നന്മ മറന്ന നന്മ

Saturday, January 29, 2011 40 comments


"കരിഞ്ഞൊട്ടിയ ഉദരവും കുഴിഞ്ഞ കണ്ണുകളില്‍ 
 കണ്ണീരുമായ് ഞാന്‍ നിന്‍റെ മുമ്പില്‍ വന്ന നാള്‍
         നന്മേ നിനക്കോര്‍മ്മയില്ലേ..
 വക്കുപൊട്ടിയ പിച്ചളപാത്രം നീട്ടി പഴംചോറിനായ് 
 നിന്നുമ്മറത്തുനിന്നു കേണതും നിനക്കോര്‍മ്മയില്ലേ..
 ഒന്നുംപറയാതെ  ഉള്‍വലിഞ്ഞു നീ നിന്‍റെ ശ്വാനനെ 
 എനിക്കുള്ള മറുപടിയായ്‌ നിയോഗിച്ചതും
         മറന്നു പോയോ...
 ഉടുതുണി കീറിയ നഗ്നതയില്‍ ശേഷിച്ച മാംസപിണ്ഡ
 ത്തില്‍ ചോര കീറിയ ചാലുമായ് പടിയിറങ്ങിയ 
        എന്നെ നീ മറന്നോ..
 എണ്ണപ്പെടാത്ത വിശപ്പിന്‍റെ ദിനങ്ങള്‍ക്ക് മുന്‍പില്‍ 
 വേച്ചു വേച്ചു ഞാന്‍ വീണപ്പോള്‍ അന്ത്യനീര്‍ തന്ന 
        കൈകള്‍ നന്മേ നിന്‍റെതായിരുന്നോ..
 അതോ എന്‍റെമ്മയുടെ കണ്ണീര്‍ പെയ്തിറങ്ങിയതോ.."

_________________________________________________________
_________________________________________________

കാലചക്രം

Monday, January 24, 2011 43 comments
  
വിരല്‍ത്തുമ്പില്‍ മണ്‍വാസന
             പിടയുന്ന  നൌക
കരം  കടലെടുത്തു....
             തെളിഞ്ഞ  കണ്ണാടിയില്‍ 
തളരാത്ത  പ്രതിബിംബം,
             എത്തിനോക്കിയ വിണ്ണിന്‍റെ 
മടിയില്‍ ഒരു മുത്ത്‌,
             തലയ്ക്കു  മുകളില്‍
കരയോളം  കനവുകള്‍,
             ദൃഷ്ടിക്കു  മുന്‍പില്‍
എത്തിപ്പെടാത്ത  വിദൂരത,
             തേടിയെത്തിയ  കാറ്റില്‍
കാലത്തിന്‍റെ   കയ്യൊപ്പ്,
             തിരശ്ശീലയ്ക്കു  പിന്നില്‍ 
മോക്ഷത്തിന്‍റെ  ചക്രം,
             വീണ്ടും  വരുമെന്ന 
ശുഭപ്രതീക്ഷ.....
             അവിടെ  തുടങ്ങുന്നു 
തുടര്‍ക്കഥയുടെ ചരിത്രം.

************************************************
*******************************************
 

നിത്യാനന്ദം

Tuesday, January 18, 2011 40 comments



സ്വപ്നദര്‍ശന സുന്ദരകാഴ്ചകള്‍ മുത്തമിട്ട
         ഓര്‍മ്മകള്‍ പ്രകാശപുഴയില്‍
ചെറുകുമിളകളായ് പൊട്ടിയൊടുങ്ങവെ
         വ്യര്‍ത്ഥലോകം വിതാനിച്ചു
  ചിതറിത്തെറിച്ചയെന്‍ വാക്കുകള്‍ കോര്‍ത്തി
         ണക്കി മഴനൂലില്‍ കൊരുത്ത  
മഞ്ഞുതുള്ളി പോല്‍ ഇതാ കാലത്തിന്‍ 
         കാലടികളില്‍ ‌സമര്‍പ്പണം...
ദിക്കുടയ്ക്കുന്ന അമ്മതന്‍ പ്രകമ്പനങ്ങളില്‍ 
         പൊട്ടിവിടര്‍ന്നമാത്രയില്‍ 
തുറന്നുപിടിച്ചൊരാ അറിവിന്‍റെ കാഴ്ചക
         ളില്‍ തേടുന്നതെല്ലാം 
നിത്യാനന്ദ പാതകള്‍ ദര്‍ശനങ്ങള്‍.....
         കിളിചൊല്ലുതിരുന്ന  വെണ്‍ശീതളിമയില്‍ 
മുട്ടിലിഴയുന്ന പെണ്‍പര്‍വ്വങ്ങളിന്‍ പാദപൂജ
         ചെയ്യുന്നു നിത്യാനന്ദര്‍........
പൊതിയുന്ന രോമതൂവലുകള്‍ക്കപ്പുറം 
         ആവാഹനമന്ത്രം ഉരുക്കഴിച്ച 
ഒറ്റകണ്ണന്മാര്‍ ഒപ്പിയെടുത്തൊരാ അറിവുകള്‍
         പകരുംതോറും ഇരട്ടിയായ്‌ 
പ്രതിഫലിക്കുമ്പോഴും പ്രദര്‍ശനപുണ്യം   
         തേടുന്നു നിര്‍ലജ്ജരായ്‌ പരമാത്മാക്കള്‍..
ജപം മറന്നു ജല്പിക്കുന്ന തപസ്വികള്‍ 
         മോഹഗിരിശൃംഘത്തിലമര്‍ന്നു 
അഗ്നിയായ്‌ തെളിയുമ്പോള്‍ കപടാനന്ദത്തി
         ലാറാടി ഹവിസ്സായ്‌  
ജന്മമൊടുക്കുന്നു അഭിധ്യാനഭക്തശിരോമണികള്‍‍..
         പുണ്യാത്മാക്കളിന്‍ ഭക്തിവിപണികളില്‍
 സത്യത്തിനോ ദൈവഹിതത്തിനപ്പുറത്തെ
         പുതുപുത്തന്‍ അര്‍ത്ഥഭേദങ്ങള്‍‍....
വിചാരണാശിഖരത്തിലമര്‍ന്ന മോഹപക്ഷികള്‍ 
         വീണ്ടും കൂടൊരുക്കി 
കാത്തിരിക്കുന്നതാര്‍ക്കു വേണ്ടി.....
         പ്രണയലോലുപര്‍ തന്‍ ആവനാഴി
കളില്‍ എയ്യുവാന്‍ അമ്പുകള്‍ ഇനിയുമേറെയുണ്ട്, 
         ലക്ഷ്യം തീര്‍ത്ത മനസ്സുകളും
കൈത്തഴക്കം മൂത്ത കരങ്ങളും പിന്‍വിളികള്‍
         തളര്‍ത്താത്ത ധീരതയും.. 
മറക്കാം ദുരയുടെ അനുഭവങ്ങള്‍......
         അര്‍ജ്ജുനാ നിനക്ക് കൃഷ്ണനെന്നപോല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  മന്ത്രമോതാന്‍ 
         ആവതില്ലാത്ത മനുഷ്യജന്മങ്ങളിന്‍ 
വ്യഥകളില്‍ മുങ്ങുന്നു നേര്‍വഴിയുടെ 
         മോക്ഷത്തിന്‍ ശംഖുനാദങ്ങള്‍...
മറക്കാം നമുക്ക് വീണ്ടുമീ ദുരയുടെ
         അനുഭവങ്ങള്‍.......
മറക്കാം നിത്യനന്ദര്‍ വെട്ടിയ വഴികളും
         സഞ്ചാരികളും പിന്നെ നാളെയുടെ  മോഹനവാഗ്‌ദാനങ്ങളും.........

