രോദനം

Monday, April 11, 2011



മുറിക്കോണില്‍ മയങ്ങുന്ന പൊന്നോമന..
ഒന്നുനോക്കി പാതിയടഞ്ഞ മിഴികള്‍..
പതിയെച്ചെന്നു വിരലുകളില്‍ കൈചേര്‍ത്തു..
തണുപ്പു കലര്‍ന്നൊരു  നോവ്‌.....
ചെവിവട്ടം പിടിച്ച് ഹൃദയത്തിലേക്കിറങ്ങി
നാഴികമണികള്‍ക്ക് നേരിയ വിറയല്‍...
ഒരു പിടച്ചിലില്‍ തുറന്ന മിഴികള്‍ക്ക്
അന്തിസൂര്യന്‍റെ കലങ്ങിയ ചുവപ്പ്...
വരണ്ട ചുണ്ടുകള്‍ പിളര്‍ത്തി
തളര്‍ന്ന വാക്കുകള്‍ അടുക്കി
അവന്‍ പയ്യെ പറഞ്ഞു....
 
കണ്ടോ അച്ഛാ !
വാവയ്ക്ക് വയ്യ..
ഉടുപ്പൂരീട്ടും മേല് നീറുന്നൂ..
കണ്ണാടി കണ്ടാ വാവയ്ക്ക് പേടിയാ..
എത്ര കുളിച്ചാലും നാറ്റം പോണില്ല..
കുട്ടികളൊന്നും കളിക്കാനും കൂട്ടില്ല..
എന്താ അച്ഛാ വാവയ്ക്ക്..?
മാറാത്ത വാവുവാണോ...?
ആരാ അച്ഛാ ഇതു തന്നത്...
ദൈവാണോ...?
അച്ഛാ !!..വാവയിപ്പോ മരിക്ക്യോ...??
വാവയ്ക്ക്  വയ്യ !!....

ഉമിനീര്‍ വറ്റി തൊണ്ടവരണ്ടുണങ്ങി
പിന്നിലേക്ക്‌ തെളിയുന്ന കാഴ്ചകള്‍...
അസ്ഥിയില്‍ തീര്‍ത്ത സമരപന്തലുകള്‍
ചുടുചോരയില്‍ മുക്കിയ ചെങ്കൊടികള്‍
പച്ചയും മഞ്ഞയും തൂവെള്ളയും
ആര്‍ക്കും വേണ്ടാതെ കറുപ്പ്....
ശ്വാസംപിടിച്ചും കൈകള്‍ചുരുട്ടിയും
ഉയര്‍ത്തിവിട്ട  വന്‍കോമരങ്ങള്‍..
യുദ്ധകാഹളങ്ങള്‍  ജയഭേരികള്‍..
നടുനിവര്‍ത്താതെ നേടിക്കൊടുത്ത വിജയം..
പകരം നിങ്ങള്‍ ഞങ്ങള്‍ക്കെന്തുതന്നു....
കരിഞ്ഞപുറംതൊലികളും ചീര്‍ത്തശിരസ്സുകളും
ഓരോ നെന്മണിയിലും തളര്‍ന്നുറഞ്ഞ വിശപ്പും..
വികൃതമാക്കപ്പെട്ടതെങ്കിലും 
ഞങ്ങള്‍ക്കുമില്ലേ നിങ്ങളെപ്പോലെ 
കൈകാലുകള്‍, കണ്ണുകള്‍ , ചുണ്ട്, മൂക്ക്....
സിരകളില്‍ പ്രവഹിക്കുന്നതും ഒരേ ചുവപ്പ്,
ചൂട്, ചൂര് , കാമനകള്‍ , നിഷ്ടകള്‍ എല്ലാമെല്ലാം..
പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു
വിലപിക്കാത്തത്.....
ഞങ്ങള്‍ക്കു വേണ്ടി വരും തലമുറകള്‍ക്കു 
വേണ്ടി നിനക്കിതൊന്ന്  അവസാനിപ്പിച്ചൂടെ......?
________________________________________________________



63 comments:

{ ajith } at: April 11, 2011 at 12:52 PM said...

മഞ്ഞുതുള്ളി ഇന്ന് നോവിച്ചു

{ വീകെ } at: April 11, 2011 at 12:57 PM said...

പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു
വിലപിക്കാത്തത്.....
ഞങ്ങള്‍ക്കു വേണ്ടി വരും തലമുറകള്‍ക്കു
വേണ്ടി നിനക്കിതൊന്ന് അവസാനിപ്പിച്ചൂടെ......?

കണ്ണൂള്ളവർ കാണട്ടേ...
കാതുള്ളവർ കേൾക്കട്ടേ...

{ അതിരുകള്‍/പുളിക്കല്‍ } at: April 11, 2011 at 12:59 PM said...

