മൗനം

Saturday, April 30, 2011 94 comments


             കാറ്റിനും 
        കോളിനുമപ്പുറം
   കൊള്ളിമീന്‍  പോലെ
       നിന്‍റെ  കണ്ണുകള്‍ 

           കാണാറുണ്ട്
  എന്നെ  നോക്കുമ്പോള്‍
        തുറിച്ചുന്തുന്നവ
  വിശപ്പു  പൂക്കുമ്പോള്‍
  വരണ്ട  ചുണ്ടുനുണച്ച്
     നീയെന്നെ  ഉരുമ്മും
   ഞാന്‍  ഓര്‍ക്കാറുണ്ട്
  ഇന്നു  നിന്‍റെ  ചട്ടിയില്‍
  ഒരു  മത്തിതല  പോലും
           ഇല്ലല്ലോ എന്ന്...

 ____________________

പ്രിയ സോപാനം

Monday, April 25, 2011 75 comments


മയൂരനടനം  വര്‍ഷമായി
          പ്രസൂനപാതം വസന്തമായി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഢക്ക കൊട്ടി തുയിലുണര്‍ത്തി

പീലി മലരായ്‌ കൂന്തല്‍ തേടി
          പവിഴഹാരം  വക്ത്രശോഭം
പ്രവാളവൃന്ദം  വേണുവൂതി
          ഗന്ധസാരം  ഗോപിയായി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി   രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം ചന്ദ്രലോലം
ഒഴിയവെ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കുമോ  പ്രിയനെനിക്കിനി
           കോടി  ജന്മം  കൂടി...
_________________________________________________

പ്രിയ സോപാനം -1

Saturday, April 23, 2011 2 comments



മയിലിറുത്തു   മഴയാക്കി
          പൂവിറുത്തു   പുഴയാക്കി
നീറ്റി  വീണ  കാലടിയില്‍
          ദേശം തേടി  തോറ്റം പാടി
കടഞ്ഞെടുത്ത പച്ചമണ്ണില്‍
          ചേര്‍ന്നുയര്‍ന്ന ചിത്രബിംബം 
ഘൃതം നിറച്ചു തിരി തെളിച്ചു
          ഡക്ക കൊട്ടി തുയിലുണര്‍ത്തി

മയിലിറുത്തു മുടിയില്‍ തിരുകി 
          പൂവിറുത്തു  മാലയാക്കി
മുളയിറുത്തു  വേണുവാക്കി
          ഗന്ധസാരം  ഗോപിയാക്കി 
ഗാഥ  പാടി  കരളുരുക്കി 
          തുളുമ്പി വീണ നീര്‍ക്കണങ്ങള്‍ 
കൃഷ്ണ കൃഷ്ണയെന്നു പാടി

          നീ  പകര്‍ന്ന  ജന്മമെല്ലാം
പ്രണയമേകി  രാധയാക്കി
          മടിയില്‍ കിടത്തി മോഹമേകി
മെയ്‌  മറന്നു  പ്രാണനേകി
          അര്‍ക്കതീഷ്ണം  ചന്ദ്രലോലം
ഒഴുകവേ  നിറയുന്ന പുണ്യം
          കൃഷ്ണവര്‍ണ്ണം  മാറിലേകി
നല്‍കീടുമോ  എനിക്കിനി 
           കോടി  ജന്മം  കൂടി...
__________________________

രോദനം

Monday, April 11, 2011 63 comments



മുറിക്കോണില്‍ മയങ്ങുന്ന പൊന്നോമന..
ഒന്നുനോക്കി പാതിയടഞ്ഞ മിഴികള്‍..
പതിയെച്ചെന്നു വിരലുകളില്‍ കൈചേര്‍ത്തു..
തണുപ്പു കലര്‍ന്നൊരു  നോവ്‌.....
ചെവിവട്ടം പിടിച്ച് ഹൃദയത്തിലേക്കിറങ്ങി
നാഴികമണികള്‍ക്ക് നേരിയ വിറയല്‍...
ഒരു പിടച്ചിലില്‍ തുറന്ന മിഴികള്‍ക്ക്
അന്തിസൂര്യന്‍റെ കലങ്ങിയ ചുവപ്പ്...
വരണ്ട ചുണ്ടുകള്‍ പിളര്‍ത്തി
തളര്‍ന്ന വാക്കുകള്‍ അടുക്കി
അവന്‍ പയ്യെ പറഞ്ഞു....
 
