ബൂലോകത്തേക്കുള്ള വഴി

Sunday, February 27, 2011 64 comments



അശാന്തിയുടെ തീരങ്ങളില്‍ അസ്വസ്ഥമായ
          മനസ്സുമായ്‌ ഞാന്‍ ദൈവത്തെ കാത്തിരുന്നു..
വഴിപോക്കനായ്‌ വന്നത് ചെകുത്താനായിരുന്നു..
         ബൂലോകത്തേക്കുള്ള വഴി ആരാഞ്ഞപ്പോള്‍

 വിരലുകള്‍  നീട്ടി അവന്‍ ചിരിച്ചു...
         അതാണ്‌ എന്‍റെ ലോകം,എന്‍റെ ചെറിയ ലോകം,
അവിടെ എന്‍റെ തിന്മകളും നുണകളും 

         പിന്നെ  കുറച്ചു സത്യങ്ങളും മാത്രം....
ആകാശത്തേക്കുള്ള ഗോവണിച്ചോട്ടില്‍
         നിശാസുരഭികള്‍ പൂത്തിരുന്നു......
മനസിലെന്നും പൂക്കാലം നിറച്ച് ചെകുത്താന്‍റെ 

         മായക്കാഴ്ചകള്‍ ഇളകിയാടി.....
എന്‍റെ ശിഥിലചിന്തകളെ ഉണര്‍ത്തി ഒരു മഴപ്പക്ഷി

         വഴിമരത്തിലിരുന്ന് ആര്‍ദ്രമായ് പാടി...
നിറങ്ങളുടെ ലോകത്തെ കാക്കപ്പൊന്നിനെ 
         മറന്ന് ദൈവീകതേജസിന്‍റെ തരിവെട്ടം തേടി 
മിഴിനീര്‍ ചിന്താതെ  പ്രയാണം തുടര്‍ന്നു..
         വാടാമലരുകളായ് കുറിഞ്ഞിയും

കടലാസുപൂക്കളും വഴിനീളെ പൂത്തുലഞ്ഞു...
         സൂര്യകണമേറ്റ ചാലിയാറും ചെറുവാടിയും  
പോക്കുവെയിലായ് പുഞ്ചിരിച്ചു...
         കല്‍പ്പകന്‍ചേരിയും ബിലാത്തിപട്ടണവും
എച്മുവോട് ഉലകവും കടന്നപ്പോള്‍
         എരകപ്പുല്ല് തട്ടി കാലു മുറിഞ്ഞു....
കരിയിലയനക്കങ്ങളില്‍ കാച്ചറഗോടനും 

         പാമ്പള്ളിയും പേടിപ്പിച്ചു...
മീനടം മിത്തുകള്‍ സ്മൃതിയടഞ്ഞ 

         ജീവിതഗാനം മുളംതണ്ടിലൊതുക്കി...
മിഴിയോരം നനഞ്ഞു..മിഴിനീര്‍തുള്ളികള്‍ 

         തുടച്ച് തണല്‍ തേടി പാഞ്ഞു...
ആത്മവ്യഥകള്‍ ഈറന്‍ നിലാവില്‍ കുളിച്ചു....
         നിരക്ഷരന്‍റെ നട്ടപ്പിരാന്തുകള്‍ പിച്ചും 

പേയും പറഞ്ഞ് നിഴല്‍ വരകളിലൊളിച്ചു...
         ആയിരത്തിയൊന്നാംരാവില്‍ അകബലം 

അഗ്നിജ്വാലയായ്‌  ശ്രീ ചിത്രജാലകം 
         തുറന്നെന്‍റെ അക്ഷരച്ചിന്തുകൾ
ബൂലോക കടലാസ്സില്‍ ഇടം നേടി.... 
         ഋതു - കഥയുടെ വസന്തത്തില്‍ അവിടെ
ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ 

        ഏതോ ഉള്‍ക്കാഴ്ചയിലെന്നോണം 
ഞാനൊരു കുഞ്ഞുചിറകിനായ്‌ കൈകള്‍നീട്ടി...
        ജന്മസുകൃതമായ് എന്‍റെ കൈക്കുമ്പിളില്‍
നിറഞ്ഞത് ഒരായിരം കിളിത്തൂവലുകള്‍‍....

__________________________________________________________________

ചിത്രത്തിന് കടപ്പാട്  :  
kappilan.com
കൂടാതെ ഇതില്‍  പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ ബ്ലോഗുകളുടെയും [പേരുകള്‍] ഉടമകളോട് പ്രത്യേക നന്ദി അറിയിക്കുന്നു....


പിറവിയും മറവിയും....