ജന്മ ജന്മാന്തരങ്ങളായി അനുഭവിക്കുന്ന ഈ എന്റോസള്‍ഫാന്‍ പ്രയോഗം ഒന്നു നിറുത്താന്‍ ഇനിയേതു കാലു പിടിക്കണം.ഹൃദയങ്ങള്‍ നുറുങ്ങുന്ന ഈ കാഴ്ചകളും രോദനങ്ങളും കണ്ടിട്ടൊന്നും മനസലിയാത്ത കാപാലികരെ കാണിക്കൂ ഒരല്പം ദയ.........കവിത വായിച്ചപ്പോള്‍ വല്ലാത്തൊരു നെഞ്ചിടിപ്പ്...

{ ente lokam } at: April 11, 2011 at 1:23 PM said...

ഒരു തിരഞ്ഞെടുപ്പ് വേദികളിലും ഈ
വിഷയം കേട്ടില്ല എന്ന് തോന്നുന്നു ..
വളര്‍ന്നു വരേണ്ട തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്യാന്‍ തയ്യാറില്ലാത്ത ഒരു
സമൂഹത്തോടുള്ള കുറിക്കു കൊളളുന്ന
ചോദ്യം .....ആശംസകള്‍ ....

{ ഹരി/സ്നേഹതീരം പോസ്റ്റ് } at: April 11, 2011 at 1:34 PM said...

ഇവിടെ ശിരസ്സും തൊലിയും ശരീരവും ചീര്‍ത്തുവരുമ്പോള്‍ എവിടെയൊക്കെയോ മടിശ്ശീലയും പണസഞ്ചിയും വീര്‍ത്തു
വരുന്നുണ്ട്.സമരപ്പന്തലുകളില്‍, നമ്മുടെ ശിഷ്ടദിനങ്ങള്‍
എണ്ണിത്തിട്ടപ്പെടുത്താന്‍ നമ്മളെ ഏല്‍പ്പിച്ച് അവര്‍ പോയി
ട്ടുണ്ട്-പുതിയ കണക്കുണ്ടാക്കാന്‍.ആരുടെയും കണക്കുകള്‍
പിഴയ്ക്കാതിരിക്കട്ടെ;ദൈവത്തിന്റെയും!

{ Sabu Hariharan } at: April 11, 2011 at 2:25 PM said...

വാവയ്ക്ക് വയ്യ !!....
അതു വരെ മതിയായിരുന്നു.
ശേഷം മൊത്തതിൽ കവിതയുടെ ശബ്ദം മാറി പോയി.
നല്ല എഴുത്ത്‌. അഭിനന്ദനങ്ങൾ.

{ Unknown } at: April 11, 2011 at 2:26 PM said...

കാലികം! നന്നായി അവതരിപ്പിച്ചു....!

{ - സോണി - } at: April 11, 2011 at 2:51 PM said...

ഹൃദയ സ്പര്‍ശിയായി.
എങ്കിലും ആദ്യ രണ്ടു ഭാഗങ്ങളില്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന് തോന്നി.

{ SHANAVAS } at: April 11, 2011 at 6:22 PM said...

ഇത്തവണ വളരെ കാര്‍ക്കശ്യമുള്ള വിഷയമാണല്ലോ തെരഞ്ഞെടുത്തത്.വളരെ വേദനയുളവാക്കുന്ന ഒരു വിഷയമാണ് ഇത്.അതേ തീവ്രതയോടെ അവതരിപ്പിച്ചു.പക്ഷെ എന്ത് ചെയ്യാം,കണ്ണ് തുറക്കാത്ത രാഷ്ട്രീയ ദൈവങ്ങളല്ലേ നമുക്കുള്ളത്.

{ Lipi Ranju } at: April 11, 2011 at 7:11 PM said...

ശരിക്കും വേദനിപ്പിച്ചുവെങ്കിലും
നന്നായിട്ടുണ്ട് മഞ്ഞുതുള്ളി ഈ പ്രതികരണം.
നമുക്കൊക്കെ പ്രതികരിക്കാനല്ലേ കഴിയൂ...
പ്രവര്‍ത്തിക്കേണ്ടവര്‍ അന്ധരായി പോയി !

{ grkaviyoor } at: April 11, 2011 at 8:31 PM said...

സമുഖത്തെ കാര്‍ന്നു തിന്നുന്ന ഇത്തിള്‍ കണ്ണികളാം
ഈ വക വിഷവസ്തുക്കള്‍ നിര്‍മ്മിച്ച്‌ പണം കൊയ്യുന്ന
ബുരാഷ്രട കുത്തകളും ചേര്‍ന്ന് നമ്മുടെ തന്നെ ആള്‍ക്കാര്‍
അച്ചാരം വാങ്ങി ഈ ക്രുരതക്ക് കുട്ടു നില്‍ക്കുന്നു
മഴനുലുകള്‍ അതിനെ തന്റെ കവിതയിലുടെ ലോക
നന്മക്കായി വിരല്‍ ചുണ്ടുന്നു ഒരു പുതിമയാര്‍ന്ന
ഭാവത്തിലുടെ കാര്യങ്ങള്‍ അവതരിപ്പിച്ചു കൊള്ളാം

{ മുകിൽ } at: April 11, 2011 at 8:37 PM said...

