മറ്റൊരാള്‍

Thursday, June 9, 2011



തണല്‍മരങ്ങള്‍ക്കിടയില്‍ 
മറപറ്റി  നില്‍ക്കുമ്പോള്‍
ഒഥല്ലോ നിന്‍റെ  മനസ്സായിരുന്നെനിക്ക്..

എന്നിലെ  അര്‍ദ്ധപ്രാണന്‍റെ  സഞ്ചാരം 
തിരയുമ്പോള്‍  മണംപിടിച്ചെത്തുന്ന
ശ്വാനന്‍റെ  ജന്മമായിരുന്നെനിക്ക്..

അവളോടൊപ്പം വഴിനടന്ന വേളയിലെല്ലാം
എന്‍റെ ചിന്തകള്‍ക്ക് ചിറകരിഞ്ഞ
ദേശാടനക്കിളിയുടെ മരവിപ്പായിരുന്നു....

കാസിനോയിലെ  സായംസന്ധ്യകളില്‍ 
അവളുടെ പിഴയ്ക്കാത്ത ചുവടുകള്‍ക്കു 
മുന്‍പില്‍ അടിപതറാതെ  നില്‍ക്കുമ്പോഴും 
അന്തരംഗം പാകിയ വിത്തുകള്‍ക്കെല്ലാം
അപകര്‍ഷതയുടെ കയ്പ്പുണ്ടായിരുന്നു...

ഇനിയും ചികയാത്ത കാള്‍ലിസ്റ്റുകള്‍
ചാറ്റ്ഹിസ്റ്ററികള്‍ എന്‍റെ  ഉറക്കംകെടുത്തിയ
രാവൊന്നില്‍  തെളിഞ്ഞുവന്ന  ചിത്രത്തിന്
കാസ്സിസ്‌ നിന്‍റെ  മുഖമായിരുന്നു....

ചുളിവുനീക്കിയ കിടക്കവിരിയിലെ
കടുംചായപൂക്കള്‍ക്ക്
അന്ന് ചോരയുടെ ഗന്ധമായിരുന്നു.....

നഗ്നമായ പിന്‍കഴുത്തില്‍ അമര്‍ത്തിചുംബിച്ച്
പ്രണയം പകരുമ്പോള്‍ വന്യമായ 
ആവേശത്തിന്‍റെ  അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച  കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു...

ആട്ടംതീര്‍ത്ത്‌ അരങ്ങൊഴിയും നേരം 
മറയൊരുക്കിയ യവനികയ്ക്കപ്പുറം  
പിന്തുടര്‍ന്ന  കയ്യടികള്‍........, 
ഒഥല്ലോ  !...ഒഥല്ലോ !...എന്ന്‍ കൂവിയാര്‍ത്തു.....

പിന്‍വിളികള്‍  പറിച്ചെറിഞ്ഞ
തിരശ്ശീലക്കാഴ്ചകളില്‍  ഞാന്‍ കണ്ടത്
ശൂന്യമായ ഇരിപ്പിടങ്ങള്‍,
കനത്ത നിശബ്ദത, ജഡം കോച്ചുന്ന തണുപ്പ്......
എന്‍റെ  നിഴല്‍ചിത്രത്തിന് ശിരസ്സുണ്ടായിരുന്നില്ല.,
അത് മറ്റൊരാളുടേതായിരുന്നു...!!

_____________________________________________________________________

50 comments:

{ Unknown } at: June 9, 2011 at 11:10 PM said...

കവിത ഇഷ്ടമായി; അഭിനന്ദനങ്ങള്‍!
കവിതകളുടെ "എണ്ണം കുറച്ചു, വണ്ണം കൂട്ടിയാലോ..?"
എന്നെനിക്കൊരു അഭിപ്രായമുണ്ട്.

{ ചെകുത്താന്‍ } at: June 9, 2011 at 11:17 PM said...

എനിക്ക് എന്തൊക്കെയോ മനസ്സിലായി എന്നാല്‍ ചിലതൊന്നും മനസ്സിലായതുമില്ല :)))

{ ജന്മസുകൃതം } at: June 9, 2011 at 11:20 PM said...

നഗ്നമായ പിന്‍കഴുത്തില്‍ അമര്‍ത്തിചുംബിച്ച്
പ്രണയം പകരുമ്പോള്‍ വന്യമായ
ആവേശത്തിന്‍റെ അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു...