കണ്ടോ അച്ഛാ !
വാവയ്ക്ക് വയ്യ..
ഉടുപ്പൂരീട്ടും മേല് നീറുന്നൂ..
കണ്ണാടി കണ്ടാ വാവയ്ക്ക് പേടിയാ..
എത്ര കുളിച്ചാലും നാറ്റം പോണില്ല..
കുട്ടികളൊന്നും കളിക്കാനും കൂട്ടില്ല..
എന്താ അച്ഛാ വാവയ്ക്ക്..?
മാറാത്ത വാവുവാണോ...?
ആരാ അച്ഛാ ഇതു തന്നത്...
ദൈവാണോ...?
അച്ഛാ !!..വാവയിപ്പോ മരിക്ക്യോ...??
വാവയ്ക്ക്  വയ്യ !!....

ഉമിനീര്‍ വറ്റി തൊണ്ടവരണ്ടുണങ്ങി
പിന്നിലേക്ക്‌ തെളിയുന്ന കാഴ്ചകള്‍...
അസ്ഥിയില്‍ തീര്‍ത്ത സമരപന്തലുകള്‍
ചുടുചോരയില്‍ മുക്കിയ ചെങ്കൊടികള്‍
പച്ചയും മഞ്ഞയും തൂവെള്ളയും
ആര്‍ക്കും വേണ്ടാതെ കറുപ്പ്....
ശ്വാസംപിടിച്ചും കൈകള്‍ചുരുട്ടിയും
ഉയര്‍ത്തിവിട്ട  വന്‍കോമരങ്ങള്‍..
യുദ്ധകാഹളങ്ങള്‍  ജയഭേരികള്‍..
നടുനിവര്‍ത്താതെ നേടിക്കൊടുത്ത വിജയം..
പകരം നിങ്ങള്‍ ഞങ്ങള്‍ക്കെന്തുതന്നു....
കരിഞ്ഞപുറംതൊലികളും ചീര്‍ത്തശിരസ്സുകളും
ഓരോ നെന്മണിയിലും തളര്‍ന്നുറഞ്ഞ വിശപ്പും..
വികൃതമാക്കപ്പെട്ടതെങ്കിലും 
ഞങ്ങള്‍ക്കുമില്ലേ നിങ്ങളെപ്പോലെ 
കൈകാലുകള്‍, കണ്ണുകള്‍ , ചുണ്ട്, മൂക്ക്....
സിരകളില്‍ പ്രവഹിക്കുന്നതും ഒരേ ചുവപ്പ്,
ചൂട്, ചൂര് , കാമനകള്‍ , നിഷ്ടകള്‍ എല്ലാമെല്ലാം..
പിന്നെന്തേ മനുഷ്യാ നീ ഞങ്ങളെയോര്‍ത്തു
വിലപിക്കാത്തത്.....
ഞങ്ങള്‍ക്കു വേണ്ടി വരും തലമുറകള്‍ക്കു 
വേണ്ടി നിനക്കിതൊന്ന്  അവസാനിപ്പിച്ചൂടെ......?
________________________________________________________



നീയും ഞാനും നമ്മില്‍

Thursday, April 7, 2011 42 comments



സ്വപ്നജാലകം തുറന്നിളം 
            കാറ്റിനെന്‍
   മടിത്തട്ടില്‍ ഇടമേകി...
    പാതി മറഞ്ഞ മേനി‌ 