അസ്ഥിയില്‍ തീര്‍ത്ത സമരപന്തലുകള്‍, ഓരോ നെന്മണിയിലും തളര്‍ന്നുറഞ്ഞ വിശപ്പും.. ഇതെല്ലാം വളരെ നന്നായിരിക്കുന്നു. കവിത വിഷയത്തിന്റെ കഠിനതയെ ശരിയായി ആവാഹിക്കുന്നു. തുടർന്നും എഴുതുക. സസ്നേഹം.

{ ചക്രൂ } at: April 11, 2011 at 9:22 PM said...

വിഷമിപ്പിക്കുന്ന കവിത :(

{ the man to walk with } at: April 11, 2011 at 9:32 PM said...

കണ്ണീരില്‍ നിന്നും ഉപ്പു വേര്‍തിരിച്ചെടുത്തു വില്‍ക്കുന്ന സാങ്കേതിക വിദ്യ വരുന്നുണ്ട് .

കവിത നന്നായി ആശംസകള്‍

{ Echmukutty } at: April 11, 2011 at 9:37 PM said...

ഉത്തരമില്ലാത്ത ആരും കേൾക്കാത്ത ഒരു നിലവിളി.......

{ ആസാദ്‌ } at: April 11, 2011 at 10:30 PM said...

ആദ്യാവസാനമുള്ള ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് മതിയായി. വരികളില്‍ കുറച്ചു കൂടി തീവ്രത ആകാമായിരുന്നു എന്ന് തോനുന്നു. നല്ല ഒരു ഉദ്ധ്യമം! ആ മനസ്സിന് ഒരായിരം നന്ദി.. ആശംസകള്‍!

{ ചന്തു നായർ } at: April 11, 2011 at 10:55 PM said...

കണ്ണാടി കണ്ടാ വാവയ്ക്ക് പേടിയാ..
എത്ര കുളിച്ചാലും നാറ്റം പോണില്ല..പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തുവിലപിക്കാത്തത്.....ഞങ്ങള്‍ക്കു വേണ്ടി വരും തലമുറകള്‍ക്കു വേണ്ടി നിനക്കിതൊന്ന് അവസാനിപ്പിച്ചൂടെ......? ശക്തമായ വരികളിലൂടെ പ്രീയ ഇവിടെ ഒരു ജനകീയ കവി ആകുന്നു.. ബിംബങ്ങളൊ,കാലികസംഭവമോ,ഒന്നുതന്നെ പറയാതെ.. വായനക്കാർക്ക് എല്ലാം മനസ്സിലാകുന്നൂ..വായിച്ച് തീരുമ്പോൾ വേദനയോടൊപ്പം അമർഷത്തിന്റെ തീപ്പൊരികളും ചുറ്റിലും.. ഇതാവണം കവിത.ഇങ്ങനെ ആകണം കവിത..സമൂഹത്തിനു നെരേ പിടിക്കുന്ന കണ്ണാടിയാകണം കവിത...ഒരു പാട് പറയണ മെന്നുണ്ട് ..എങ്കിലും ഈ നല്ല കവിതക്ക് മുമ്പിൽ എന്റെ ശിരസ്സ് നമിക്കുന്നൂ...നന്ദിയുണ്ട് പ്രീയേ...ഒരായിരം നന്ദി...

{ ജയിംസ് സണ്ണി പാറ്റൂർ } at: April 11, 2011 at 11:08 PM said...

അതെ ഞാനും ചോദിക്കുന്നു. ഇതൊന്നവസാനി
പ്പിച്ചു കൂടെ. ഈ വിലാപം കേള്‍ക്കാന്‍ അധികാ
രത്തിന്റെ കര്‍ണ്ണങ്ങള്‍ ബധിരം.കണ്ണുകള്‍ക്കോ
കൊടും തിമിരം. കൈകളോ പണക്കൂമ്പാരത്തിനു
ള്ളില്‍.ചിന്തയിലോ സ്ത്രീഗന്ധം.

{ മൻസൂർ അബ്ദു ചെറുവാടി } at: April 11, 2011 at 11:36 PM said...

ആ ഫോട്ടോ കണ്ടിട്ട് സങ്കടാവുന്നു.
വരികളും.
നന്നായി

{ Unknown } at: April 11, 2011 at 11:57 PM said...

):

{ ഷബീര്‍ - തിരിച്ചിലാന്‍ } at: April 12, 2011 at 12:40 AM said...

