ഇരകള്‍

Monday, March 21, 2011 54 commentsഅങ്ങകലെ ചൂളം വിളികളുടെ മേളം,
             മരണം മണത്ത് കാട്ടാനക്കൂട്ടം....
 
റോഡരികില്‍ വിലാപം മറന്ന്
            ഉച്ച്വാസങ്ങള്‍ അമര്‍ത്തിയ ഇരകള്‍..

ഇരുളിന്‍റെ കാതുകളില്‍ കരിയിലയനക്കങ്ങള്‍..

ഭീമാകാരം പൂണ്ട നിഴലുകള്‍ക്കും
            മണ്ണിനുമിടയില്‍ ഉറവപൊട്ടുന്ന താളം.. 

താളക്കൊഴുപ്പില്‍ വേരറ്റുപോയ ബന്ധങ്ങള്‍..
            
ചെണ്ടക്കൊഴുപ്പില്‍ മുരടിച്ച ശിരോവേരുകള്‍..

പേപിടിച്ച കോലങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം
            അനാഥമാക്കപ്പെടുന്ന കാനനവീഥികള്‍..
 
വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍പ്പെടാത്ത
            പകല്‍ക്കളികള്‍ അന്തിയില്‍ തീരുന്ന
കൊച്ചുകുട്ടിയുടെ ദൈന്യത‍....

            ഇത്  മുത്തങ്ങ പറയാത്ത കഥ....
______________________________________

[ അന്യസംസ്ഥാനങ്ങളില്‍  നിന്നും  ലോറികളില്‍ കയറ്റി അയക്കപ്പെടുന്ന മാനസികരോഗികള്‍ മുത്തങ്ങയുടെ റോഡുകളില്‍ ഉപേക്ഷിക്കപ്പെടുന്നു....
തിരിച്ചറിവില്ലാതെ കാട്ടാനകളുടെ ചവിട്ടേറ്റ് പിടഞ്ഞു മരിക്കുന്നു ഈ പാവങ്ങള്‍ അറിയുന്നില്ല സ്വന്തം ബന്ധുക്കള്‍ തന്നെയാണ് അവര്‍ക്ക് ഇങ്ങനെയൊരു തീര്‍പ്പ്‌ കല്പിച്ചതെന്ന്....അല്പം പണത്തിനു വേണ്ടി ലോറിക്കാര്‍ നീചമായ ഈ പ്രവൃത്തി ചെയ്യുന്നു....
മരണത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത ഈ പാവങ്ങളെക്കുറിച്ചാണ് എന്‍റെ  കവിത...] 

വിടന്‍റെ ഭാര്യ

Saturday, March 12, 2011 62 comments


നിന്‍റെ  ഒഴുക്കു  നഷ്ടപ്പെട്ട  കാലുകളെന്‍റെ
നാഭിയിലമരുമ്പോള്‍ എനിക്കിപ്പോള്‍ 
നോവാറില്ല.....

എന്‍റെ  മുഖം നിന്‍റെ  കണ്ണുകളില്‍
അഗ്നിപടര്‍ത്തുന്നത് ഞാനിപ്പോള്‍ 
കണ്ടെന്നു നടിക്കാറില്ല....

എന്‍റെ  അധരങ്ങള്‍ നീ 
കൊത്തിവലിക്കുമ്പോള്‍  ഞാനതിന്‍റെ
കണക്കെടുപ്പു നടത്താറില്ല.......
 
തിണര്‍ത്തു  മായാതെ  കിടക്കുന്ന നിന്‍റെ
വിരല്‍പ്പാടുകളില്‍  ഞാനിപ്പോള്‍ 
ചായം  തേക്കാറില്ല........

എനിക്ക്  മുന്‍പില്‍  നീയവളുമായി
കിടയ്ക്ക പങ്കിടുമ്പോള്‍ ഞാനിന്ന്
കട്ടിളപ്പടിയില്‍ മുഖമമര്‍ത്തി തേങ്ങാറില്ല...

നീയെന്നെ പട്ടിയെന്നു വിളിക്കുമ്പോള്‍
ഞാനിന്ന് വാലാട്ടി കുരയ്ക്കാറില്ല....

നിന്‍റെ പട്ടികുഞ്ഞുങ്ങള്‍ തീറ്റ കിട്ടാതെ 
വിശന്നുമോങ്ങുമ്പോള്‍ ഞാനെന്‍റെ
പരാതിപ്പെട്ടി തുറക്കാറില്ല......

ഇന്നുമെന്‍റെ  കെട്ടുതാലി പൊട്ടിക്കാന്‍ 
നീ വരുമ്പോള്‍ നിന്‍റെ കാല്‍ക്കല്‍ തൊഴുതു
വീഴാന്‍  ഇനി  ഞാനുണ്ടാവില്ല
കൂടെ നിന്‍റെ പട്ടികുഞ്ഞുങ്ങളും......
_______________________________________________

Search This Blog