പ്രിയ സോപാനം

Monday, April 25, 2011


മയൂരനടനം  വര്‍ഷമായി
          പ്രസൂനപാതം വസന്തമായി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഢക്ക കൊട്ടി തുയിലുണര്‍ത്തി

പീലി മലരായ്‌ കൂന്തല്‍ തേടി
          പവിഴഹാരം  വക്ത്രശോഭം
പ്രവാളവൃന്ദം  വേണുവൂതി
          ഗന്ധസാരം  ഗോപിയായി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി   രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം ചന്ദ്രലോലം
ഒഴിയവെ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കുമോ  പ്രിയനെനിക്കിനി
           കോടി  ജന്മം  കൂടി...
_________________________________________________

75 comments:

{ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. } at: April 25, 2011 at 2:50 PM said...

പടത്തിനൊത്ത ഗാഥ തന്നെ....!
അർത്ഥവ്യാപ്തം അതിതീഷ്ണം

‘പ്രണയമേകി രാധയാക്കി
മടിയില്‍ കിടത്തി മോഹമേകി
മെയ്‌ മറന്നു പ്രാണനേകി
അര്‍ക്കതീഷ്ണം ചന്ദ്രലോലം .’

{ SHANAVAS } at: April 25, 2011 at 9:41 PM said...

അതി തീക്ഷ്ണമായ വികാര വായ്പ് ഉണര്‍ത്തുന്ന കവിത.കവിതയോട് ഇഴുകിച്ചേരുന്ന ചിത്രവും.ആശംസകള്‍.

{ khader patteppadam } at: April 25, 2011 at 11:00 PM said...

കൃഷ്ണ പ്രണയം സുന്ദരമായ വരികളിലൂടെ..

{ sm sadique } at: April 25, 2011 at 11:14 PM said...

സ്നേഹമാം ഭക്തിയിൽ ഒരു കൃഷ് ണഗാഥ.
ആശംസകൾ……………..

{ sm sadique } at: April 25, 2011 at 11:16 PM said...

സ്നേഹമാം ഭക്തിയിൽ ഒരു കൃഷ് ണഗാഥ.
ആശംസകൾ……………..

{ Rajasree Narayanan } at: April 25, 2011 at 11:23 PM said...

hai superb Priya...

{ കണ്ണന്‍ | Kannan } at: April 25, 2011 at 11:33 PM said...

((((O)))) വിശദമായ കമന്റ് പുറകേ...

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) } at: April 25, 2011 at 11:40 PM said...

ചിത്രം കവിതയായി
കവിത ചിത്രമായി.

കാവ്യാതമകത തുളുമ്പുന്ന വരികളിലൂടെ അവതരിപ്പിച്ചു ..
ആശംസകള്‍

{ ഉമേഷ്‌ പിലിക്കോട് } at: April 25, 2011 at 11:40 PM said...

അപ്പൊ അങ്ങനെയൊക്കെയാണ് സംഭവങ്ങള്‍ ..!! ആശംസകള്‍ പ്രിയാ

{ Areekkodan | അരീക്കോടന്‍ } at: April 25, 2011 at 11:42 PM said...

ആശംസകൾ……………..

{ ആസാദ്‌ } at: April 25, 2011 at 11:42 PM said...

കൊള്ളാം ചങ്ങാതീ. വളരെ മനോഹരമായിരിക്കുന്നു. ഓരോ വാക്കിലും ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണ ഭക്‌തി. ചിത്രമാവട്ടെ കവിതയെ കുറിച്ച്‌ സംസാരിക്കുന്ന ചിത്രം. അരികും വക്കുമൊക്കെ ശരിക്കും നിറഞ്ഞു നില്‍ക്കുന്ന രചന. ഒരായിരം ആശംസകള്‍. ഈ രീതിരില്‍ സമീപിക്കൂ കവിതകളെ. ഈ രചനക്കെന്റെ ഒരു കൂപ്പു കൈ.

{ ജീ . ആര്‍ . കവിയൂര്‍ } at: April 25, 2011 at 11:44 PM said...

പ്രിയമാര്‍ന്ന കൃഷ്ണ ഭക്തിയുടെ മൂര്‍ത്തിവത് ഭാവങ്ങള്‍ മനോഹരമായ വരികളിലുടെ ഉതിര്‍ന്നു കണ്ണിനും മനസ്സിനും കുളിര്‍മ്മയെകുന്നു

{ T.A.Sasi } at: April 25, 2011 at 11:45 PM said...

പ്രിയ നല്ല കവിത;
ലിങ്ക് തന്നില്ലെങ്കിൽ
ഇത്രയും നല്ലൊരു കവിത
കാണാതെ പോയേനെ.

{ നൗഷാദ് അകമ്പാടം } at: April 25, 2011 at 11:47 PM said...

രാധയുടെ മനോവ്യാപാരത്തെ
കവയിത്രി മനോഹരമായിത്തന്നെ പകര്‍ത്തിയിരിക്കുന്നു..
കൂടെ ചേര്‍ത്ത ചിത്രം
അതിനനുയോജ്യമായ ഒരു മൂഡ് സൃഷ്ടിക്കുന്നു ഒപ്പം
വരികളൊക്കെത്തന്നെ നല്ല
വായനാസുഖവും നല്‍കുന്നുണ്ട്...

പക്ഷേ

"മയിലിറുത്തു മഴയാക്കി
പൂവിറുത്തു പുഴയാക്കി"

ഈ വരികള്‍ എനിക്ക് മനസ്സിലായില്ല..
എന്റെ അറിവിന്റെ പരിമിതിയാവാം...

{ MyDreams } at: April 25, 2011 at 11:47 PM said...

കൃഷ്ണ ഗാഥ .................ഒരു ഗാനം പോലെ

{ ഷബീര്‍ (തിരിച്ചിലാന്‍) } at: April 25, 2011 at 11:54 PM said...

കവിതയെ കുറിച്ച് പറയാന്‍ ഒന്നും അറിഞ്ഞൂട... അതുകൊണ്ട് ആശംസകള്‍..
ഫോട്ടോ നന്നായിട്ടുണ്ട്... കൊതിയായിപ്പോയി... എന്തുമാത്രം സ്വര്‍ണ്ണമാ.. ഹി..ഹി..

{ Jefu Jailaf } at: April 25, 2011 at 11:55 PM said...

