായ്‌ പെണ്‍മക്കള്‍..,
പതിവുതെറ്റിച്ചു ആലപ്പുരയില്‍ നിന്നും
നിര്‍ത്താതെ അമറുന്ന ലക്ഷ്മിക്കുട്ടി.....
എന്‍റെ  കാഴ്ചകളില്‍, 

ഓര്‍മ്മകളില്‍  ഓപ്പോള്‍ക്കിന്നും 
ലക്ഷ്മിക്കുട്ടിയുടെ  വിഹ്വലതയാണ്,
നിര്‍ത്താതെയുള്ള അവളുടെ വിലാപമാണ്....  
______________________________________________

56 comments:

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 2, 2011 at 4:47 AM said...

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിലെ കവിതാമത്സരത്തിന് വേണ്ടി എഴുതിത്തുടങ്ങിയത്.. അന്ന് പൂര്‍ത്തിയാക്കാതിരുന്നത് കൊണ്ട് അയച്ചുകൊടുത്തില്ല..
:)

{ പ്രയാണ്‍ } at: July 2, 2011 at 5:15 AM said...

ആശംസകള്‍ ........

{ Fousia R } at: July 2, 2011 at 5:31 AM said...

ലളിതമായ ഒരു കഥപോലെ.
ഓപ്പോള്‍

{ ആളവന്‍താന്‍ } at: July 2, 2011 at 5:46 AM said...

ആഹാ നല്ല കവിത. "കറുത്തുപെയ്തൊരു കര്‍ക്കിടകനാളില്‍
നിഷ്കളങ്കതയുടെ കരങ്ങളെച്ചേര്‍ത്ത്
ഇറങ്ങിയപടികള്‍ തിരിച്ചുകയറുമ്പോള്‍
ഓപ്പോളുടെ ചേലയ്ക്ക് ശാന്തിനിറം.." നല്ല വരികള്‍....

{ nvvishnu } at: July 2, 2011 at 5:57 AM said...

വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന ആശയം പക്ഷെ ഇങ്ങനെയുള്ള മക്കളുടെ എണ്ണം കൂടിയിട്ടേയുള്ളൂ അല്ലെ?

കവിത കൊള്ളാം

അക്ഷര പിശക് "മൂര്‍ദ്ധാവു "

{ കെ.എം. റഷീദ് } at: July 2, 2011 at 6:01 AM said...

ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്...
കലക്കിയല്ലോ

{ പദസ്വനം } at: July 2, 2011 at 6:07 AM said...

8->
അറിഞ്ഞു ആ ഓപ്പോളേ..
സഞ്ചരിച്ചു ആ വഴികളിലൂടെ..

Anonymous at: July 2, 2011 at 6:14 AM said...

നന്നായി എഴുതി .

Anonymous at: July 2, 2011 at 6:19 AM said...

ഓപ്പോളും മക്കളും വ്യത്യസ്തമായ കാലങ്ങളേയും ദേശങ്ങളേയും പ്രതിനിധീകരിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളേയും ജീവിതനിലപാടുകളേയും അടയാളപ്പെടുത്തുന്നു.

നല്ലൊരു പോസ്റ്റ്.
ഇനിയും കാണാമെന്നു കരുതുന്നു.

{ കൊമ്പന്‍ } at: July 2, 2011 at 6:22 AM said...

ഒരു ഗ്രാഹുതരത്വ വരികള്‍ നന്നായിരിക്കുന്നു

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: July 2, 2011 at 6:54 AM said...

കവിത കൊള്ളാം. ചില പ്രശ്നങ്ങളുണ്ടു്.
1)ഇതു വരെയില്ലാത്ത അക്ഷര പിശകു്
2)കവിതയുടെ സ്വതസിദ്ധമായ ഒഴുക്കിനെ
തടസ്സപ്പെടുത്തുന്ന സന്ധിഭംഗം.

