പനിനീർചുവപ്പ്

Wednesday, January 9, 2013 75 comments



അമ്മ ചിരിക്കാറുണ്ട്...
മുറ്റത്ത്‌ അച്ഛന്‍ നട്ട പനിനീര്‍ പൂക്കുമ്പോള്‍,
പനിനീര്‍കാമ്പിനുള്ളില്‍ തിളങ്ങുന്ന 
അച്ഛന്‍റെ കണ്ണുകള്‍ അമ്മയോട്
കിന്നാരം പറയാറുണ്ട്..
വെയിലായാലും മഴയായാലും 
അമ്മ കുടയെടുത്തു പായാറുണ്ട്,
തലവിയര്‍ത്താല്‍ അച്ഛനു 
ജലദോഷം വരുമത്രേ...

അച്ഛന്‍റെ ഇഷ്ടം 
അച്ഛന്‍റെ പാകം 
അമ്മയുടെ കറികള്‍ക്ക് 
അച്ഛന്‍റെ രുചി...

ഇരുള്‍ കനക്കുമ്പോള്‍ അമ്മയ്ക്ക് ആധിയാണ് 
നീണ്ടകലുന്ന പന്തങ്ങള്‍ നോക്കി അമ്മ
തൂണോടുതൂണായ് തറഞ്ഞുനിൽക്കും
അച്ഛനിട്ട നാക്കില ചുരുട്ടുമ്പോള്‍ അമ്മയുടെ 
കണ്ണുകള്‍ ഇടമുറിയാതെ പെയ്യും...
വര്‍ഷവും വസന്തവുമെല്ലാം അമ്മയ്ക്ക് 
ഒരുപോലെ...

അമ്മയുടെ കാലുകള്‍ ചങ്ങലയ്ക്കിട്ടപ്പോള്‍ 
അമ്മാമ പറഞ്ഞു
ബാക്കിയുള്ളോര്‍ക്ക് ജീവിക്കണ്ടേ..
പിന്നീടൊരിക്കലും അമ്മ കരഞ്ഞില്ല 
ചിരിച്ചില്ല.... 

ജാലകപ്പടിയില്‍ പനിനീര്‍ പൂക്കുന്നതും
നോക്കി അമ്മയിരുന്നു......
അപ്പോഴെല്ലാം അമ്മയുടെ കണ്ണുകള്‍ക്ക്‌ 
പനിനീര്‍ ചുവപ്പായിരുന്നു...
_________________________________________________

Search This Blog