അതി മനോഹരം .. ആശംസകള്‍..

{ ലീല എം ചന്ദ്രന്‍.. } at: April 25, 2011 at 11:55 PM said...

"നല്‍കീടുമോ എനിക്കിനി
കോടി ജന്മം കൂടി"
കിട്ടട്ടെ ഒരുകോടി ജന്മങ്ങള്‍ .
ആശംസകളോടെ
ചേച്ചി.

{ സീത* } at: April 26, 2011 at 12:05 AM said...

ആഹാ താളാത്മകമായ കവിത...കൃഷ്ണ ഭക്തിയിൽ ചാലിച്ച്...കുറേ പുതിയ വാക്കുകൾ പഠിച്ച സന്തോഷത്തിൽ മനസ്സ്...ആശംസകൾ

{ F A R I Z } at: April 26, 2011 at 12:45 AM said...

രാധാകൃഷ്ണ പ്രണയ ഭാവത്തില്‍
വിടര്‍ന്ന 'പ്രിയ സോപാനം' ആസ്വാദനാ
മനോഹാരിതയും ,അര്‍ത്ഥ വ്യാപ്തിയുമുള്ള,
ഒരു രചന.

'ഗന്ധസാരം ഗോപിയാക്കി
ഗാഥ പാടി കരളുരുക്കി
തുളുമ്പി വീണ നീര്‍ക്കണങ്ങള്‍
കൃഷ്ണ കൃഷ്ണയെന്നു പാടി'

തീക്ഷ്ണമായ, വൈകാരിക ഭാവം കൊണ്ട്
സമ്പന്നമായ വരികള്‍

'അര്‍ക്കതീഷ്ണം ചന്ദ്രലോലം
ഒഴുകവേ നിറയുന്ന പുണ്യം
കൃഷ്ണവര്‍ണ്ണം മാറിലേകി
നല്‍കീടുമോ എനിക്കിനി
കോടി ജന്മം കൂടി...'

അതിഭാവുകത്വമില്ലാത്ത കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന
ഒരു രാധാകൃഷ്ണ ഭാവ ഗാഥ. അതിവര്‍ണ്ണമില്ലാത്ത
ചായക്കൂട്ടില്‍ വരച്ചെടുത്ത അതിമനോഹര ചിത്രം
'പ്രിയ സോപാനം'.

കവിതയ്ക്ക് നല്‍കിയ ചിത്രത്തെ
മനോഹരമാക്കുന്നുവോ.
ചിത്രം കവിതയെ മനോഹരമാക്കുന്നുവോ?

സുന്ദരമായ, വ്യത്യസ്ത രുചിയുള്ള
ഒരു വിഭവം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശരാക്കാത്ത
വ്യക്തിത്വമുള്ള ഒരു ബാനെര്‍ "മഞ്ഞുതുള്ളി".
മഴനൂലില്‍ കോര്‍ത്ത മഞ്ഞുതുള്ളി

ഒരായിരം അഭിനന്ദനങള്‍
---ഫാരിസ്‌

{ the man to walk with } at: April 26, 2011 at 12:52 AM said...

മനോഹര പ്രണയഗാഥ
ആശംസകള്‍

{ Sabu M H } at: April 26, 2011 at 12:52 AM said...

‘മയിലിറുത്തു’
എന്ന വാക്ക് സകല ഭംഗിയും കളഞ്ഞു :(
കോഴിയുടെ കഴുത്തറുത്തു എന്നൊക്കെ വായിച്ചതു പോലെ തോന്നി..
ഇനി എന്റെ അജ്ഞതയാണോ ആവോ?

{ moideen angadimugar } at: April 26, 2011 at 1:29 AM said...

ഒരു കവിത കവിത

{ hafeez } at: April 26, 2011 at 2:08 AM said...

രാധ - കൃഷ്ണ പ്രണയത്തിനു തുല്യത ഇല്ല തന്നെ.. കവിത നന്നായി

{ ആചാര്യന്‍ } at: April 26, 2011 at 2:15 AM said...

വായിച്ചു....

{ Fousia R } at: April 26, 2011 at 2:21 AM said...

"അര്‍ക്കതീഷ്ണം ചന്ദ്രലോലം
ഒഴുകവേ നിറയുന്ന പുണ്യം"
ഇത് നന്നയിത്തോന്നി. ചില ആശയക്കുഴപ്പങ്ങള്‍ തോന്നിയത് കൂടി പറയട്ടെ.
മയിലെനെ ഇറുത്ത് മഴയാക്കിയത് എങ്ങിനാണെന്ന്
ഒരു പിടീം കിട്ടിയില്ല. ഒപ്പം ഇറുത്ത് മുടിയില്‍ ചൂടിയതും.
ഘൃതം നല്ല കട്ടിയില്‍ ഒറ്റക്ക് നില്‍ക്കുന്നുണ്ട്.
നെയ്യായിരുന്നേല്‍ ഒരു നേര്‍മ്മ ഉണ്ടാകുമയിരുന്നു എന്നു തോന്നി.
ഈറ്റയ്ക്ക് നല്ല ഉറപ്പല്ലേ. പൂപോലെ 'ഇറുക്കാന്‍' പറ്റുമോ?
ആശംസകള്‍

Anonymous at: April 26, 2011 at 3:52 AM said...

@Fousia R
ചിന്തകള്‍ക്കും ഭാവനകള്‍ക്കും തെളിഞ്ഞ ഭക്തിയുണ്ടെങ്കില്‍ പിന്നെ കഷ്ടമെന്തു...?
പൂപോലെ ഇറുക്കാം മാമലയെയും ...

@Sabu M H
മയിലറുത്തു എന്നല്ല ഇറുത്തു എന്നാണ്...എനിക്കും അറിയില്ല എന്റെ അജ്ഞതയാണോ അതോ സാബുവിന്‍റെ അജ്ഞതയാണോന്ന്‍.. :-))

{ Vayady } at: April 26, 2011 at 5:36 AM said...

"മയിലിറുത്തു മഴയാക്കി" എന്നത് പീലിയിറുത്തു മഴയാക്കി എന്നും
"മയിലിറുത്തു മുടിയില്‍ തിരുകി" എന്നതിനു പകരം പീലിയിറുത്തു മുടിയില്‍ തിരുകി എന്നും മാറ്റി വായിച്ചു നോക്കി.