ആരാ അച്ഛാ ഇതു തന്നത്...
ദൈവാണോ...? 'ആരുടേയും കണ്ണ് നനയിക്കുന്ന നിഷ്കളങ്കമായ ചോദ്യം... വല്ലതെ സ്പര്‍ശിച്ചു... മഞ്ഞുതുള്ളി ആയല്ല.. തീക്കനലായി...

mathrubhumi യുടെ പരസ്യം കണ്ടിട്ടുണ്ടോ എന്‍ഡോസള്‍ഫാനെതിരെ...? really touching... ഇതും...

{ MOIDEEN ANGADIMUGAR } at: April 12, 2011 at 12:41 AM said...

അന്ധരും,ബധിരരും,മൂകരുമാണു ഞാനും,നിങ്ങളും ലോകവും.

{ അനീസ } at: April 12, 2011 at 1:29 AM said...

എത്ര എഴുതിയാലും അതിന്റെ തീവ്രത നഷ്ട്ടപെടുന്നില്ല, ചെയ്തവര്‍ ആരോ, ബാലിയാടാകുന്നവര്‍ മറ്റാരോ, കഷ്ട്ടമുണ്ട്

{ എന്‍.പി മുനീര്‍ } at: April 12, 2011 at 1:35 AM said...

കാലികപ്രധാന്യമുള്ള കാര്യത്തിലേക്ക് കവിതയുടെ കാല്‍ വെയ്പ്.
മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിച്ചു വിലാപത്തിന്റെ ദൈന്യതയിലേക്ക്
ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞു.

{ ഭാനു കളരിക്കല്‍ } at: April 12, 2011 at 1:41 AM said...

കവിത എന്ന രീതിയില്‍ തോറ്റു പോയെങ്കിലും പ്രസക്തമായ പ്രതികരണം ആണെന്ന് പറയാതെ വയ്യ.
രാഷ്ട്രീയ കവിതകള്‍ എഴുതുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിഷയത്തിന്റെ മൂര്‍ച്ച നഷ്ടപ്പെടാതെ വായനക്കാരില്‍ എത്തിക്കുക എളുപ്പമല്ല.
ഇത്തരം വിഷയങ്ങള്‍ എഴുതുമ്പോള്‍ കാവ്യഭംഗി ചോര്‍ന്നു പോയേക്കാം. സ്വാഭാവികമാണ്.
കവിതയെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെ കൂട്ടിയ മനസ്സിന് എന്റെ അഭിവാദനം.

{ സീത* } at: April 12, 2011 at 2:32 AM said...

സ്വപ്നം കാണാൻ അവർക്കും അവകാശമില്ലേ...ജീവിക്കാൻ ഈ ഭൂമിയിൽ അവകാശം നിഷേധിക്കുമ്പോലെ ഈ വിഷം...ഹോ..ഇതിനെക്കുറിച്ചുയർന്ന കോലാഹലമൊക്കെ തെരെഞ്ഞെടുപ്പിന്റെ ചൂടിൽ കെട്ടടങ്ങിയെന്നു തോന്നുന്നു...നന്നായി ...നല്ല പ്രമേയം..

{ Thanal } at: April 12, 2011 at 2:33 AM said...

ദുഖകരം

{ സീത* } at: April 12, 2011 at 2:35 AM said...

ആനുകാലിക പ്രസക്തിയുള്ള കവിത...നല്ല പ്രമേയം...ഭൂമിയിൽ ജീവിക്കാൻ ഏവർക്കും അവകാശമുണ്ടെന്ന ലോക തത്വത്തെ വെല്ലു വിളിച്ചു കൊണ്ടാണു ഈ വിഷം നാശം വിതയ്ക്കുന്നത്..ഇതിനെക്കുറിച്ചുയർന്ന കോലാഹലങ്ങളൊക്കെ ഇപ്പൊ കെട്ടടങ്ങിയെന്നു തോന്നുന്നു...നന്നായി ട്ടോ...

{ ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com } at: April 12, 2011 at 3:30 AM said...

ഇത് മഴനൂലില്‍ കൊരുത്ത മഞ്ഞുത്തുള്ളികള്‍ അല്ല;
തുറന്നു വച്ച കണ്ണുകളില്‍ നിന്നുള്ള തീജ്വാലകള്‍ ആണ്

{ Akbar } at: April 12, 2011 at 4:18 AM said...

ഇതില്‍ കവിത ഞാന്‍ കണ്ടില്ല. ഞാന്‍ അനേഷിച്ചുമില്ല. അതിനേക്കാള്‍ ഏറെ അലോസരപ്പെടുത്തുന്ന ജീവിതങ്ങളെ കണ്മുമ്പില്‍ കൊണ്ട് വന്നു മഞ്ഞു തുള്ളി ഈ രചനയില്‍. മാരക വിഷത്തിന്റെ കെടുതികളില്‍ പകച്ചു പോയ ചൂഷിതരായ, പീഡിതരായ, നിസ്സഹായരായ ഒരു പറ്റം മനുഷ്യരുടെ കരങ്ങള്‍ പിടിച്ചുയുയര്‍ത്തി കവിത മനുഷ്യ മനസ്സാക്ഷിയോട് ചോദിക്കുന്നു.