{ നാമൂസ് } at: July 2, 2011 at 7:38 AM said...

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതത്രേ..!!

നാല്‍ക്കാലിയില്‍ നിന്നും കാലുകളുടെ എണ്ണത്തില്‍ നേരിയൊരു മാറ്റം... അവയില്‍ രണ്ടെണ്ണം കൈകളാക്കി ഇരുകാളികലായി മാറിയ ഈ നാല്‍കാലികളേക്കാള്‍ ഓപ്പോള്‍ക്ക് ഉപകരിക്കുന്നത്‌ എന്ത് കൊണ്ടും ലക്ഷിമിക്കുട്ടി തന്നെ..!!

{ഇങ്ങനെയൊക്കെ പറയാവോ എന്തോ..? ഞാനുമൊരു ഇരുകാലിയല്ലോ..!! }

{ ponmalakkaran | പൊന്മളക്കാരന്‍ } at: July 2, 2011 at 9:06 AM said...

ഓപ്പോൾ വല്ലാതെ വിഷമിപ്പിക്കുന്നു മനസ്സിനെ, എന്താ ചെയ്യാ.. ഇങ്ങനെക്കെത്തന്ന്യാവും ജീവിതം..

{ പട്ടേപ്പാടം റാംജി } at: July 2, 2011 at 9:07 AM said...

ദേശംതേടിയകന്ന പറവകള്‍ക്ക്
പുറകോട്ടുള്ളവഴികള്‍ അന്യം....

ഒരു കഥ പോലെ ലളിതമാക്കിപ്പറഞ്ഞ കവിത ഇഷ്ടപ്പെട്ടു.

{ ഞാന്‍ } at: July 2, 2011 at 10:33 AM said...

എന്റെ കാഴ്ചകളില്‍ ഒന്നും തെളിയുന്നില്ല .....
കണ്ണട വേണം ...........

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: July 2, 2011 at 12:09 PM said...

ജോലിയും പണവും നിറയുന്ന മനസ്സില്‍ മക്കള്‍ക്ക്‌ സ്ഥാനം നല്‍കാതെ ഏകാന്തതയിലേക്ക് തള്ളിവിടുന്ന അച്ഛനമ്മമാര്‍ക്കു ഈ അവസ്ഥ വന്നാല്‍ ഞാന്‍ ദുഖിക്കില്ല...

Anonymous at: July 2, 2011 at 1:31 PM said...

കഥയുള്ള കവിത ..............ആശംസകള്‍..

{ ശ്രീജിത് കൊണ്ടോട്ടി. } at: July 2, 2011 at 1:34 PM said...

ഓപ്പോളും, ലക്ഷ്മിക്കുട്ടിയും, പാടവും, ഇടവഴികളും എല്ലാം എം.ടി-യുടെ കഥകളിലെ ഗ്രാമീണ നന്മകളെ ഓര്‍മ്മിപ്പിക്കുന്നു. വൃദ്ധ സദനങ്ങള്‍ പെരുകുന്ന , സ്വത്തു മുഴുവന്‍ അപഹരിച്ച് ലക്ഷ്ക്കുട്ടിക്ക്‌ പകരം സ്വന്തം അമ്മമാരേ തൊഴുത്തില്‍ താമസിപ്പുക്കുന്ന മക്കള്‍ ഉള്ള ഒരു കാലഘട്ടത്തില്‍ ആണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. വ്യത്യസ്ത കാലഘട്ടങ്ങയും, നന്മ തിന്മകളെയും ആണ് ഇവിടെ അവതരിപ്പിച്ചത്. കവിതയിലെ ആശയം നന്നായിട്ടുണ്ട്...

{ ഹരീഷ് തൊടുപുഴ } at: July 2, 2011 at 6:43 PM said...