രാധാമാധവം നന്നായി എഴുതി. കണ്ണനും, മഴയും, സംഗീതവും എനിക്കൊരുപാട് ഇഷ്ടമാണ്‌. ബ്ലോഗില്‍ ഇട്ടിരിക്കുന്ന ചിത്രചേച്ചിയുടെ പാട്ടും ആസ്വദിച്ചു. നന്ദി.

{ ആളവന്‍താന്‍ } at: April 26, 2011 at 6:08 AM said...

ആദ്യം കേട്ടത് ചിത്ര ചേച്ചിയുടെ പാട്ടായിരുന്നു. പിന്നെ കവിത... ആദ്യ വരിയിലെ ആ സംശയം ബാക്കി നില്‍ക്കുന്നുവെങ്കിലും പറയട്ടെ... ബ്ലോഗുകളിലെ കവിതകളില്‍ സാധാരണ കാണാത്ത ഒരു കാവ്യ ഭംഗിയുണ്ട് ഇതില്‍.... ഇഷ്ട്ടപ്പെട്ടു.

{ CYRILS.ART.COM } at: April 26, 2011 at 7:10 AM said...

കവിയൊന്നുമല്ല. കവിതയെഴുതും. അതില്‍ കവിത്വവും കാണില്ല. അതുകൊണ്ടു തന്നെ അഭിപ്രായത്തെ മുഖവിലയ്ക്കെടുക്കരുത്. ഇതെന്നെക്കുറിച്ച്. പ്രിയ സോപാനം വായിച്ചു. എഴുത്തില്‍ പ്രത്യേകതയുണ്ട്. വേറിട്ട ഒരു താളക്രമവും. ഞാന്‍ പല ട്യൂണുകളും ഇട്ടു. ചില വരികളില്‍ ( മയിലിറുത്തു മുടിയില്‍ തിരുകി,നല്‍കീടുമോ എനിക്കിനി കോടി ജന്മം കൂടി...) അവ ഉടക്കിനിന്നു. മറ്റൊന്ന് കൃഷ്ണനേയും രാധയേയും പ്രത്യേകമായി എടുത്തു പറയാതെ തന്നെ അവരുടെ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാണ് ഈ കവിതയില്‍. പ്രിയദര്‍ശിനിയുടെ മഞ്ഞുതുള്ളിക്ക് നന്ദി.

{ CYRILS.ART.COM } at: April 26, 2011 at 7:15 AM said...

കവിയൊന്നുമല്ല. കവിതയെഴുതും. അതില്‍ കവിത്വവും കാണില്ല. അതുകൊണ്ടു തന്നെ അഭിപ്രായത്തെ മുഖവിലയ്ക്കെടുക്കരുത്. ഇതെന്നെക്കുറിച്ച്. പ്രിയ സോപാനം വായിച്ചു. എഴുത്തില്‍ പ്രത്യേകതയുണ്ട്. വേറിട്ട ഒരു താളക്രമവും. ഞാന്‍ പല ട്യൂണുകളും ഇട്ടു. ചില വരികളില്‍ ( മയിലിറുത്തു മുടിയില്‍ തിരുകി,നല്‍കീടുമോ എനിക്കിനി കോടി ജന്മം കൂടി...) അവ ഉടക്കിനിന്നു. മറ്റൊന്ന് കൃഷ്ണനേയും രാധയേയും പ്രത്യേകമായി എടുത്തു പറയാതെ തന്നെ അവരുടെ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാണ് ഈ കവിതയില്‍. പ്രിയദര്‍ശിനിയുടെ മഞ്ഞുതുള്ളിക്ക് നന്ദി.

{ കിങ്ങിണിക്കുട്ടി } at: April 26, 2011 at 7:28 AM said...

മയിലിറുത്തു മഴയാക്കി എന്നത്ന്മയിലിന്റെ നൃത്തവും മഴയും തമ്മിലുള്ള ബന്ധമാണോ ഉദ്ദേശിച്ചത്? മയിലിറുത്തു മുടിയില്‍ തിരുകി എന്നത് മയിൽപ്പീലിയും ആയിരിക്കുമല്ലേ? എന്നാലും ഇറുത്തു എന്ന പ്രയോഗം ഭംഗി കുറച്ചില്ലേ എന്നാണ് എന്റേയും അഭിപ്രായം.. കവിത മൊത്തത്തിൽ കൊള്ളാം.. പ്രാസം നന്നായിട്ടുണ്ട്. കർണ്ണ സുഖമേകുന്ന വാക്കുകളും. നന്നായിട്ടുണ്ട് ചേച്ചി..

ഇപ്പോൾ കുറച്ച് തിരക്കിലാ അതാ മെയിലും വിവരവും ഒന്നും ഇല്ലാത്തത്..

{ കണ്ണന്‍ | Kannan } at: April 26, 2011 at 7:35 AM said...

എനിക്കീ കവിത ഒരുപാടിഷ്ടമായി.. കൃഷ്ണനെ പറ്റി എന്തെഴുതിയാലും എനിക്ക് ഒരുപാടിഷ്ടമാണ്... നല്ല ഈണത്തിൽ പാടാൻ കഴിയുമെന്ന് തോന്നുന്നു.... നല്ല കവിത ചേച്ചി.. മെയിൽ കണ്ടപ്പോഴേ വായിച്ചിരുന്നു.. വലിയ ഒരു കമന്റ് ഇടണമെന്നുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഒന്നും വരുന്നില്ല..

###
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം...
പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..
ഞാൻ പാടും ഗീതത്തോടാണോ..

ശംഖുമില്ലാ..കുഴലുമില്ലാ...
നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ...
വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ...
ചന്ദനം പോൽ മാറിലണിയുന്നൂ‍....
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു...
പറയരുതേ.. രാധയറിയരുതേ..
ഇതു ഗുരുവായൂരപ്പാ രഹസ്യം..
###

{ വാഴക്കോടന്‍ ‍// vazhakodan } at: April 26, 2011 at 7:40 AM said...

കൃഷ്ണാ നീ ബേഗനേ ബാറോ....

{ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur } at: April 26, 2011 at 8:02 AM said...

പ്രണയകവിതയും ഭക്തികവിതയും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്ത എനിക്കും നല്ല കവിത എന്ന് പറയാന്‍ പറ്റുന്ന കവിത.. ആശംസകള്‍.

Anonymous at: April 26, 2011 at 8:26 AM said...