            തലോടി നീ
      പടര്‍ന്നൊഴുകും 
         പ്രണയമേകി..
കുളിര്‍പാതി വിരല്‍പാതി
            ശേഷിപ്പായ്‌ 

         ഞാന്‍ നിന്നില്‍..
വിടര്‍ന്നിട്ടും ഏറെ ദൂരെ,
           പടര്‍ന്നിട്ടും 

          പതിയാതെ,
മറന്നിട്ടും ഓര്‍മ്മകളില്‍
         സ്നേഹത്തിന്‍ 

           അലകളായ്‌..
നിന്നോടു പറയാനാവുമോ 

             മതിയെന്ന് 
നമുക്കിനി കാണാനാവുമോ 
            എന്നെന്നും...
________________________________

പ്രണയവും പുഴയും

Friday, April 1, 2011 55 comments



സുസ്മേരവദനയായ് തെന്നലായ്‌
അധരചുവപ്പില്‍ ചൊടിക്കുമുപ്പായ്‌
സന്ധ്യയുറങ്ങും നിന്‍മിഴികളാലെന്‍ 
തോണി നിന്നിലേക്കടിപ്പിച്ചു മെല്ലെ
ഉഷസ്സാം പൊന്‍പ്രഭ ചൊരിഞ്ഞു 
നീയെന്‍ മേച്ചില്‍പ്പുറങ്ങളില്‍ കൂടുകൂട്ടി...

പുല്ലുമേഞ്ഞ തെളിനീര്‍ത്തടങ്ങളില്‍ പുല്ലാങ്കുഴല്‍നാദം പൊഴിച്ചും,
പാതിരാവിലെ നേര്‍ത്തയിരുളിന്‍റെ മാറിലൊളിച്ചും മൌനമാര്‍ന്ന 
മിഴികളാലെത്ര കിനാക്കള്‍ 
നാം പകുത്തുനല്‍കി..

ശാന്തമായ്‌ ഞാനീ നിലാവിന്‍റെ മടിയിലെ പെയ്തൊഴിയാത്ത രാത്രിമഴയായ്
നിന്‍ പ്രണയനിസ്വനം കാതോര്‍ക്കവേ അന്നാദ്യമായ് നീയെന്‍റെ കാതിലോതി
പ്രണയം പുഴയെന്ന്...

പുഴതന്‍ കുളിര്‍മ്മ പടര്‍ന്നൊരെന്‍ 
ഹൃത്തില്‍ പിന്നീടെന്നോ വീണ്ടുമോതിനീ,
പുഴയൊഴുകുന്നു തടങ്ങളില്‍ നിന്നും തടങ്ങളിലേക്ക്....
നിന്നില്‍ നിന്നും നീയറിയാത്തയെന്‍
പുത്തന്‍തുരുത്തിലേക്ക്.......
ദിശമാറിയൊഴുകേണ്ടതനിവാര്യതയായ്..
കാലക്കുത്തൊഴുക്കില്‍ ഞാനുമിങ്ങനെയൊഴുകട്ടെ..
                                 പ്രണയപ്പുഴതന്‍ ജലസമൃദ്ധി ക്ഷയിക്കവെയെന്‍

നേത്രങ്ങള്‍ സജലങ്ങളായ്..
അറിയാത്ത കൈവഴികള്‍ താണ്ടി 
തുരുത്തില്‍ നിന്നും തുരുത്തിലേക്കൊഴുകുമെന്‍ അരുമയാം പുഴയെ നോക്കിക്കാണവെയെന്‍  നെടുവീര്‍പ്പുകള്‍ പരലുകളായ്‌.....
വായപിളര്‍ന്നിറ്റു ദാഹജലത്തിനായവ
പൊടിമണലില്‍ തുടിച്ചുതുള്ളി... 
_____________________________________________

Search This Blog