ഇനിയുള്ള കാലത്ത് ഇതല്ലാ ഇതിനപ്പുറവും സംഭവിച്ചേക്കാം..
എങ്കിലും പ്രതീക്ഷയുടെ ഒരു തരി നാളമെന്നിൽ അവശേഷിക്കുന്നുണ്ട്..
നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു തരാതിരിക്കുവാൻ അവർക്കു കഴിയുമോ?? ഇല്ല എന്നും എനിക്കു തോന്നുന്നുണ്ട്..

കവിതക്ക് ആശംസകളോടേ..

{ Reji Puthenpurackal } at: July 2, 2011 at 7:29 PM said...

ആധുനിക ജീവിതത്തിന്റെ നേര്‍കാഴ്ച ...ആശംസകള്‍

{ Manoraj } at: July 2, 2011 at 8:48 PM said...

ഒരു കഥപോലെ തന്നെയാണ് തോന്നിയത്. അക്ഷരത്തെറ്റുകള്‍ തിരുത്തു പ്രിയ. കവിതയിലാവുമ്പോള്‍ അത് കൂടുതല്‍ മോശമാണ്.

{ ചെകുത്താന്‍ } at: July 2, 2011 at 9:26 PM said...

:)

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 3, 2011 at 12:08 AM said...

അക്ഷരത്തെറ്റുകള്‍ ചിലപ്പോള്‍ എന്‍റെ ഭാഷാശൈലിയുടേതാവും.. എവിടെയാണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല ആരെങ്കിലും ഒന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു... :)

{ sreee } at: July 3, 2011 at 1:37 AM said...

കവിതയിലൂടെ കഥപറഞ്ഞു.(അക്ഷരതെറ്റ് കണ്ടുപിടിക്കാൻ കുറച്ചു പാടുപെട്ടു.“നിറദ്വീപങ്ങള്‍...“ :))

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: July 3, 2011 at 2:01 AM said...

ഓപ്പോളുടെ ജീവിതം ഒരു കൊച്ചു ഖണ്ഡകാവ്യത്തിലൂടെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ പ്രിയേ

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 3, 2011 at 2:06 AM said...

താങ്ക്യൂ ശ്രീ ... :)

johnson at: July 3, 2011 at 2:22 AM said...

നന്നായിട്ടുണ്ട്, പക്ഷേ കൊച്ചിന്‍ ഹനീഫയുടെ വാത്സല്യവും, മഹാനായ പദ്മരാജന്‍ ചെയ്ത തിങ്കളാഴ്ച നല്ല ദിവസവും, ഐ. വി. ശശിയുടെ ആള്‍കൂട്ടത്തില്‍ തനിയെ, എല്ലാം ചേര്‍ത്ത് വച്ച് എഡിറ്റ്‌ ചെയ്തത് പോലെ ഒരു തോന്നല്‍.....
അമ്മംമാരെ ഉപേക്ഷിക്കാത്ത മക്കള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
എല്ലാ ഭാവുകങ്ങളും പ്രിയ. ഇനിയും എഴുതുക....

{ മുകിൽ } at: July 3, 2011 at 2:39 AM said...

പലജന്മങ്ങളിൽ.. വിറങ്ങലിച്ചു തീർന്ന ഒരു ജന്മം കൂടെ..

{ sankalpangal } at: July 3, 2011 at 3:49 AM said...

ഹായ് ...നല്ല കഥാഭംഗിയുള്ള കവിത ,അതോ..കാവ്യ ഭംഗിയുള്ള കഥയോ...?

{ Vayady } at: July 3, 2011 at 5:05 AM said...

വയസ്സായ അച്ഛനമ്മമാര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍, അവരെ ശ്രദ്ധിക്കാന്‍, സ്നേഹിക്കാന്‍ ഇന്ന് പൊതുവെ മക്കള്‍ക്ക് സമയവും മനസ്സുമില്ലാതായിരിക്കുന്നു. കവിത നന്നായിട്ടുണ്ട്.