@കിങ്ങിണിക്കുട്ടിക്ക്‌ കാര്യം പിടികിട്ടി....നന്ദി ട്ടോ..
ആദ്യത്തെ രണ്ടു വരികള്‍ സൃഷ്ടിയെ കുറിക്കുന്നു.. അതില്‍ ബിംബങ്ങള്‍ ആക്കിയത് മയിലിനെയും പൂക്കളെയും..മയിലിന് മഴയുമായി വേര്‍തിരിക്കാനാവാത്ത ബന്ധമുണ്ട്...ബിംബങ്ങള്‍ ആശയവുമായി യോജിപ്പിക്കാന്‍ അതു ദ്യോതിപ്പിക്കുന്ന വാക്കുകളെ എടുത്തെഴുതി...

{ ente lokam } at: April 26, 2011 at 8:52 AM said...

ഒരു അനശ്വര പ്രേമ കാവ്യം
കാച്ചി കുറുക്കി വേദിയില്‍
ആവിഷ്കരിക്കപ്പെട്ട
പ്രതീതി..ചിത്രവും കവിതയും
കഥ ഒത്തിരി പറയുന്നു..മനോഹരം..

{ ismail chemmad } at: April 26, 2011 at 9:14 AM said...

കൃഷ്ണ- രാധ നന്നായി എഴുതി.മനോഹരമായ ചിത്രം ഇതിനു മിഴിവേകി . ആശംസകള്‍. ഇനിയും ഒരുപാട് മികച്ച രചനകള്‍ വിരിയട്ടെ.
(മുകളിലെ കമെന്റുകള്‍ വായിച്ചു. ആധികാരികമായി കവിതയെ വിലയിരുത്താന്‍ അറിയാത്തത് കൊണ്ടു കൂടുതല്‍ അഭിപ്രായം എഴുതുന്നില്ല. പക്ഷെ പല വരികളിലും നന്നായി തോന്നി. )

{ Manoraj } at: April 26, 2011 at 9:24 AM said...

പ്രിയ ബിംബങ്ങള്‍ ഊഹിച്ചത് തന്നെയെങ്കിലും കിങ്ങിണിക്കുട്ടി പറഞ്ഞത് പോലെ ആ ഇറുത്തു അവിടെ ഇങ്ങിനെ വേറിട്ട് നില്‍ക്കുന്നു. പക്ഷെ ആളവന്താന്റെ അഭിപ്രായത്തിനടിയില്‍ ഒരു ഒപ്പ് വെക്കട്ടെ. ബ്ലോഗുകളില്‍ ഇത്തരം കവിതകള്‍ കാണാറേയില്ല. ഗദ്യകവിതകളുടെ ഈ കാലത്ത് കവിതയില്‍ പദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന് ഒരു ഹാറ്റ്സ് ഓഫ്.. പ്രിയയുടെ വഴി കവിത തന്നെയെന്ന് തോന്നുന്നു. ഇനിയും എഴുതുക. ബ്ലോഗിനും പുറത്തേക്ക് തീര്‍ച്ചയായും എത്തപ്പെടേണ്ടത് തന്നെ..

Anonymous at: April 26, 2011 at 9:35 AM said...

മഞ്ഞുതുള്ളിപോലെ മനോഹരം ഈ വരികൾ ചിത്രം അതിലും മനോഹരം...ഇതാണു കവിത ഇതു തന്നെ കവിത... കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്ന
ഒരു നല്ല കവിത . ... ആശംസകൾ..

{ ഏപ്രില്‍ ലില്ലി. } at: April 26, 2011 at 10:28 AM said...

ഹായ് മഴതുള്ളി.. കവിത ഇഷ്ടപ്പെട്ടു. പക്ഷെ എനിക്കും പലരും എഴുതിയ പോലെ ആദ്യത്തെ വരികള്‍ വായിച്ചപ്പോള്‍ എന്തോ പിടികിട്ടായ്മ പോലെ തോന്നി. മയിലിരുത്തു എന്ന് വായിച്ചപ്പോള്‍ എന്തോ ഒരു 'ഇത്'. പക്ഷെ പ്രിയയുടെ വിശദീകരണവും, പിന്നെ ശ്രീ വായാടി എഴുതിയപോലെ ഒന്ന് ആലോചിച്ചും നോക്കിയപ്പോള്‍ ഒന്നുകൂടി ഇഷ്ടപ്പെട്ടു. ആശംസകള്‍.

{ ഹംസ } at: April 26, 2011 at 12:35 PM said...

ആശംസകള്‍ :)

{ സിദ്ധീക്ക.. } at: April 26, 2011 at 12:45 PM said...

ഭക്തിസാന്ദ്രമായ നല്ല ഒതുക്കമുള്ള വരികള്‍ ..
നന്നായി പ്രിയാ ..

{ Sabu M H } at: April 26, 2011 at 2:59 PM said...

ഞാനുദ്ദേശിച്ചത്ത് പ്രിയയ്ക്ക് വ്യക്തമായില്ലെന്നു തോന്നുന്നു..
ചെടിയിൽ നിന്നു പൂവിറിക്കുകയേ ചെയ്യുകയുള്ളൂ..ചെടിയിറുക്കാറില്ല..
ഇപ്പോൾ വ്യക്തമായെന്നു വിശ്വസിക്കുന്നു.. :)

{ Lipi Ranju } at: April 26, 2011 at 4:24 PM said...

ചിത്ര ചേച്ചിയെ കണ്ടതുകൊണ്ടു, അവരുടെ കുഞ്ഞിനെ ഓര്‍ത്തു കൊണ്ടാണ് ഇത് വായിച്ചത്. അതുകൊണ്ടാവും കൃഷ്ണ ഭക്തയായ
ആ പാവത്തിനെ പറ്റിച്ച കൃഷ്ണനോട് എനിക്ക് ദേഷ്യം തോന്നിയത്.
ഈ കവിത മനോഹരമായി പ്രിയേ, പക്ഷെ നല്ലതെന്തെങ്കിലും
പറയാന്‍ എനിക്കിത് നല്ല മൂഡില്‍ പിന്നെ ഒന്നൂടെ വായിക്കണം.

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: April 26, 2011 at 8:35 PM said...