******************************************************************

" ഡിസംബര്‍ പറഞ്ഞത്..."

Saturday, January 1, 2011 53 comments



കോടയിറങ്ങുന്ന കുന്നിന്‍ ചെരുവില്‍ പുല്‍ത്തലപ്പുകളെ 
തൊട്ടുരുമ്മി നിന്‍റെ നനവാര്‍ന്ന വിരല്‍ത്തുമ്പില്‍ തൊട്ടപ്പോള്‍ 
ഓ !!!!  ഡിസംബര്‍ നീയെന്നോട്‌ പറഞ്ഞു, ഇതു 
പോലൊരു  മഞ്ഞുകാലത്തായിരുന്നു നിന്‍റെ  ജനനമെന്ന്...
നിന്‍റെ കുളിരില്‍ മുങ്ങി പൂര്‍ണകായചന്ദ്രികയില്‍  
മിഴിനട്ടു നില്‍ക്കുമ്പോള്‍  ഡിസംബര്‍ ! വീണ്ടും നീയെന്നോട്‌ 
പറഞ്ഞു,ഇത് പോലൊരു പൌര്‍ണ്ണമി രാവിലായിരുന്നു 
നീ ആദ്യമായ് കരഞ്ഞതെന്ന്.............
വീശിയടിക്കുന്ന കാറ്റില്‍ ഞെട്ടറ്റു വീഴുന്ന പച്ചിലകളെ  
നോക്കി നില്‍ക്കുമ്പോള്‍ ഡിസംബര്‍ ! നീയെന്‍റെ  കാതിലോതി,
കാറ്റിനു പച്ചിലയെന്നോ പഴുത്തിലയെന്നോ ഭേദമില്ലെന്ന്.......
ധനുമാസപുലരിയില്‍ പുഴയുടെ തെളിനീരില്‍ കണ്ണാടി 
നോക്കിയിരിക്കുമ്പോള്‍ ഡിസംബര്‍ ! നീ പറഞ്ഞു ,
ഇന്നു തിരുവാതിരയാണ്...............
ഉരുകിയൊലിക്കുന്ന മെഴുകുതിരിയെ നോക്കിഎന്‍റെ 
ജീവിതവും നീയും ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ 
ഡിസംബര്‍ ! നീയെന്നോട്‌ പറഞ്ഞു,ഇന്നു നിന്‍റെ ജന്മദിനമാണ്....
പോയകാലദിനങ്ങള്‍  പടര്‍ത്തിയ  കറുപ്പില്‍ അലകടല്‍ 
ഇരമ്പിയാര്‍ത്ത് തിരതല്ലി പാഞ്ഞടുക്കുമ്പോള്‍ മുറുക്കെയടച്ച 
എന്‍റെ  മിഴികളെ  ഉടച്ചുകൊണ്ട്  ഉരുകിയൊലിച്ച  
തീവ്രവേദനകള്‍ തെളിനീര്‍കണങ്ങളായ് വിണ്ണിലലയാതെ
മണ്ണില്‍ വീണടിയുമ്പോള്‍ ഡിസംബര്‍ ! വീണ്ടും  
നീയെന്നോട്‌ പറഞ്ഞു ," കരയരുത് ഇന്നു നിന്‍റെ ജന്മദിനമാണ്...."


******************************************************

Search This Blog