തൂമ്പതുമ്പില്‍ എന്നത് "തൂമ്പത്തുമ്പില്‍" എന്നല്ലേ? ഈ ഒരു അക്ഷരതെറ്റു മാത്രമേ എനിക്ക് കണ്ടുപിടിക്കാന്‍ ആയുള്ളൂ പ്രിയേ.

{ പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] } at: July 3, 2011 at 5:47 AM said...

@johnson
മാഷെ ഈ പറഞ്ഞ സിനിമകളില്‍ ഞാന്‍ വാത്സല്യം മാത്രമേ കണ്ടിട്ടുള്ളൂ.. :))

{ മുല്ല } at: July 3, 2011 at 7:12 AM said...

ആശംസകള്‍ മഞ്ഞുതുള്ളീ...

{ Echmukutty } at: July 3, 2011 at 7:22 AM said...

abhinandanangal

{ ajith } at: July 3, 2011 at 8:40 AM said...

നല്ല വരികള്‍, അര്‍ഥമുള്ള വാക്കുകള്‍, കവിത ഇഷ്ടമായി

{ ഒരു ദുബായിക്കാരന്‍ } at: July 3, 2011 at 9:01 AM said...

പ്രിയ,
ഗ്രിഹാതുരത്വം തുളുമ്പുന്ന കവിത..ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയുണ്ടുട്ടോ..അഭിനദ്ധനങ്ങള്‍.

{ ഇഗ്ഗോയ് /iggooy } at: July 3, 2011 at 12:09 PM said...

ജോണ്‍സണ്‍ എനിക്ക് മുന്നേ പറഞ്ഞു.
എന്തൊക്കെയോ ആയിട്ടുണ്ട്.
കവിതമാത്രമായില്ല.

{ Biju Davis } at: July 3, 2011 at 2:22 PM said...

പ്രമേയം പഴയതെങ്കിലും, വരികൾ നന്നായിട്ടുണ്ട്‌, പ്രിയാ...

{ Lipi Ranju } at: July 3, 2011 at 2:42 PM said...

കവിതയിലൂടെ ഒരു കഥ... ഇഷ്ടായിട്ടോ പ്രിയേ....

{ Akbar } at: July 3, 2011 at 9:59 PM said...

>>>ആകുലതകള്‍ക്കുശേഷം അമ്മയ്ക്കുനല്‍കിയ
പിറന്നാള്‍മധുരത്തിനു പരസ്പരം
പങ്കിട്ടെടുത്ത പച്ചനോട്ടിന്‍റെ മൂല്യം.<<<

ഗദ്യകവിതയിലൂടെ പറഞ്ഞതത്രയും അപ്രിയ സത്യങ്ങള്‍. വൃദ്ധയായ അമ്മയെ തൊഴിത്തില്‍ താമസിപ്പിച്ച കഥ ഈയിടെ കേട്ടിരുന്നു. നമ്മുടെ ജീവിത പരിസരങ്ങളിലെ ചില പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ ഒപ്പോളിലൂടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രിയയുടെ അര്‍ത്ഥവത്തായ ഈ രചനക്ക് അഭിനന്ദനങ്ങള്‍.

{ sm sadique } at: July 3, 2011 at 10:35 PM said...

ഞാനും വായിച്ചു . ആശംസകളോടെ.......

{ SHANAVAS } at: July 3, 2011 at 11:29 PM said...

ഒരു നല്ല പ്രമേയം അതിസുന്ദരമായി അവതരിപ്പിച്ചു..ആശംസകള്‍..

{ അലി } at: July 4, 2011 at 12:58 AM said...

ഒരു കഥപോലെ ആസ്വദിച്ച കവിത!

{ prakashettante lokam } at: July 4, 2011 at 4:32 AM said...