ഹൃദ്യം.ഒഴുക്കോടെ വായിക്കാം.
അര്‍ക്കതീഷ്ണം ചന്ദ്രലോല -
മൊഴുകവേ നിറയുന്ന പുണ്യം
എന്നതല്ലേ കവിതയുടെ ഒഴുക്കിനു കൂടുതല്‍
ചേര്‍ന്നതു്.

{ Kalavallabhan } at: April 26, 2011 at 10:20 PM said...

കരിമുകിലുകൾ പീലിയാക്കി വിടർത്തി നില്ക്കുന്ന മയിനെ ഇറുത്ത് മഴയാക്കി, ഇതിനപ്പുറം വർണ്ണന വേണോ ?
ഇതേ കരിമുകിലുകൾ വിടർത്തിനില്ക്കുന്ന മയിലിനെ പൂവായി കാണാനും അത് ഇറുത്ത് തലയിൽ ചൂടുന്നുവെന്നെഴുതാനും കവിയ്ക്കാവും.

ഒരിക്കലും പറഞ്ഞും പാടിയും തീരാത്ത ഈ പ്രണയ കഥകളുടെ സോപാനം വരെ എത്തുവാനേ നമുക്കാവൂ.

{ ചന്തു നായര്‍ } at: April 26, 2011 at 11:36 PM said...

പ്രീയമോൾ... കവിതയും അതിന്റെ താളവും ലയവും വളരെ ഇഷ്ടമായി... പക്ഷേ കിങ്ങിണിക്കുട്ടി പറഞ്ഞ പൊരുൾ വായനക്കാർക്ക് മനസ്സിലായി... എങ്കിലും ‘മയിലിറുത്ത്’ എന്ന വാക്ക് വല്ലാതെ’ഒറ്റതിരിഞ്ഞ്’ നിൽക്കുന്നൂ..ബിംബങ്ങളാണെങ്കിലും വാക്കുകളിലേക്ക് കൊണ്ട് വരുമ്പോൾ കുറച്ച് കൂടി വ്യക്തതയും ഭംഗിയും ഉണ്ടാകണം.. ഒന്ന് രണ്ട് വാക്കുകൾ മറ്റിയാൽ മനോഹരമായ കവിത.. വാക്കുകളുടെഅർത്ഥങ്ങൾകൂടെ നമ്പറിട്ട് താഴെ എഴുതിയാൽ നന്നായിരിക്കും എന്നൊരു അഭിപ്രായം എനിക്കുണ്ട്.. ബ്ലോഗ് എഴുത്തിലെ വായനക്കാരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ട്... നല്ല ഭാവനക്കും താളമുള്ള രചനക്കും ഭാവുകങ്ങൾ

{ കെ.എം. റഷീദ് } at: April 27, 2011 at 12:07 AM said...

ഒരു സുന്ദര പ്രണയ കവിത
കൃഷ്ണനുമായി ചേര്‍ന്ന് നില്‍ക്കുന്ന ഭാവന

Anonymous at: April 27, 2011 at 2:00 AM said...

പ്രിയ സാബുവിന്,

കവിതയല്ലേ അവിടെ ഫാന്റസിക്കല്ലേ പ്രാധാന്യം...? മറ്റെന്തു വാക്ക് പകരം ചേര്‍ത്താലും അവിടെ ഉണ്ടാവുന്ന സ്വാഭാവിക താളം നഷ്ടപ്പെടും...പലപ്പോഴും നമ്മുടെയെല്ലാം മാനസികവ്യാപാരങ്ങള്‍ക്ക് അര്‍ത്ഥതലങ്ങള്‍ ഉണ്ടായെന്ന് വരില്ല..കാല്പനികതയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും...അതുകൊണ്ടായിരിക്കും പൊരിവെയിലത്ത് നില്‍ക്കുമ്പോഴും ഹിമാലയത്തിന്റെ തണുപ്പ് അനുഭവപ്പെടുന്നത്...ചിലപ്പോഴെല്ലാം ഒരപ്പൂപ്പന്‍ താടിയെ പോലെ പറന്നു ആകാശം തൊടുന്ന ശിഖരങ്ങളില്‍ കൂട് കൂട്ടാറുണ്ട്.....സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളാണ് യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം മനസ്സിനെ സമ്പുഷ്ടമാക്കുന്ന, സുഖിപ്പിക്കുന്ന. കെട്ടുപാടുകളും നിരോധനങ്ങളുമില്ലാത്ത ലോകം...നീതിയും നിയമവും രാജാവും പ്രജയും എല്ലാം ഒന്നുതന്നെ..ചോദ്യങ്ങളും സംശയങ്ങളും മറ്റൊന്നിന്‍റെ ചിന്താമണ്ഡലത്തിലേക്ക് കടക്കുമ്പോള്‍ ഒരുപക്ഷെ ഗുരുത്വാകര്‍ഷണം നഷ്ടമായെന്ന് വരും...കഥപറയുന്ന പാറക്കൂട്ടങ്ങളും നടക്കുന്ന മരങ്ങളും പറക്കുന്ന അശ്വങ്ങളുമൊക്കെ
വിഹരിക്കുന്ന ലോകം മാനസികതലങ്ങളില്‍ ഉദ്ദീപനം ഉണ്ടാക്കുമ്പോള്‍ പുത്തന്‍ രചനകള്‍ പേറ്റുനോവേകി പുറത്തേക്കൊഴുകുന്നു.. ചിന്താമണ്ഡലങ്ങള്‍ക്ക് വാനോളം ഉയര്‍ച്ചയ്ക്കും കടലോളം താഴ്ചയ്ക്കുമപ്പുറം സാധൂകരിക്കുന്ന മറ്റെന്തൊക്കെയോ തലങ്ങള്‍ ഉണ്ട്...സമ്പൂര്‍ണം സ്വപ്നമാണ് പ്രായോഗികമല്ലാത്ത കെട്ടുകാഴ്ച....

സ്നേഹത്തോടെ മഞ്ഞുതുള്ളി....

{ Veejyots } at: April 27, 2011 at 2:52 AM said...

meera bhajan pole manoharam .......

ivide poovum mayilum kaviyatriyude atlma bimbangal allenkil swakarya swapnangal anu .. ava kondu puzhayum mazhayum nalki kannane unarthukayanu ..

"mulayiruthu" ennathinu pakaram "mulayaruthu " ennayenkil .....ashamsakal

{ മഹേഷ്‌ വിജയന്‍ } at: April 27, 2011 at 3:05 AM said...