ചിരിച്ചു കൊണ്ട് കഴുത്ത്‌ അറക്കുന്നവര്‍ ....!!!
കവിത ഇഷ്ടമായി .....അഭിനന്ദനങ്ങള്‍

{ ശാന്ത കാവുമ്പായി } at: June 9, 2011 at 11:23 PM said...

എത്രപേർ ചേർന്നാലാണ് ഒരാളാവുക.

{ ചെറുത്* } at: June 9, 2011 at 11:44 PM said...

ഉം....ഒരു ചിത്രം തെളിഞ്ഞ് വരുന്നുണ്ട്
ഈ ദിവസങ്ങളിലെ ഏതെങ്കിലും പത്രവാര്‍ത്തയാണോ ഇതെഴുതാന്‍ പ്രചോദനം? ഒരു സാമ്യം.
ആണെങ്കില്‍ കവിത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് പറയാം.
അല്ലെങ്കില്‍......ചെറുത് സുല്ലിട്ടു :)

ആശംസകള്‍.

{ ചന്തു നായർ } at: June 9, 2011 at 11:51 PM said...

ഞാനൊളിപ്പിച്ച കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു... നല്ല വരികളിലൂടെയുള്ള സഞ്ചാരം....നന്നായി..അതെ ശാന്തകാവുമ്പായി പറഞ്ഞപോലെ..എത്രപേർ ചേർന്നാലാണ് ഒരാളാവുക. എല്ലാ ഭാവുകങ്ങളും

{ ജയിംസ് സണ്ണി പാറ്റൂർ } at: June 10, 2011 at 6:26 AM said...

ഇയാഗോ നീയാണിതു വായിക്കേണ്ടതു്
റോട്ടറിഗോ നിന്റെ കമന്റാണിവിടെ
ആഘോഷിക്കപ്പെടേണ്ടതു് ,എനിക്കൊന്നു
മിനിയാകില്ല, ഞാനോ ഒരൊഥല്ലോ

{ ponmalakkaran | പൊന്മളക്കാരന്‍ } at: June 10, 2011 at 6:27 AM said...

ഓ..... തലയില്ലാത്തത്.,

{ കലി } at: June 10, 2011 at 7:04 AM said...

നഗ്നമായ പിന്‍കഴുത്തില്‍ അമര്‍ത്തിചുംബിച്ച്
പ്രണയം പകരുമ്പോള്‍ വന്യമായ
ആവേശത്തിന്‍റെ അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു...

ജീവിതം അങ്ങനെ തന്നെ ആണ്. നന്നായി, ആശംസകള്‍

{ കൊമ്പന്‍ } at: June 10, 2011 at 8:45 AM said...

ഈ കവിതയിലെ ഒതല്ലോക്ക് നെഞ്ഞിലേക്ക് കത്തി കുത്തി ഇറക്കിയ ഒതല്ലയുമായി വല്ല ഭന്ധവും ഉണ്ടോ?

{ Unknown } at: June 10, 2011 at 8:50 AM said...

മുഴുവനായും പിടികിട്ടീല്ലാ :)
കവിത ഒന്ന്, പഴയതിലധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാതെ വയ്യ.

{ സങ്കൽ‌പ്പങ്ങൾ } at: June 10, 2011 at 8:57 AM said...

അഴിക്കും തോറും മുറുകുന്നതാണ് ജീവിതം.

{ mizhiyoram } at: June 10, 2011 at 9:02 AM said...

അറിയുന്നവര്‍ അഭിപ്രായം പറയട്ടെ.
അറിയാത്തവര്‍ അഭിനന്ദനങ്ങളും.

{ Fousia R } at: June 10, 2011 at 9:45 AM said...

"ആവേശത്തിന്‍റെ അമൂര്‍ത്തഭാവങ്ങളില്‍
ഞാനൊളിപ്പിച്ച കഠാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു..."
ഉള്ളിലേക്കുള്ള വഴി എന്നും വേദനയുടേതാകുന്നു

{ പട്ടേപ്പാടം റാംജി } at: June 10, 2011 at 9:51 AM said...

നല്ല വായന
അതിനപ്പുറത്തെക്ക് അറിയില്ല.

