തൂലിക താളില്‍ തൊട്ടപ്പോള്‍
എന്‍റെ പേനതുമ്പിലെ മഷി വറ്റി...
ചായക്കൂട്ടെടുത്ത് ക്യാന്‍വാസില്‍
പകര്‍ന്നപ്പോള്‍ അവയ്ക്കെല്ലാം
ജലവര്‍ണ്ണമായിരുന്നു...
നിന്‍റെ ശില്‍പം തീര്‍ക്കാന്‍ കൊതിച്ചു ,
കുഴച്ചെടുത്ത കളിമണ്‍ രൂപത്തിന്
കൈകാലുകള്‍ അന്യമായിരുന്നു...
സിമെന്റും കമ്പിയും ഉപയോഗിച്ചപ്പോള്‍
അവയ്ക്ക് കെട്ടിടഛായ കൈവന്നു..
ഞാന്‍ തോറ്റില്ല , നിന്‍റെ രൂപം
മരത്തില്‍ കൊത്താന്‍ തുടങ്ങി
ചീളുകളില്‍ ചോരപൊടിഞ്ഞതു
കണ്ട് എന്‍റെ വിരലുകള്‍ മരവിച്ചു...
പിന്നെയും നിന്‍റെ രൂപം ,
കല്ലില്‍ കൊത്താന്‍ തുടങ്ങി
ഉളിതട്ടിയെന്‍റെ ഉള്ളംകൈ മുറിഞ്ഞു..
ദുഖം താങ്ങാനാവാതെ
ഞാന്‍ കരഞ്ഞു,വിമ്മിവിമ്മിക്കരഞ്ഞു...
നൊമ്പരപാച്ചിലില്‍
പുറത്തേയ്ക്കൊഴുകിയെത്തിയ
നീര്‍ക്കണങ്ങള്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ
താളമുണ്ടായിരുന്നു...
അകക്കണ്ണ് തുറന്ന് ഹൃദയത്തിലേക്ക്
നോക്കിയപ്പോള്‍ അവയ്ക്ക്
നിന്‍റെ രൂപമായിരുന്നു...,
അവയില്‍ തെളിഞ്ഞത് ആരും
പകര്‍ത്താത്ത നിന്‍റെ ചിത്രമായിരുന്നു.....
-------------------------------------------------------------------