ഈ കമന്റുകള്‍ ഒക്കെ വായിക്കുന്നതിനു മുന്നേ തന്നെ, 'മയിലിറുത്തു' എന്നതില്‍ ഒരു അഭംഗി എനിക്ക് തോന്നിയിരുന്നു. ആ പ്രയോഗം ക്രൂരമായ ഒരു ഭാവന ആയി മനസ്സില്‍ തെളിയുന്നു.. കവിതയിലെ മറ്റു മനോഹര വരികളെ പിന്നിലാക്കതക്ക വിധം 'മയിലിറുത്തു' മുഴച്ചു നിന്നു എന്ന് എനിക്കും തോന്നുന്നു....

{ musthuഭായ് } at: April 27, 2011 at 4:11 AM said...

സംഭവം കൊള്ളാട്ടൊ.....ഗംഭീര വരികൾ അതു കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല...........ആശംസകൾ

{ രമേശ്‌ അരൂര്‍ } at: April 27, 2011 at 6:13 AM said...

ചിത്രയുടെ കീര്‍ത്തനം കേട്ടു..കവിതയും വായിച്ചു ..വിമര്‍ശിക്കാന്‍ ഞാന്‍ വെറുതെ സമയം കളയുന്നില്ല ..ആശംസകള്‍ ..

{ ajith } at: April 27, 2011 at 10:44 AM said...

മഞ്ഞുതുള്ളീ, മയിലിറുത്തു എന്ന വാക്ക് കാവ്യ സങ്കല്പത്തെ നീതീകരിക്കുന്നില്ല എന്നത് കവിത വായിച്ചപ്പോഴും കമന്റുകള്‍ വായിച്ചപ്പോഴും മനസ്സില്‍ തോന്നി. (കുട്ടി ആലോചിച്ചാല്‍ അതിനെക്കാള്‍ മനോഹരപദം കിട്ടുകയില്ലേ? വൊക്കാബുലറിയില്‍ ഒന്ന് തിരഞ്ഞുനോക്കൂ തീര്‍ച്ചയായും കിട്ടും )

{ Salam } at: April 27, 2011 at 3:04 PM said...

മനോഹരമായ കവിത നന്നായി ആസ്വദിച്ചു എന്ന് മാത്രം പറയാം

{ ജയിംസ് സണ്ണി പാറ്റൂര്‍ } at: April 27, 2011 at 8:00 PM said...

ഉചിതം വശങ്ങള്‍ ചെത്തി ചെത്തി
കാന്തിയെഴുന്നീ കാവ്യ വജ്രത്തിനു

{ Echmukutty } at: April 27, 2011 at 9:33 PM said...

സന്തോഷം.... നല്ലൊരു കവിത.
നല്ല പദ സമ്പത്തുള്ള മഞ്ഞുതുള്ളി ഇനിയും ഒത്തിരി ആഹ്ലാദിപ്പിയ്ക്കുമെന്ന് കരുതിക്കൊണ്ട്...... ഒത്തിരി അഭിനന്ദനങ്ങൾ..

ചിത്രയുടെ കീർത്തനം കേട്ടു.

{ Rajasree Narayanan } at: April 27, 2011 at 10:22 PM said...

പ്രിയ,
"മയിലിറുത്തു മഴയാക്കി" വരികള്‍ വളരെ ചേതോഹരവും മുഗ്ദവും ആയിരുന്നു.

മോഡേണ്‍ കവിതയില്‍ കാണുന്ന വരികള്‍ക്ക് പദാനുപദ തര്‍ജമ കാണേണ്ടതില്ല.
പ്രത്യേകിച്ചു ആധുനിക കവിതയില്‍.
ആല്ലെങ്ങില്‍ വൃത്തം,അലങ്ഗാരം ഒപ്പിച്ചു എഴുതണമായിരുന്നു.
എങ്കില്‍ ഈ മയില്‍ ഇറുത്തു എന്നത് ചേരാത്ത വാക്കായേനെ .

"ആറാട്ടിനാനകള്‍ എഴുന്നള്ളി " എത്ര പേര്‍ ഹൃദയത്തിലേറ്റി നടന്നു പാടിയിട്ടുണ്ട്?ആറാട്ടിന് ആനകള്‍ അല്ല, ഭഗവാന്‍ അല്ലെ എഴുന്നല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ കവി ശ്രീകുമാരന്‍ തമ്പി
പറഞ്ഞ മറുപടി പ്രസക്തം..
ഭഗവാന്റെ വിഗ്രഹവും ആയി ആനകള്‍ എഴുന്നെള്ളി എന്നാണു വിവിക്ഷ അത്രെ..
..ഇവിടെ" ഭഗവാന്റെ വിഗ്രഹവും" ഗോപ്യാര്തം..

ഇത് പോലെ ഗോപ്യമായ പല വ്യന്ഗാര്തവും കവിതയില്‍ ഒളിപ്പ്പിച്ചു വാച്യാര്തതിലൂടെ അനുവാചകരെ കയ്യിലെടുത്താല്‍ യഥാര്‍ത്ഥ കവിതയുടെ പിറവി ആയി..

രാമായണം എഴുതിയിരിന്ന സമയം പല രാമായണം പല ആളുകളും എഴുതി ഇരിക്കാം.
എന്നാല്‍ മലയാളത്തില്‍ ഒരേ ഒരു രാമായണം ആണ് ഇന്ന് പോപ്പുലര്‍ ,ആദ്ധ്യാത്മ രാമായണം.
പല അഭിപ്രായങ്ങള്‍ ആനേരം വന്നിരിക്കാം.
ആളുകള്‍ പറയും തരത്തില്‍ എഴുത്തച്ചന്‍ രാമായണം പല സമയം മാറ്റി എഴുതിയിരുന്നില്ല

വാക്കുകളുടെ കസര്താണ് ഇന്നത്തെ കവിതകള്‍.
ഫാന്റസി പ്രധാനം.
താള ബോധവും രാഗ രസവും കവിതക്ക് പ്രധാനം..
താന്‍ എഴുതുന്നത് തനിക്ക് കൂടി ആസ്വദിക്കാന്‍ എന്ന ചിന്ത ഉണ്ടായിരിക്കട്ടെ..