ഇവര്‍ ആരാണ് ?.
ഇവരും നിങ്ങളെ പ്പോലെ മണ്ണില്‍ ജനിച്ച മനുഷ്യരല്ലേ ?
ഇവര്‍ക്ക് നരകം വിധിച്ചത് ഏതു കാട്ടു നീതിയുടെ അടിസ്ഥാനത്തിലാണ് ?

ഈ ചോദ്യം കവിതയുടെ വൃത്തങ്ങള്‍ക്ക് അപ്പുറത്തേക്ക് നീളുമ്പോള്‍ കവിത പ്രസക്തമാകുന്നു.

{ sreee } at: April 12, 2011 at 6:09 AM said...

"പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു
വിലപിക്കാത്തത്....." .

{ .. } at: April 12, 2011 at 6:37 AM said...

എല്ലാ സമരങ്ങള്‍ക്ക് ശേഷവും പലതും നേടുന്നു, അവയെ ഒറ്റുകൊടുക്കാന്‍, ആട്ടിന്‍തോലിട്ടവര്‍ അധികാരത്തിലെത്തുമ്പോള്‍ മത്സരിക്കുന്നു. നേട്ടങ്ങളില്‍ ഭൂരിഭാഗവും അങ്ങനെ ഒറ്റുകാരാല്‍ നഷ്ടപ്പെടുന്നതാണ് ചരിത്രം.

ഒരു അഭിവന്ദ്യ ബ്ലോഗര്‍ എന്‍ഡോസള്‍ഫാനും മറ്റു മാനവരാശിക്ക് എതിരായ കീടനാശിനികളും നിരോധിക്കുന്നതിനെതിരാണ്, പറയുന്ന കാരണം, ഇവിടെ കൃഷി നശിക്കുമത്രെ! അങ്ങേരോടൊക്കെ ഒരൊറ്റ ഇത്രേ പറയാനുള്ളു, “ഏടോ, താനൊക്കെ ഇവിടെ ബാക്കിയായിട്ടാകാം തനിക്ക് തിന്നാനുള്ളത് ഉണ്ടാക്കുന്നത്.”

കവിത വായിച്ചതിലിത്രേ ഇപ്പൊ പറയാനുള്ളു.

{ പട്ടേപ്പാടം റാംജി } at: April 12, 2011 at 6:38 AM said...

കണ്ണുനീര്‍ വറ്റിയ കരച്ചിലുകള്‍ ആര് കേള്‍ക്കാന്‍...

{ Muralee Mukundan , ബിലാത്തിപട്ടണം } at: April 12, 2011 at 7:26 AM said...

ഇതൊക്കെ അവസാനിപ്പിച്ചാൽ ഭരണത്തിൽ കേറാൻ എന്താ മാർഗ്ഗം അല്ലെ

{ TPShukooR } at: April 12, 2011 at 7:33 AM said...

ജനനത്തിനു മുമ്പ് തന്നെ മനുഷ്യരുടെ ക്രൂരതക്ക് ഇരയാവുന്ന അനേകജന്മങ്ങള്‍. എത്ര ഓര്‍ത്ത്തിരുന്നാലും ലാഭം കൊയ്യാനുള്ള പരക്കം പാച്ചിലില്‍ മനുഷ്യന്‍ പാര്‍ശ്വവല്കൃതരെ അവഗണിക്കുന്നു. അവരുടെ ചോര ഊറ്റിക്കുടിക്കുന്നു.

ഈ കവിതയ്ക്ക് നന്ദി. ആശംസകള്‍.

{ Sneha } at: April 12, 2011 at 8:19 AM said...

vedhana niranja varikal..thurakkaattha kannukal oru naalenkilum thurakkette..!

{ shabnaponnad } at: April 12, 2011 at 8:38 AM said...

സ്ഥാനമാനങ്ങൾക്ക് വേണ്ടി പരക്കം പായുമ്പോൾ
ആരു കാണുന്നു ആ കണ്ണുനീരും ചോദ്യവും.....

പ്രതികരിക്കാനല്ലെ നമുക്ക് കഴിയു.
കാണേണ്ടവർ അതു കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. ദൈവം തുണ.
അവതരണം നന്നായി.ആശംസകൾ

{ F A R I Z } at: April 12, 2011 at 10:10 AM said...