{ ajith } at: June 10, 2011 at 10:12 AM said...

ഒത്തല്ലോ..ഒത്തല്ലോ
കവിത ഒത്തല്ലോ!!!

{ Manoraj } at: June 10, 2011 at 10:28 AM said...

ഒഥല്ലോയും ഇയാഗോയും ഡെസ്റ്റിമോണയും എല്ലാം മനസ്സില്‍ വന്നു നിരന്നു. നല്ല രചന.

{ A } at: June 10, 2011 at 10:36 AM said...

"ജഡം കോച്ചുന്ന തണുപ്പ്" ഈ പ്രയോഗത്തില്‍ ഒരു ക്ലീഷേ ബ്രേക്ക്‌ ചെയ്തത് ബോധിച്ചു. പ്രണയം പങ്കുവെയ്ക്കപ്പെടുമ്പോള്‍ പ്രതികാരം കഠാര തേടുന്നു. തീഷ്ണമായി തന്നെ കുറിച്ചിട്ടു.

{ ishaqh ഇസ്‌ഹാക് } at: June 10, 2011 at 10:48 AM said...

മറവില്‍ തിരിവ് സൂക്ഷിക്കുക..!

{ Ismail Chemmad } at: June 10, 2011 at 10:49 AM said...

ചില കാലിക സംഭവങ്ങളുമായി ചേര്‍ത്തു വെച്ച് കവിതവായിക്കുമ്പോള്‍ .........
കവിത ശരിക്കും സമയോചിതം

{ MOIDEEN ANGADIMUGAR } at: June 10, 2011 at 11:05 AM said...

കാസിനോയിലെ സായംസന്ധ്യകളില്‍
അവളുടെ പിഴയ്ക്കാത്ത ചുവടുകള്‍ക്കു
മുന്‍പില്‍ അടിപതറാതെ നില്‍ക്കുമ്പോഴും
അന്തരംഗം പാകിയ വിത്തുകള്‍ക്കെല്ലാം
അപകര്‍ഷതയുടെ കയ്പ്പുണ്ടായിരുന്നു...

{ നിരീക്ഷകന്‍ } at: June 10, 2011 at 11:44 AM said...

"എന്‍റെ നിഴല്‍ചിത്രത്തിന് ശിരസ്സുണ്ടായിരുന്നില്ല."
എന്നതിനു കാരണങ്ങള്‍ മുകളില്‍ പറയുന്നുണ്ട് ...

"അത് മറ്റൊരാളുടേതായിരുന്നു...!!"
എന്നതിന് ന്യായീകരണം വരികളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

{ ente lokam } at: June 10, 2011 at 1:08 PM said...

പാവം കാസിസ് . അവന്‍ തെറ്റുകാരനല്ലല്ലോ ..
ഒന്നോര്‍ത്താല്‍ തെറ്റിധരിപ്പിക്കപെട്ട ഒഥല്ലോയും ...

അതെ തിരശീലക്കു പിന്നില്‍ കയ്യടിച്ച
നിഴുലുകളുടെ ആരവം കേട്ടു പ്രിയതമയെ
ചുംബിച്ചു കാലപുരിക്ക് അയച്ച ഒഥല്ലോമാരുടെ
'കറുത്ത' ജീവിതം ഇന്നും ആവര്‍ത്തിക്കുക ആണ്‌.


വളരെ മനോഹരം ആയ ഒരു താരതമ്യം ..
പഴകിയ കൈലെസ്സില്‍ നിന്നും പുതിയ sms
കളും ചാറ്റുകളും ചരിത്രം തിരുത്തി കുറിക്കുന്നു ..
കഥാ പാത്രങ്ങള്‍ അന്നും ഇന്നും വേദിയില്‍
ഒന്ന് തന്നെ ..അഭിനന്ദനങ്ങള്‍ പ്രിയ ...നല്ല
ഭാവന ....

{ Sidheek Thozhiyoor } at: June 10, 2011 at 1:43 PM said...

ഊരാക്കുടുക്കുകള്‍ .

{ Vayady } at: June 10, 2011 at 5:14 PM said...

ആശംസകള്‍ മനോഹരമായ ഈ കവിതക്കും പ്രിയക്കും.