{ Rajasree Narayanan } at: April 27, 2011 at 10:53 PM said...

hi Priya,

എന്തിനായിരുന്നു പ്രിയ ആ വരികള്‍ മാറ്റിയത് ?..
സത്യത്തില്‍ ആ കവിതയുടെ attraction ആ വരികള്‍ ആയിരുന്നു .
ക്കാക്ക തോള്ളയിരം അഭിപ്ര്രയങ്ങള്‍ കാണും
അവക്കനുസരിച് വരികള്‍ മാറ്റാന്‍ പോയാല്‍ ...?

ഒരിക്കല്‍ ഒരു കാക്കയ്ക്ക് സുന്ദരി ആകാന്‍ മോഹം
മയിലിനോദ്‌ പീലി കടം വാങ്ങി , അരയന്നതോദ് നിറം
കടം വാങ്ങി , കുയിലിനോട് ശബ്ദം കടം വാങ്ങി ..
കോഴിയോട് തൂവല്‍ ..
തത്തയോദ് പച്ച കടം വാങ്ങി
..അവസാനം ഈ വിചിത്ര ജീവിയെ ക്കണ്ട് ആളുകള്‍
മൂക്കില്‍ വിരല്‍ വെച് കഷ്ടം പറഞ്ഞു

{ ചന്തു നായര്‍ } at: April 27, 2011 at 11:15 PM said...

റീ പോസ്റ്റ് എന്ത് കോണ്ടും നന്നായി...തെറ്റുകൾ സഹജമാണു.. എഴുതുന്ന ആളിന്റെ ചിന്തയായിരിക്കില്ല വായനക്കാരിലുണ്ടാകുന്നത്.. അങ്ങനെ വരുത്തുന്നതാണു രചയിതാവിന്റെ കഴിവ്.. ഇവിടെ സഭവിച്ചത് ചിന്താപരമായ തർക്കങ്ങളല്ലാ മറിച്ച് വാക്കുകളുടെ പ്രയോ ഗങ്ങളെ ക്കുറിച്ചായിരുന്നൂ.. അതിൽ മാറ്റം വരുത്തിയതിൽ അഭിനന്ദിക്കുന്നൂ..നമ്മളാരും പൂർണ്ണരല്ലല്ലോ....... ഭാവുകങ്ങൾ

{ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ } at: April 28, 2011 at 2:31 AM said...

വരികൾ നന്നായി ഇഷ്ടപ്പെട്ടു
വരികൾക്കിടയിൽ തീവ്രമായ പ്രണയത്തിന്റെ
അലയൊലികൾ നിറഞ്ഞു നിൽക്കുന്നു..
മറ്റൊന്നും പറയാൻ എനിക്ക് കഴിയില്ല.
ആശംസകൾ!

{ Akbar } at: April 28, 2011 at 2:49 AM said...

മഞ്ഞുതുള്ളി (priyadharsini) said.>>>> കവിതയല്ലേ അവിടെ ഫാന്റസിക്കല്ലേ പ്രാധാന്യം...? മറ്റെന്തു വാക്ക് പകരം ചേര്‍ത്താലും അവിടെ ഉണ്ടാവുന്ന സ്വാഭാവിക താളം നഷ്ടപ്പെടും....................ചിന്താമണ്ഡലങ്ങള്‍ക്ക് വാനോളം ഉയര്‍ച്ചയ്ക്കും കടലോളം താഴ്ചയ്ക്കുമപ്പുറം സാധൂകരിക്കുന്ന മറ്റെന്തൊക്കെയോ തലങ്ങള്‍ ഉണ്ട്...സമ്പൂര്‍ണം സ്വപ്നമാണ് പ്രായോഗികമല്ലാത്ത കെട്ടുകാഴ്ച....
---------------------

ഇനി ഒന്നും പറയാനില്ല. ചിന്തകളുടെ മഴ മേഖങ്ങളില്‍ മനസ്സ് ഒഴുകി നടക്കുമ്പോള്‍ വാക്കുകള്‍ക്കു പഞ്ഞമില്ല. അവ കവിതയായും ക്രിയാത്മക രചനകാളായും ഭൂമിയില്‍ വര്‍ഷിക്കും. വായനയുടെ പെരുമഴക്കാലം തരും. ഒരു വേള നാമതില്‍ സ്വയം നഷ്ടപ്പെടും. ... ഇതാ ഇതു പോലെ.

അങ്ങിനെ പിറക്കുന്ന രചനകള്‍ കാലത്തെ അതിജീവിക്കും. .
.

{ Jenith Kachappilly } at: April 28, 2011 at 5:10 AM said...

കവിത വിലയിരുത്താന്‍ ഞാന്‍ ആളല്ല എങ്കിലും ശ്രദ്ധിച്ച കാര്യങ്ങള്‍ പറയാം. വാക്കുകളുടെ ഘടന നന്നായിട്ടുണ്ട്. ഒരു താളമുണ്ടായിരുന്നത് കൊണ്ട് വായിക്കാന്‍ സുഖമുണ്ടായിരുന്നു. ഒപ്പം മലയാളത്തില്‍ പ്രിയയ്ക്ക് നല്ല പ്രവീണ്യം ഉണ്ടെന്നു മനസിലാകുകയും ചെയ്തു. പിന്നെ കവിത ഇഷ്ട്ടപ്പെട്ടോ ഇല്ലയോ എന്നുള്ള വ്യക്തമായ അഭിപ്രായം ഞാന്‍ പറയാത്തത് എനിക്ക് ചിലതൊന്നും മനസിലാകാത്തത് കൊണ്ടാണ്. പ്രിയയുടെ ഇതിനു മുന്‍പുള്ള കവിതകളില്‍ ഞാന്‍ കണ്ടിരുന്ന പ്രത്യേകത എന്നെപ്പോലുള്ള ഏതൊരു സാധാരണക്കാരനും മനസിലാകും എന്നുള്ളതായിരുന്നു ഇതില്‍ എനിക്ക് ചില കാര്യങ്ങളൊന്നും പിടി കിട്ടിയില്ല. അത് പ്രിയയുടെ കുഴപ്പമല്ല കേട്ടോ, എന്‍റെ കുഴപ്പമാണ്...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

{ Shukoor } at: April 28, 2011 at 7:17 AM said...

ഭക്തകവിത ഇഷ്ടമായി.
ചെറുശ്ശേരി ആയി മാറുമോ.?

{ മുകിൽ } at: April 28, 2011 at 10:18 AM said...

നന്നായി. നയനാമൃതം. കർണ്ണാമൃതം, മനനാമൃതം.