"കണ്ടോ അച്ഛാ !
വാവയ്ക്ക് വയ്യ..
ഉടുപ്പൂരീട്ടും മേല് നീറുന്നൂ..
കണ്ണാടി കണ്ടാ വാവയ്ക്ക് പേടിയാ..
എത്ര കുളിച്ചാലും നാറ്റം പോണില്ല..
കുട്ടികളൊന്നും കളിക്കാനും കൂട്ടില്ല..
എന്താ അച്ഛാ വാവയ്ക്ക്..?
മാറാത്ത വാവുവാണോ...?
ആരാ അച്ഛാ ഇതു തന്നത്...
ദൈവാണോ...?
അച്ഛാ !!..വാവയിപ്പോ മരിക്ക്യോ...??
വാവയ്ക്ക് വയ്യ !!...."

ഹൃദയം നൊമ്പരപ്പെടുത്തിയ വരികള്‍
കുഞ്ഞു വാവയ്ക്ക് അവന്‍റെടെ ദയനീയ
തയില്‍ സ്വയം ആ കുഞ്ഞു മനസ്സില്‍ തളിരിടുന്ന
വേദനയില്‍ നിന്നുയരുന്ന സംശയങ്ങളില്‍
നാമെന്തുതരം പറയും?

ഇവിടെ ആരു ആരോട് പരാതിപ്പെടണം? കണ്ണില്ലാത്ത
പിശാചു ക്കളാണോ നമ്മുടെ രാജ്യം ഭരിക്കുന്നത്? മാരകമായ
കീട നാശിനികള്‍, ഒരു ശാസ്ത്രീയ മാനദണ്ടവുമില്ലാതെ
ജനവാസ സ്ഥലങ്ങളില്‍ യാതൊരു സുരക്ഷ സംവിധാനവുമില്ലാതെ
പ്രയോഗിക്കപ്പെട്ടു, അതിന്‍റെ വിപത്തുകള്‍ കണ്ടിട്ടും
കണ്ണടച്ചിരുന്നു, ഒരു മനുഷ്യ തലമുറയുടെ കൂട്ട നാശത്തിനിടവരുത്തിയ
കാട്ടാള മനോഭാവമുള്ള , പരിഷ്കൃത ഭരണ സമൂഹമേ
കാണൂ ഒരുപ്രദേശത്തെ ജന്മ ദുരിതങ്ങള്‍ . ഇനിയെത്ര തലമുറ ഈ ദുരിതം അനുഭവിക്കണം, പിറന്നു വീഴുന്ന ഓരോ പിഞ്ചു ജന്മവും?

എന്ത് നെറികേടിലും ഭരണം കയ്യടക്കി കുടുംബ രാജ്യമാക്കി മാറ്റാനുള്ള
രാഷ്ട്രീയക്കാരുടെ പരക്കം പാച്ചിലും, മലക്കം മറിച്ചിലും. അത്
നേടിക്കഴിഞ്ഞാല്‍ അവരായി അവരുടെ പാടായി എന്ന നിലയിലുള്ള
സമൂഹത്തിന്റെ ചിന്താഗതിയിലും വേണം മാറ്റം. എന്ത് സംഭവിക്കുമ്പോഴും
അത് നമുക്കല്ല എന്നതോന്നലോടെയുള്ള ശുഷ്ക്കിച്ച മനസ്സാക്ഷിയോടെയുള്ള
സമൂഹ സമീപനം മാറിയില്ലെങ്കില്‍, ഇനിയും നാം എന്തൊക്കെ കാണേണ്ടിവരും,
അനുഭവിക്കേണ്ടി വരും?

എന്താ അച്ഛാ വാവയ്ക്ക്..?
മാറാത്ത വാവുവാണോ...?
കവിതയിലെ ഈ വരികള്‍ മാത്രം മതി.
ആ കുഞ്ഞു വാവയുടെ ഹൃദയം കണ്ടറിയാന്‍.
അത്ര മാത്രം തീവ്രമാണ്.

ഉണക്കചില്ലകളില്‍ തത്തിക്കളിക്കുന്ന കുഞ്ഞാറ്റ കളെ പോലെ
ഒരേ വിഷയത്തില്‍ നില്‍ക്കാതെ എല്ലാം നോക്കിക്കാണുന്ന
ഹൃദയത്തില്‍ അതൊരു നോവായി മാറ്റി, ആ നൊമ്പരങ്ങളില്‍
അലിഞ്ഞു ചേരുന്ന കാവ്യ ബോധം, ഒരു സാധാരണ
എഴുത്തുകാരിയുടെ ധാര്‍മ്മീക ബോധം മാത്രമല്ല
മറിച്ചു ഒരുത്തമ മനോഗതിയുടെ കാഴ്ച്ചപ്പാടുകൂടിയാണ്

തൊടുന്നതെന്തായാലും, അത് വായനക്കാരന് നല്‍കുന്ന വിലപ്പെട്ട അനുഭവാക്കി , അവതരിപ്പിക്കാന്‍ ഈ എഴുത്തുകാരിയുടെ കഴിവ് ശ്രദ്ദേയമാണ്,

പ്രതീക്ഷിക്കുന്നു. ഒരുപാട് ഇനിയും.
ഭാവുകങ്ങളോടെ,
---- ഫാരിസ്‌

{ Jenith Kachappilly } at: April 12, 2011 at 10:53 AM said...