{ (കൊലുസ്) } at: June 10, 2011 at 8:37 PM said...

കവിത നന്നായിന്നു പറയാനാ ഇഷ്ട്ടം. കുറച്ചേ മനസ്സിലായുള്ളൂകേട്ടോ. ലാസ്റ്റ്‌ വരികള്‍ കൂടുതല്‍ സ്ട്രോങ്ങ്‌ ആയിത്തോന്നി.

{ Echmukutty } at: June 10, 2011 at 10:35 PM said...

ഈ ഭാവനയ്ക്ക് നമസ്ക്കാരം!

{ സീത* } at: June 11, 2011 at 12:15 AM said...

ഒഥല്ലോയും ഇയാഗോയുമൊക്കെ മനസ്സിൽ നിറഞ്ഞു..തെറ്റിദ്ധാരണയുടെ പേരിൽ ജീവൻ നഷ്ടപ്പെട്ട ഡെസ്ഡിമോണയും..ഇവിടെ അരങ്ങിൽ നാടകം ആവർത്തിച്ചോ??

{ kazhchakkaran } at: June 11, 2011 at 2:31 AM said...

എന്‍റെ നിഴല്‍ചിത്രത്തിന് ശിരസ്സുണ്ടായിരുന്നില്ല.,
അത് മറ്റൊരാളുടേതായിരുന്നു...!!


നന്നായിരിക്കുന്നു.. വീണ്ടും ബ്ലോഗ്ലിങ്ങിലേക്ക് വരുന്നു എന്നറിഞ്ഞതിൽ സന്തോഷം

{ SHANAVAS } at: June 11, 2011 at 2:49 AM said...

....ആവേശത്തിന്റെ അമൂര്‍ത്ത ഭാവങ്ങളില്‍
ഞാനൊളിപ്പിച്ച കടാരയ്ക്ക് അവളുടെ
ഹൃദയത്തിലേക്കുള്ള വഴി നിശ്ചയമായിരുന്നു.....
സ്വപ്നതുല്യം ആയ വരികള്‍ .... ആശംസകളുണ്ടേ......

{ Raveena Raveendran } at: June 11, 2011 at 5:52 AM said...

തണല്‍മരങ്ങള്‍ക്കിടയില്‍
മറപറ്റി നില്‍ക്കുമ്പോള്‍
ഒഥല്ലോ നിന്‍റെ മനസ്സായിരുന്നെനിക്ക്..

എന്നിലെ അര്‍ദ്ധപ്രാണന്‍റെ സഞ്ചാരം
തിരയുമ്പോള്‍ മണംപിടിച്ചെത്തുന്ന
ശ്വാനന്‍റെ ജന്മമായിരുന്നെനിക്ക്..
തുടക്കം വളരെയിഷ്ടമായി

{ sm sadique } at: June 11, 2011 at 7:05 AM said...

അഴിയാകുരുക്കിൽ അമർന്ന ശിരസ്സുയർത്തുമ്പോൾ, എന്നിൽ കവിത ഇല്ലായിരുന്നു; ...

{ കെ.എം. റഷീദ് } at: June 11, 2011 at 7:33 AM said...

പ്രിയയുടെ നല്ല കവിതകളില്‍ ഒന്ന്
ആശയവും വരികളും ഹൃദ്യം
ഇനിയും ഏഴുതുക
ആശംസകള്‍

{ UNFATHOMABLE OCEAN! } at: June 11, 2011 at 8:59 AM said...

കവിത നന്നായിട്ടുണ്ട്....

ആശംസകള്‍

{ ഷബീര്‍ - തിരിച്ചിലാന്‍ } at: June 12, 2011 at 2:17 AM said...

നല്ല വായന.. നന്ദിയും ഒപ്പം ആശംസകളും...

{ Noushad Koodaranhi } at: June 12, 2011 at 4:27 AM said...

നന്നായിരിക്കുന്നു പ്രിയാ....ആശംസകള്‍....

{ Muralee Mukundan , ബിലാത്തിപട്ടണം } at: June 12, 2011 at 5:40 AM said...

കാസിനോയിലെ സായംസന്ധ്യകളില്‍
അവളുടെ പിഴയ്ക്കാത്ത ചുവടുകള്‍ക്കു
മുന്‍പില്‍ അടിപതറാതെ നില്‍ക്കുമ്പോഴും
അന്തരംഗം പാകിയ വിത്തുകള്‍ക്കെല്ലാം
അപകര്‍ഷതയുടെ കയ്പ്പുണ്ടായിരുന്നു...