""തൊട്ടും തലോടിയും പുല്ലരിഞ്ഞും
കൊടമണി കിലുക്കിയും ഓപ്പോളുടെ
പകലുകളില്‍ ലക്ഷ്മിക്കുട്ടി നിറഞ്ഞു..
ഏകാന്തതയുടെ രാത്രിയാമ ""

ഇഷ്ടമായി കവിത...>> എന്നോട് ഒരു കാര്യം പറഞ്ഞുതരാമെന്ന് ഏറ്റിട്ട് പിന്നെ കണ്ടില്ല. ഞാന്‍ പിണക്കമാണ് എന്നു പറഞ്ഞിട്ടും എന്നോട് മിണ്‍ടുന്നു. എല്ലാ കുട്ട്യോളും ഇങ്ങിനെയാ

{ ചെറുത്* } at: July 4, 2011 at 7:46 AM said...

ഈ പോസ്റ്റ് ഫ്ലോപ്പായെന്ന് പറഞ്ഞാണോ പുതിയ കവിത തട്ടികൂട്ടിയത്! ഹാ കഷ്ടം!

ഒതളങ്ങയേക്കാള്‍ ഇത് തന്നെ മികച്ചതെന്ന് ചെറുതിന് തോന്നുന്നു. ഇഷ്ടപെട്ടു. കവിതയേക്കാള്‍ ഇത് നല്ലൊരു കഥയാക്കിയിരുന്നെങ്കില്‍....!!

{ ente lokam } at: July 4, 2011 at 12:11 PM said...

പരിഹര്ക്കപ്പെടാന്‍
ആവാത്ത സമസ്യകള്‍ ..


ഞാന്‍ മറക്കാത്ത ഒരു
വാചകം ഉണ്ട് ..വിദേശ രാജ്യത്തെ
പൌരത്വം എടുത്ത ഒരു സുഹൃത്തിനോട്‌
വീട് വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍
ചോദിച്ചു എന്നാലും തറവാട് ഒക്കെ വിറ്റു
പോയാല്‍ മലയാളത്തിന്റെ മണം മറക്കാതെ
വല്ലപ്പോഴും ഒന്ന് വന്നു പോവുക എങ്കിലും
ചെയ്തൂടെ എന്ന് ...

അദ്ദേഹം പറഞ്ഞു എന്ത്
മലയാളി ?
ഏത് നാട്ടില്‍ ഏത് വീട്ടില്‍ അയാളും കപ്പയും കഞ്ഞിയും വെച്ചാല്‍ കേരളം ആയില്ലേ എന്ന് ?
അതാണ്‌ International മലയാളീ ..!!!

ഒപ്പോളിന്റെ ദുഃഖം, അല്ല ഏകാന്തതയുടെ ദുഃഖം നന്നായി പകര്‍ത്തി പ്രിയ ..ആശംസകള്‍ ..

{ Sandeep.A.K } at: July 4, 2011 at 2:29 PM said...

കവിത ഫ്ലോപ് എന്ന് പറഞ്ഞു കൂടാ.. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയിരുന്നെങ്കില്‍ സ്വീകാര്യമാകുമായിരുന്നു.. എഴുത്തുകാര്‍ കാലത്തിനു മുന്‍പേ പറക്കുന്നവര്‍.. കാലത്തിന്‍റെ ഗതി വിഗതികള്‍ മൂന്‍കൂട്ടി കാണാന്‍ കഴിവുള്ളവര്‍.. അങ്ങനെയുള്ള പലരും മുന്‍പേ ഇതൊക്കെ പറഞ്ഞു പോയി.. എങ്കിലും ലളിതമായ ഭാഷയില്‍ ഒരു കഥ ഭദ്രതയോടെ കവിതയില്‍ സന്നിവേശിപ്പിക്കാന്‍ പ്രിയയ്ക്കായി... ആശംസകള്‍..

{ സീത* } at: July 4, 2011 at 11:40 PM said...