ഇതിനെതിരെ എത്രയെത്ര പ്രക്ഷോഭങ്ങള്‍ എത്രയെത്ര മുന്നേറ്റങ്ങള്‍ എന്നിട്ടും...

ഒരു സാധാരണക്കാരനായ എനിക്ക് ചെയ്യാന്‍ കഴിയുന്നത്‌ ഒന്ന് മാത്രമേ ഉള്ളൂ "ഈ വിധിയെ നേരിടാനുള്ള ശക്തിയും ക്ഷമയും അവര്‍ക്ക് കൊടുക്കേണമേ... എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന മാത്രം...!!

പ്രാര്‍ത്ഥനകളോടെ
http://jenithakavisheshangal.blogspot.com/

{ Nisha Mathew } at: April 12, 2011 at 11:14 AM said...

കണ്ണുകളെ നനക്കുന്ന ഹൃദയ സ്പര്‍ശിയായ കവിത.വേദനിപ്പിക്കുന്ന വരികള്‍..നന്നായി ഇങ്ങനെ ഒരു പ്രതികരണം.

{ നികു കേച്ചേരി } at: April 13, 2011 at 3:09 AM said...

പ്രസ്ക്തമായ വിഷയം...
നല്ല സമീപനം...
ഭാവുകങ്ങൾ കവിക്കും
എൻഡോസൾഫാനെതിരെ പോരാടുന്നവർക്ക് അഭിവാദ്യങ്ങളും.

{ ishaqh ഇസ്‌ഹാക് } at: April 13, 2011 at 4:40 AM said...

കേള്‍ക്കാതെ പോകുന്ന എത്രനിലവിളികള്‍....!
കുറച്ചൊക്കെ വോട്ടാകും..

{ പഞ്ചാരകുട്ടന്‍ -malarvadiclub } at: April 14, 2011 at 1:22 AM said...

കവിതയെക്കാളും ഹൃദയ സ്പര്‍ശിയായി ചിത്രങ്ങള്‍

{ ജയരാജ്‌മുരുക്കുംപുഴ } at: April 14, 2011 at 4:35 AM said...

hridayam niranja vishu aashamsakal........

{ ഋതുസഞ്ജന } at: April 14, 2011 at 7:49 AM said...

നല്ല കവിത. ഒരുപാടിഷ്ടമായി. വേദനയിൽ പങ്കുചേരുന്നു, വേദന മനസ്സിലേക്ക് പടരുന്നു..

{ Arun Kumar Pillai } at: April 14, 2011 at 7:51 AM said...

:-( പാവം കുട്ടി.. വരും തലമുരകൾക്കു വേൺറ്റിയെങ്കിലും ഈ വിഷത്തെ നിരോധിച്ച് കൂടേ..

{ Manoraj } at: April 14, 2011 at 5:01 PM said...

കണികൊന്നകള്‍ പൂത്തുതളിര്‍ത്തു.
വിഷുപക്ഷികള്‍ ചിറകടിച്ചുയര്‍ന്നു.
പക്ഷെ...

അങ്ങുദൂരെ കശുമാവിന്‍ തോപ്പില്‍നിന്നു-
ണരുന്ന രോദനം മാത്രം കാതുകളില്‍ നിറഞ്ഞു.

{ Vayady } at: April 14, 2011 at 6:16 PM said...

കവിതയിലൂടെ ശക്തമായി പ്രതികരിച്ചതിനും, കാലികപ്രധാന്യമുള്ള വിഷയം തിരഞ്ഞെടുത്തതിനും എന്റെ അഭിനന്ദനം.

Anonymous at: April 15, 2011 at 12:15 AM said...

വേദനിപ്പിക്കുന്ന വരികൾ ചിത്രങ്ങളും !!!!!

{ Sidheek Thozhiyoor } at: April 15, 2011 at 1:13 AM said...

ചിത്രങ്ങള്‍ തന്നെ വലിയൊരു കഥ പറയന്നു...

{ Pradeep Kumar } at: April 15, 2011 at 2:43 AM said...

മനസ് ആര്‍ദ്രമായി.എവിടെയൊക്കെയോ മുറിഞ്ഞു നീറുന്നു.ആരോടൊക്കെയോ രോഷം പതഞ്ഞു പൊങ്ങുന്നു.പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു വിലപിക്കാത്തത്...എന്ന ചോദ്യത്തിനു മുന്നില്‍ ലജ്ജയോടെ പകച്ചു നില്‍ക്കുന്നു......അനുവാചകനെ ഈ രീതിയില്‍ അനുഭവിപ്പിക്കാന്‍ കഴിയുന്നത് തന്നെയാണ് നല്ല കവിതയുടെ ലക്ഷണം....അഭിനന്ദനങ്ങള്‍

{ A } at: April 15, 2011 at 12:59 PM said...