Anonymous at: April 28, 2011 at 11:38 AM said...

സുഹൃത്തുക്കളെ,

ഇങ്ങിനെയൊരു മാറ്റത്തിന് ഞാന്‍ ഒട്ടും ആഗ്രഹിച്ചിരുന്നില്ല...പക്ഷെ ആ വരികള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്തു ഭക്തിയ്ക്ക് പകരം രക്തംചിന്തിയ പോസ്റ്റ്‌ ആയി...കൃഷ്ണനെ പറ്റിയുള്ളതായതിനാല്‍ മറ്റൊരു വഴിയിലേക്ക് ഭാവന പോകുന്നത് എനിക്ക് അരോചകമായി തോന്നി...ക്രൂരമായ ഭാവനയാണ് കവയിത്രിയുടെ എന്ന് പോലും വിശേഷണം ഉണ്ടായി...
" ഇറുക്കുക " എന്നാല്‍ പലരുടെയും ധാരണ വേദനയോടെ പറിച്ചെടുക്കുക എന്നായിരുന്നു... പൂവിറുക്കുക എന്ന് പറയുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ നോവിക്കാതെ മൃദുലമായി അതു സ്വന്തമാക്കുക എന്നായിരുന്നു...അത് മനസ്സില്‍ വെച്ചാണ് ആ വാക്ക് ഇവിടെ പ്രയോഗിച്ചത്.. പക്ഷെ അതു പലരും " അറക്കുക " എന്ന അര്‍ത്ഥത്തില്‍ എടുത്തു.. മറ്റേതു വിഷയത്തെക്കുറിച്ചുള്ള പോസ്റ്റ്‌ ആണെങ്കിലും ഞാനിങ്ങനെയൊരു മാറ്റം വരുത്തില്ലായിരുന്നു... ആധുനിക കവികള്‍ അവര്‍ക്കുപോലും നിശ്ചയമില്ലാതെ രീതിയില്‍ എഴുതാറുണ്ട്..അര്‍ത്ഥം ചോദിച്ചാല്‍ എന്തെങ്കിലും പറഞ്ഞൊഴിയുന്നവരായിരിക്കും പലരും.. ഞാനൊരിക്കലും അങ്ങിനെ എഴുതാറില്ല.. ഞാന്‍ എഴുതുന്ന ഓരോ വരിയും എനിക്ക് നിശ്ചയവും തീര്ച്ചയും ഉണ്ടായിരിക്കും..ഈ കവിതയിലും അങ്ങിനെത്തന്നെയായിരുന്നു.....പക്ഷെ എന്‍റെ ചിന്തകള്‍ ,ഭാവന അത് അനുവാചകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല..അത് എന്‍റെ തോല്‍വിയായി കണക്കാക്കുന്നു...വേദനയോടെയാണ് റീ പോസ്റ്റ്‌ ചെയ്തത്..മുന്‍പ് കിട്ടിയ വായനാസുഖം ഇപ്പോള്‍ ഇല്ലാതായി എന്നെനിക്കറിയാം.. വേദനയുണ്ട്..തുറന്നെഴുത്തിന് ഒരുപാട് നന്ദിയുണ്ട്...

സ്നേഹത്തോടെ പ്രിയ മഞ്ഞുതുള്ളി.....

Anonymous at: April 28, 2011 at 11:41 AM said...

കമന്റ്‌ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരുപാട് നന്ദി...

{ ചെറുവാടി } at: April 29, 2011 at 1:15 AM said...

എപ്പോഴും എനിക്ക് കവിത അറിയില്ല അറിയില്ല എന്ന് പറയുന്നതില്‍ ഔചിത്യം ഇല്ലെന്നറിയാം. പക്ഷെ അതാണല്ലോ സത്യം. :)
എന്നാലും ഞാന്‍ ശ്രമിക്കാറുണ്ട് ഒന്ന് പിടിച്ചെടുക്കാന്‍. ഇത് നന്നായി. പിന്നെ കമ്മന്റുകളിലൂടെ കൂടുതല്‍ അറിഞ്ഞു.
ഇടക്കൊക്കെ കഥയും ഒന്ന് പരീക്ഷിക്കൂ. :)
ആശംസകള്‍

{ ഹരി/സ്നേഹതീരം പോസ്റ്റ് } at: April 29, 2011 at 1:18 AM said...

കവിത നന്നായി.നമ്മുടെ ഭാവനകളും ചിന്തകളും വികാരങ്ങളും കവിതകളാവുമ്പോള്‍ വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ പരിമിതി
പലപ്പോഴും ഉണ്ടാവും.അതൊരു കുറ്റമായി ആരും കാണുന്നു
മില്ല.അതുകൊണ്ടുതന്നെ‘തോല്‍വിയായി‘കണക്കാക്കേണ്ടതി
ല്ല.
‘തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നുഭാഷയതപൂര്‍ണ്ണമിങ്ങഹോ!
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!’
എന്ന ‘നളിനി’യിലെ വരികള്‍ എല്ലാവര്‍ക്കും ബാധകമാണ
ല്ലൊ...തുടര്‍ന്നും എഴുതാന്‍ എല്ലാ ആശംസകളും നേരുന്നു-
റീ പോസ്റ്റ് വേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തോടെ...

{ Fousia R } at: April 29, 2011 at 2:38 AM said...

ബോധത്തിലബോധത്തില്‍ ഏത് നീലമേഘത്തിന്‍
പ്രിയദര്‍ശനം, മനസ്സാടുന്നൂ മയൂരമായ്?

{ റഈസ്‌ } at: April 29, 2011 at 3:40 AM said...

വായിച്ചു....നല്ല വരികള്‍ .....

{ കിങ്ങിണിക്കുട്ടി } at: April 30, 2011 at 3:09 AM said...

രീപോസ്റ്റ് കൂടുതൽ നന്നായി ചേചി

{ lekshmi. lachu } at: May 1, 2011 at 5:35 AM said...

കവിത വിലയിരുത്താന്‍ ഞാന്‍ ആളല്ല

{ ponmalakkaran | പൊന്മളക്കാരന്‍ } at: May 29, 2011 at 8:33 PM said...

കമന്ററുത്ത്,കമന്റിറുത്ത്, കൃഷ്ണാ നീ ബേഗനേ ബാറോ..

Post a Comment

Search This Blog