Thursday, February 24, 2011 42 comments


പിറവി  ഉടുത്തൊരുങ്ങി 
             പുറത്തേയ്ക്കെത്താന്‍
പത്തു  വിനാഴിക
             മറനീക്കി പുറത്തെത്തിയ
മറവി  പിറവിയെ കാത്തു..
             ആദ്യ നിലവിളിയില്‍
ലയിച്ച് മറവി പിറവിയോടൊപ്പം
             അന്ത്യ ഞെരുക്കത്തില്‍
മറവിയെ  മറന്ന് പിറവി 
             യാത്രയായി......
______________________________________

ശേഷിപ്പുകള്‍

Thursday, February 17, 2011 42 comments




ഓര്‍മ്മകള്‍ക്കും ചിന്തകള്‍ക്കും മീതെ
         ഒരുപറ്റം  കടവാവലുകള്‍......
കൂട്  നഷ്ടപ്പെട്ട  മരങ്ങള്‍
         ഇലകളും ചില്ലകളും നഷ്ടപ്പെട്ട്..‌
പിറകെ   മാഞ്ഞുപോകുന്ന 
         തായ്ത്തടികളും
മാഞ്ഞുപോകുന്ന  വേരുകളും...
         മണ്‍പാകിയ അവശേഷിപ്പില്‍
നെയ്തിട്ടും  പണിതീരാത്ത 
         വലകള്‍.....
അടരാന്‍ വിസ്സമ്മതിച്ച് അങ്ങിങ്ങായ്
         മഞ്ഞുതുള്ളികള്‍.....
ഓര്‍മ്മകള്‍ക്കും  ചിന്തകള്‍ക്കും മീതെ
         പടരുന്ന ചിതല്‍പ്പുറ്റുകള്‍
മാഞ്ഞു  പോകുന്ന ബിംബങ്ങളില്‍
         ശേഷിപ്പായ്‌  മണ്‍ത്തരികള്‍...
______________________________________________

വീണ്ടും നീ...

Monday, February 14, 2011 49 comments


                           നിദ്ര മറന്ന രാവുകളില്‍
                        കൂട്ടായെത്തിയ വാക്കുകള്‍
                   പിറന്നുവീണ പുസ്തകത്താളില്‍
                            പലകുറി കോറിയിട്ടത്
                                    നിന്‍റെ  പേര്..
                         ചിതറിപ്പരന്ന  മഷിയില്‍ 
                     നിന്‍റെ പേരില്‍  മുനയൊടിച്ച 
                             തൂലികപ്പൊട്ടുകള്‍....
                        വെട്ടിയും   തിരുത്തിയും 
                             മായ്ക്കാനാവാതെ
                  വീണ്ടും നീയെന്‍റെ തൂലികത്തുമ്പില്‍
___________________________________________________

ഓസോണ്‍

Sunday, February 6, 2011 38 comments
         

മണ്ണിന്‍റെ കവിതകള്‍ മണക്കുമെന്‍ വഴികളില്‍
      മണ്ണും മരങ്ങളും പൂക്കളും പുഴകളും
 പറയുന്നതോ ഈ വിണ്ണിന്‍റെ ശോകം....
      ഇന്നിതാ ഇവിടെയീ നീരൊഴുക്കു വറ്റിയ
വരണ്ട വിളനിലങ്ങളും കലപ്പയുടെ
      കാതുകള്‍ മറന്നൊരിമ്പവും  ഉണര്‍വ്വിന്‍റെ
കാലം മറന്നു സുഷുപ്തിയിലാണ്ട  
      പൊന്മണികളും പിറക്കുവാന്‍ ആശിച്ചു 
നിറംമങ്ങിയ ചാപിള്ളകളുടെ കവിള്‍ത്തട-
     ങ്ങളിലെ  ഉണങ്ങിയ ഉപ്പുപാടങ്ങളുമെല്ലാം
തേടുന്നതോ വിണ്ണിന്‍റെ  കണ്ണീര്‍......
     നീര്‍തൊട്ടുതൊടാത്ത അസ്തമയസൂര്യന്‍റെ
അധരങ്ങള്‍ വിണ്ടുകീറിയ വേദനയില്‍
     വിടര്‍ന്നിട്ടും കൊഴിയാതെ  വിതുമ്പുന്നിതാ
ഓര്‍മ്മയുടെ നനുത്ത  മഴമേഘപൂക്കള്‍...
     ജിഹ്വതലപ്പുനീട്ടി ജലപാനം കൊതിക്കുമീ
മണ്ണിന്‍റെ  മരിക്കാത്ത  പുല്‍നാമ്പുകള്‍
     അഗ്നിഹോത്രം ചൊരിയവെ  വിണ്ണിന്‍റെ
ഹൃദയം വൃത്തംവെച്ച വൃണങ്ങള്‍ക്കുചുറ്റും
     പെയ്തിറങ്ങാത്ത കണ്ണീരിന്‍റെ കഥപറഞ്ഞു...
മണ്ണിന്‍റെ മക്കളുടെ വിലാപങ്ങളില്‍ കരിയട-
     ര്‍ന്ന  പുറംതൊലികളും പാപവിധിയേറ്റ
ജീവകോശങ്ങളും  തിരുത്താനാവാതെ
     പഴിക്കുന്നു സ്വയാര്‍ജ്ജിതകര്‍മ്മദോഷങ്ങളെ..
വെറുക്കുവാനാകുമോയീ  കരിമ്പടം പുതപ്പിച്ച
     ആധുനികജീവചരിത്രത്തെ മറക്കുവാനാകുമോ
നമുക്കീ വെട്ടിവീഴ്ത്തപ്പെട്ട  ജൈവമാതാക്കളെ..
     പാപമേ നിന്നെ മരണമെന്നോതി പഠിപ്പിച്ച
പൂര്‍വ്വികതേജസ്സുകളെ നമിക്കുന്നു ഞാനെന്നും...
_________________________________________________

Search This Blog