മഞ്ഞുതുള്ളിയുടെ മികച്ച രചനകളില്‍ ഒന്ന്. മനസ്സില്‍ തറഞ്ഞു പോകുന്ന വരികള്‍ .

{ സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) } at: April 16, 2011 at 10:31 AM said...

മഞ്ഞുതുള്ളിയുടെ ആശയം ഇഷ്ടപ്പെട്ടു....പക്ഷേ, കവിതയിലെ വരികള്‍ക്ക് മുന്‍ കവിതകളുടെ അത്രയും ഭംഗിപോരെന്ന് അഭിപ്രായം...ഇത് എന്റെ അഭിപ്രായമാണ്....

{ ജയരാജ്‌മുരുക്കുംപുഴ } at: April 18, 2011 at 5:17 AM said...

valare hridaya sparshi aayittundu...... aashamsakal....

{ AMBUJAKSHAN NAIR } at: April 18, 2011 at 5:52 PM said...

നല്ല കവിത

{ AMBUJAKSHAN NAIR } at: April 18, 2011 at 5:53 PM said...

നല്ല കവിത

{ Areekkodan | അരീക്കോടന്‍ } at: April 22, 2011 at 7:42 AM said...

കണ്ണൂള്ളവർ കാണട്ടേ...
കാതുള്ളവർ കേൾക്കട്ടേ...

{ ജീവി കരിവെള്ളൂർ } at: April 22, 2011 at 12:16 PM said...

കവിത എന്നതിലുപരി സാമൂഹിക പ്രശ്നത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നു എന്നതു തന്നെ വലിയ കാര്യം . ഇതൊക്കെ വനരോദനങ്ങളായി പൊലിഞ്ഞു പോകുന്നു എന്നത് ഒരു ദു:ഖസത്യം . ഇതൊക്കെ നിരോധിച്ച് കഴിഞ്ഞാല്‍ അടുത്ത പ്രാവശ്യം എന്ത് പറഞ്ഞ് വോട്ട് പിടിക്കും !!!

{ മഹേഷ്‌ വിജയന്‍ } at: April 27, 2011 at 2:52 AM said...

പ്രിയയെ പോലുള്ള, പ്രതികരണ ശേഷി ഇനിയും നഷ്ട്ടപ്പെട്ടിട്ടില്ലാത്ത ഒരുപിടി ആള്‍ക്കാര്‍ ബ്ലോഗില്‍ എങ്കിലും ഉണ്ട് എന്നത് സന്തോഷം പകരുന്ന കാര്യമാണ്...ഇത് പോലെ ഇനിയും പ്രിയമാര്‍ ഉണ്ടാകട്ടെ..
ഇവിടെ അടുത്ത വിപ്ലവത്തിന് തുടക്കം കുറിക്കുക തീര്‍ച്ചയായും ഇതുപോലുള്ള കുറെ എഴുത്തുകാര്‍ ആയിരിക്കും...ഇനിയും എഴുതുക..തളരാതെ എഴുതുക...

ഇന്നത്തെ പത്രവാര്‍ത്ത: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ഇന്ത്യ.
നമ്മുടെ ഒരു ഗതികേട്....

{ lishana } at: July 23, 2013 at 11:00 AM said...

:-(

{ MOIDEEN ANGADIMUGAR } at: July 23, 2013 at 4:06 PM said...

വരികൾ വേദനയോടെ വായിച്ചു.

{ സൗഗന്ധികം } at: July 25, 2013 at 2:59 AM said...

ഞങ്ങള്‍ക്കുമില്ലേ നിങ്ങളെപ്പോലെ
കൈകാലുകള്‍, കണ്ണുകള്‍ , ചുണ്ട്, മൂക്ക്....
സിരകളില്‍ പ്രവഹിക്കുന്നതും ഒരേ ചുവപ്പ്..

എല്ലാം ശരി തന്നെ.നിങ്ങളെയെല്ലാം ഞങ്ങൾക്കു വേണം.എന്തിനെന്നോ.? അധികാരത്തിന്റെ സുഖദസിംഹാസനത്തിലേക്ക് ഞങ്ങൾക്ക് അനായാസം നടന്നു
കയറാൻ.!ഞങ്ങളുടെ കൊടിക്കൂറകൾ വാനോളമുയർത്താൻ.!!അങ്ങനെ ഞങ്ങൾക്കായ് വെള്ളവും വളവുമാകാൻ..!!

വളരെ നല്ല കവിത

ശുഭാശംസകൾ...

{ AnuRaj.Ks } at: July 25, 2013 at 4:53 AM said...

ഭരണകൂടത്തിന്റെ നെറികേടിന് കോടതികളും കൂട്ടു നില്ക്കുകയാണല്ലോ....

Post a Comment

Search This Blog