ഓപ്പോൾ ഒരു നൊമ്പരമായി..കുറച്ച് പിന്നിലേക്ക് പോകണം എന്നതൊഴിച്ചാൽ‌ കവിത നന്നായി പ്രിയാ...മനസ്സിനെ വേദനിപ്പിക്കുന്ന ഒരു സന്ദർഭം നല്ല വാക്കുകളിൽ പറഞ്ഞു

{ ആസാദ്‌ } at: July 5, 2011 at 11:24 AM said...

പ്രിയാ, ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഒത്തിരി നന്നാവുമായിരുന്നു എന്ന് തോനുന്നു. എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാവാം... :)

{ Veejyots } at: July 7, 2011 at 12:41 AM said...

പുറത്തുവെട്ടിയിട്ട മൂവാണ്ടനെ
ചൊല്ലി കലഹിക്കുന്ന ആണ്മക്കള്‍...,

ithu thanneyanu lokam... ithu thanneyanu jeevitham

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: July 7, 2011 at 4:49 PM said...

മനോഹരമായിരിക്കുന്നു. വായിച്ചുമറന്ന ഇതിവൃത്തമാണെങ്കിലും ഒരു കവിതയായി വായിച്ചപ്പോള്‍ ഒരു നോവല്‍ വായിച്ചതിലും സുഖം.

"അമ്മയുടെ വിയര്‍പ്പിന് ചേറിന്‍റെ ഗന്ധം
ഗ്രാമീണതയുടെ ടേബിള്‍മാനേര്‍സ്സും
അരുചിയുടെ വേവിച്ച കാച്ചിലും ചേമ്പും
ഫിയെറ്റ് കടക്കാത്ത നാട്ടുവഴികളും
ഇവിടെ എതിരേല്‍ക്കാന്‍ വേറെയെന്തുണ്ട്..."

കഷ്ടം!! കഷ്ടം!! കഷ്ടം!!

{ നിശാസുരഭി } at: July 8, 2011 at 2:26 AM said...

:) വൈകി ഞാന്‍, നന്നായി എഴുതി-ഒരു കഥപോലെ.. :)

{ ഋതുസഞ്ജന } at: July 11, 2011 at 1:48 AM said...

വളരെ ഇഷ്ടായി ചേച്ചി. എനിക്ക് ഫ്ലോപ്പായൊന്നും തോന്നിയില്ല:)

{ Jenith Kachappilly } at: July 23, 2011 at 5:12 AM said...

കവിത കൊള്ളാം. ഞാന്‍ എവിഎയോക്കെയോ കേട്ട്, വായിച്ച്, കണ്ട് മറന്ന ഒരു കഥാപാത്രമാണ് ഈ ഒപ്പോളെങ്കിലും കവിതയിലൂടെ വീണ്ടും വ്യത്യസ്തമായ ഒരു ഓര്‍മ്മപ്പെടുത്തലായി. അല്ല പ്രിയാ ഒരു സംശയം, അധികവും ഒപ്പോളുമാരെല്ലാം ഇങ്ങനെ തന്നെയാണോ? മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന, അവരുടെ സന്തോഷം സ്വന്തം സന്തോഷമാക്കുന്ന, സ്വന്തം സങ്കടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കുന്ന തരത്തിലുള്ളവരാണോ?? കൂടുതലും കേട്ടിരിക്കുന്നതും കണ്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും അങ്ങനെയാണേ അതുകൊണ്ട് ചോദിച്ചതാ...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ Lala Lajpat Bheel } at: January 19, 2012 at 11:18 AM said...

lan janee kee kikhio pio ahe

{ HARIDAS OLENCHERY } at: August 18, 2012 at 9:45 AM said...

നല്ല ശക്തിയുള്ള സ്വര പ്രമാണം. ഇഷ്ടമായി.

{ Anu Appukuttan } at: January 10, 2016 at 10:08 PM said...

എനിക്കൊരുപാട് ഇഷ്ടമായി..ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു ചേച്ചിയില്‍ നിന്ന്

Post a Comment

Search This Blog