ഏവർക്കുമുണ്ടാകുമല്ലോ ഇത്തരം സന്ദർഭങ്ങളിൽ ഈ അപകർഷതാബോധം..അല്ലേ

{ Lipi Ranju } at: June 12, 2011 at 2:58 PM said...

ഈ ഭാവന ഇഷ്ടായി പ്രിയാ.... അഭിനന്ദനങ്ങള്‍...

{ ബെഞ്ചാലി } at: June 12, 2011 at 10:09 PM said...

നന്നായിരിക്കുന്നു
ആശംസകള്‍....

{ മിഴി } at: June 12, 2011 at 10:16 PM said...

നന്നായി ഈ രചന

{ Kalavallabhan } at: June 12, 2011 at 11:01 PM said...

ഞാന്‍ കണ്ടത്
ശൂന്യമായ ഇരിപ്പിടങ്ങള്‍

{ Sandeep.A.K } at: June 13, 2011 at 1:28 AM said...

ഇത് കലക്കി ട്ടോ പ്രിയ.. ഒഥെല്ലോ മനസ്സില്‍ ആവാഹിച്ചെടുത്തൂ..

{ Unknown } at: June 13, 2011 at 6:12 AM said...

പുരോഗതിയുണ്ട് ...കൊള്ളാം

{ നാമൂസ് } at: June 13, 2011 at 7:30 AM said...

അവസാന വരികളുടെ താത്പര്യം 'ഞാന്‍' ഞാനല്ലാതായി എന്നോ//?

{ nishad melepparambil } at: June 13, 2011 at 9:17 PM said...

bhavana kollam ...

{ grkaviyoor } at: June 14, 2011 at 5:12 AM said...

പ്രിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അഗലെയ കഥാ പത്രത്തിന്‍ ചുറ്റുപാടുകള്‍ തേടി കവിതയുടെ പ്രയാണം വേറൊരു ദിശയിലേക്കു നീങ്ങുന്നു വല്ലോ കൊള്ളാം

{ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു } at: June 14, 2011 at 8:06 PM said...

ഭാവന നന്നായിട്ടുണ്ട്. പ്രിയ ഒരു ബുദ്ധിജീവി കവിയായി മാറിക്കൊണ്ടിരിക്കുന്നു. :-) ആശംസകള്‍!!

{ CYRILS.ART.COM } at: June 16, 2011 at 1:01 PM said...

നന്നായി എഴുതിയിരിക്കുന്നു.അഭിനന്ദനങ്ങൾ.ഭ്രമാത്മകതയിലേയ്ക്ക് കൊണ്ടുപോയത് നല്ല വഴികളിൽ കൂടിത്തന്നെയാണ്.ഭംഗം വരാതെ പറഞ്ഞിരിക്കുന്നു. നന്ദി.

{ ആസാദ്‌ } at: June 23, 2011 at 7:04 AM said...

"ഞാനവളെ കൊന്നു, ഇതാ ഇങ്ങിനെ.." ഒഥല്ലോയെ ഒന്ന് കൂടി പറഞ്ഞു തന്നതിന് നന്ദി. ചിറകരിഞ്ഞ ദേശാടന പക്ഷിക്ക് മരവിപ്പായിരിക്കുമോ അതോ അടങ്ങാത്ത ദാഹമായിരിക്കുമോ? ആ അറിയില്ല. ഞാന്‍ സുല്ലിട്ടു. നന്നായിരിക്കുന്നു എന്ന് പറയാന്‍ സന്തോഷമുണ്ട്. ആശംസകള്‍.

{ Jenith Kachappilly } at: July 23, 2011 at 5:21 AM said...

ഹും മുഴുവനായും മനസിലായില്ല ട്ടോ. എന്നിരുന്നാലും പതിവു പോലെ ഇതും ഞാന്‍ മുഴുവന്‍ വായിച്ചു. കാരണം വാക്കുകളും വരികളും അത്രയ്ക്ക് ശ്കതമാണ് ഒപ്പം താളാത്മകവും...

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

Post a Comment

Search This Blog